ദല്‍ഹിയില്‍ രണ്ട് ദിവസങ്ങളിലായി ചേര്‍ന്ന ബിജെപി ദേശീയ നിര്‍വാഹക സമിതി യോഗം അതിലെ തീരുമാനങ്ങളും പ്രഖ്യാപനങ്ങളുംകൊണ്ട് രാജ്യത്തിന്റെ മുഴുവന്‍ ശ്രദ്ധയാകര്‍ഷിക്കുകയുണ്ടായി. എട്ട് വര്‍ഷമായി രാജ്യം ഭരിച്ചുകൊണ്ടിരിക്കുന്ന പാര്‍ട്ടിയെന്ന നിലയ്ക്ക് കൂടുതല്‍ ഉത്തരവാദിത്വങ്ങള്‍ ഏറ്റെടുത്ത് മുഴുവന്‍ ജനങ്ങളിലേക്കും എത്തിച്ചേരാനുള്ള ബിജെപിയുടെ ദൃഢനിശ്ചയവും താല്‍പ്പര്യവും പ്രതിഫലിപ്പിക്കുന്നതായിരുന്നു യോഗത്തില്‍ നടന്ന ചര്‍ച്ചകളും പ്രസംഗങ്ങളും. ഈ വര്‍ഷം നടക്കാനിരിക്കുന്ന ഒന്‍പത് നിയമസഭാ തെരഞ്ഞെടുപ്പുകളിലും, അടുത്തവര്‍ഷം നടക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പിലും വിജയിക്കാന്‍ സമ്പൂര്‍ണമായ പ്രതിബദ്ധതയോടെ പ്രവര്‍ത്തിക്കണമെന്ന് ദേശീയ അധ്യക്ഷന്‍ ജെ.പി. നദ്ദ ആദ്യ ദിവസം നടത്തിയ ആഹ്വാനം ഹര്‍ഷാരവത്തോടെയാണ് പ്രതിനിധികള്‍ ഉള്‍ക്കൊണ്ടത്. ഒരു സംസ്ഥാനത്തും ബിജെപി പരാജയപ്പെടാന്‍ പാടില്ലെന്നും, തുടര്‍ച്ചയായി ഏഴാമതും ചരിത്രപരമായ വിജയം നേടിയ ഗുജറാത്തിനെ മാതൃകയാക്കണമെന്നും നദ്ദ ആവശ്യപ്പെട്ടത് വലിയ ആവേശമാണ് പ്രതിനിധികളില്‍ നിറച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദി തെരഞ്ഞെടുപ്പിനെ മുന്നില്‍ നിന്ന് നയിച്ചപ്പോള്‍ സംസ്ഥാന ഘടകവും നേതാക്കളും പ്രവര്‍ത്തകരും ബൂത്ത് തലത്തില്‍ കഠിനമായി പ്രവര്‍ത്തിക്കുകയായിരുന്നുവെന്നും നദ്ദ ചൂണ്ടിക്കാട്ടി. ഗുജറാത്തില്‍ തിളങ്ങുന്ന വിജയം സമ്മാനിച്ച ഈ പ്രവര്‍ത്തന മാതൃകയാണ് മറ്റു സംസ്ഥാനങ്ങള്‍ പിന്‍പറ്റേണ്ടതെന്നും, അതേസമയം ഹിമാചല്‍പ്രദേശിലെ പരാജയത്തില്‍നിന്ന് പാഠം പഠിക്കണമെന്നും നദ്ദ പറഞ്ഞത് അമിതമായ ആത്മവിശ്വാസത്തിലല്ല, യാഥാര്‍ത്ഥ്യബോധത്തോടെയാണ് ബിജെപി തെരഞ്ഞെടുപ്പുകളെ നേരിടേണ്ടതെന്ന വ്യക്തമായ സൂചന നല്‍കുന്നതായിരുന്നു.
പ്രതിപക്ഷം ഭരിക്കുന്ന രാജസ്ഥാനിലും ഛത്തീസ്ഗഡിലും, ബിജെപിക്ക് ഭരണമുള്ള മധ്യപ്രദേശിലും കര്‍ണാടകയിലും ഈ വര്‍ഷം അവസാനം തെരഞ്ഞെടുപ്പുകളെ നേരിടാനുള്ള ആത്മവിശ്വാസം ദേശീയ നിര്‍വാഹക സമിതി യോഗത്തില്‍ പ്രതിഫലിച്ചു. ത്രിപുരയില്‍ ഭരണത്തുടര്‍ച്ച നേടുമെന്ന ആവേശം പ്രകടമായിരുന്നു. ബിജെപി വന്‍ ശക്തിയായി മാറിക്കൊണ്ടിരിക്കുന്ന തെലങ്കാനയില്‍ അധികാരം പിടിക്കാനുള്ള ആലോചനകളും യോഗത്തില്‍ നടന്നു. ഹിമാചല്‍പ്രദേശില്‍ ബിജെപിയും കോണ്‍ഗ്രസ്സും ഒന്നിടവിട്ട് മാറി മാറി അധികാരത്തില്‍ വരുന്ന രീതിക്ക് മാറ്റം വരുത്താന്‍ കഴിയണമായിരുന്നുവെന്നും, വെറും 37,000 വോട്ടിന്റെ വ്യത്യാസത്തിലാണ് പാര്‍ട്ടിക്ക് അധികാരത്തുടര്‍ച്ച നഷ്ടമായതെന്നും ചൂണ്ടിക്കാട്ടിയ നദ്ദ പാര്‍ട്ടി പ്രവര്‍ത്തകര്‍ സ്വയം തിരുത്താന്‍ തയ്യാറാവണമെന്നും ആവശ്യപ്പെട്ടു. സഖ്യകക്ഷികളെ ഒഴിവാക്കുന്ന ശൈലി ബിജെപി ഒരിക്കലും സ്വീകരിച്ചിട്ടില്ലെന്നും, സ്വാര്‍ത്ഥലക്ഷ്യങ്ങള്‍ക്കുവേണ്ടി മറുകണ്ടം ചാടിയവരെ ജനങ്ങള്‍ പാഠം പഠിപ്പിക്കുമെന്നും യോഗ തീരുമാനങ്ങള്‍ മാധ്യമങ്ങളോട് വിശദീകരിച്ച രവിശങ്കര്‍ പ്രസാദ് പറഞ്ഞത് മഹാരാഷ്ട്രയിലെയും ബീഹാറിലെയും രാഷ്ട്രീയ സ്ഥിതിഗതികളിലേക്ക് വിരല്‍ചൂണ്ടുന്നതായിരുന്നു. രാജ്യത്തെ സമഗ്രമായ പരിവര്‍ത്തനത്തിലേക്ക് നയിച്ചുകൊണ്ടിരിക്കുന്ന നരേന്ദ്ര മോദി സര്‍ക്കാരിന്റെ നയങ്ങളെയും ജനക്ഷേമ പദ്ധതികളെയും അഭിനന്ദിക്കുന്ന പ്രമേയം നിര്‍വാഹക സമിതി അംഗീകരിക്കുകയുണ്ടായി. ലോകത്തെ കരുത്തുറ്റ അഞ്ചാമത്തെ സാമ്പത്തിക ശക്തിയിലേക്കാണ് മോദി സര്‍ക്കാര്‍ ഇന്ത്യയെ നയിച്ചുകൊണ്ടിരിക്കുന്നതെന്ന് പറയുന്ന പ്രമേയം, ജി-20 യുടെ അധ്യക്ഷ പദവി ഇന്ത്യ ഏറ്റെടുത്തതിനെ പ്രശംസിക്കുകയും ചെയ്തു. അയോധ്യയില്‍ പുതിയ രാമക്ഷേത്രം ഉയരുന്നത് ബിജെപിയെ വിമര്‍ശിച്ചവര്‍ക്കും പരിഹസിച്ചവര്‍ക്കുമുള്ള മറുപടിയാണെന്നും പ്രമേയത്തില്‍ പറയുന്നു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രതിച്ഛായ തകര്‍ക്കാന്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ നടത്തുന്ന ശ്രമങ്ങള്‍ക്ക് സുപ്രീംകോടതി വിധികള്‍ തന്നെ തിരിച്ചടി നല്‍കിയതായി പ്രമേയത്തില്‍ ചൂണ്ടിക്കാട്ടുന്നു. ദേശീയ നിര്‍വാഹക സമിതിയുടെ സമാപന യോഗത്തില്‍ പ്രധാനമന്ത്രി മോദി നടത്തിയ പ്രസംഗം ബിജെപിക്ക് പുതിയ ദിശാബോധം നല്‍കുന്നതും പ്രേരണാദായകവുമായിരുന്നു. ഇന്ത്യയുടെ മികച്ച കാലമാണ് വരുന്നതെന്നും, രാജ്യത്തിന്റെ വികസനത്തിനായി സ്വയം സമര്‍പ്പിക്കണമെന്നും പറഞ്ഞ പ്രധാനമന്ത്രി, ന്യൂനപക്ഷങ്ങള്‍ ഉള്‍പ്പെടെ മുഴുവന്‍ ജനവിഭാഗങ്ങളിലേക്കും പാര്‍ട്ടി പ്രവര്‍ത്തകര്‍ എത്തണമെന്നും നിര്‍ദേശിച്ചു. ബിജെപി ഒരു രാഷ്ട്രീയ പാര്‍ട്ടി മാത്രമല്ലെന്നും, സാമൂഹ്യ-സാമ്പത്തിക സാഹചര്യങ്ങളില്‍ പരിവര്‍ത്തനം വരുത്താന്‍ പ്രവര്‍ത്തിക്കുന്ന പ്രസ്ഥാനമാണെന്നുമുള്ള പ്രധാനമന്ത്രിയുടെ വാക്കുകള്‍ ശരിയായ ദിശാബോധം നല്‍കുന്നതാണ്. നമ്മുടെ യുവാക്കള്‍ക്ക് ഇന്ത്യയുടെ രാഷ്ട്രീയ ചരിത്രം ശരിയായി അറിയില്ലെന്നും, മുന്‍ സര്‍ക്കാരുകളുടെ അഴിമതികളെക്കുറിച്ചും ജനാധിപത്യ ധ്വംസനങ്ങളെക്കുറിച്ചും, ബിജെപിയുടെ സല്‍ഭരണത്തെക്കുറിച്ചും അവരെ ബോധവല്‍ക്കരിക്കണമെന്നും പ്രധാനമന്ത്രി പറഞ്ഞത് ബിജെപി ഏറ്റെടുക്കേണ്ട വലിയൊരു ദൗത്യമാണ്. ദേശീയ അധ്യക്ഷനായ ജെ.പി. നദ്ദയുടെ കാലാവധി നീട്ടിക്കൊണ്ടുള്ള നിര്‍വാഹക സമിതിയുടെ തീരുമാനം നിര്‍ണായകമാണ്. വലിയ അവകാശവാദങ്ങളൊന്നുമില്ലാതെ നിശ്ശബ്ദമായി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന നേതാവാണ് നദ്ദ. ഇങ്ങനെയൊരാളുടെ നേതൃത്വം ലോക്സഭാ തെരഞ്ഞെടുപ്പില്‍ തിളക്കമാര്‍ന്ന വിജയം ആവര്‍ത്തിക്കാന്‍ ബിജെപിക്ക് ആവശ്യമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: