ന്യൂദല്‍ഹി : സ്ത്രീ സുരക്ഷാ പരിശോധനയ്ക്കിടെ ദല്‍ഹി വനിതാ കമ്മിഷന് അധ്യക്ഷ സ്വാതി മലിവാളിനു നേരെ അതിക്രമം. സ്വാതിയുടെ കൈ കാറില്‍ കുരുക്കി വലിച്ചിഴച്ചെന്നാണ് പരാതി. വ്യാഴാഴ്ച പുലര്‍ച്ചെ മൂന്ന് മണിയോടെ എയിംസ് ആശുപത്രിക്ക് സമീപത്തുവെച്ചാണ് ആക്രമണമുണ്ടായത്.
തലസ്ഥാന നഗരിയില്‍ സ്ത്രീകള്‍ രാത്രികാലത്ത് നേരിടുന്ന വെല്ലുവിളികള്‍ പരിശോധിക്കാനായി രാത്രി എത്തിയപ്പോഴാണ് സ്വാതിക്കുനേരെ ആക്രമണമുണ്ടായത്. ഇതുമായി ബന്ധപ്പെട്ട് നാല്‍പ്പത്തേഴുകാരനായ കാര്‍ ഡ്രൈവര്‍ ഹരീഷ് ചന്ദ്രയെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. സംഭവ സമയത്ത് ഇയാള്‍ മദ്യപിച്ചിരുന്നതായാണ് റിപ്പോര്‍ട്ട്.
എയിംസ് ആശുപത്രിയുടെ സമീപത്ത് നില്‍ക്കേ സ്വാതിയുടെ അടുത്തെത്തിയ ഹരീഷ് ചന്ദ്ര വാഹനത്തിനുള്ളില്‍ കയറുന്നതിനായി അവരെ നിര്‍ബന്ധിച്ചു വിസമ്മതിച്ചതോടെ ഹരീഷ് ചന്ദ്രയെ പിടികൂടുന്നതിനായി സ്വാതി ഡ്രൈവിങ് സീറ്റിനു സമീപത്തേക്കു ചെന്നു. ഉള്ളിലേക്ക് കയ്യിട്ട് ഇയാളെ പിടികൂടാന്‍ ശ്രമിച്ചപ്പോള്‍ ഹരീഷ് വിന്‍ഡോ ഗ്ലാസ് ഉയര്‍ത്തി രക്ഷപ്പെടാന്‍ ശ്രമിക്കുകയായിരുന്നു. ഇതിനിടെയാണ് സ്വാതിയുടെ കൈ കാറിനുള്ളില്‍ കുടുങ്ങിയത്. പിന്നീട് സ്വാതിയെ 15 മീറ്ററോളം വലിച്ചിഴച്ച ശേഷമാണ് വാഹനം നിര്‍ത്തിയത്.
സ്വാതിക്കൊപ്പം കൂടുതല്‍ പേര് പരിശോധനയ്ക്കായി റോഡിലുണ്ടായിരുന്നെങ്കിലും, സംഭവം നടക്കുമ്പോള്‍ ഇവര്‍ അല്പം അകലെയായിരുന്നു. അതേസമയം പ്രതി മദ്യ ലഹരിയില്‍ ആയിരുന്നുവെന്ന് പോലീസ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: