മെല്‍ബണ്‍: രണ്ട് മണിക്കൂര്‍ 32 മിനിറ്റ്… മഴ, പരിക്ക്, വേദന.. എന്നിട്ടും പൊരുതി വീണ നദാല്‍ മനം കവര്‍ന്ന് പുറത്ത്. മെല്‍ബണ്‍ പാര്‍ക്കില്‍ മഴ മൂലം ഇന്‍ഡോറില്‍ നടന്ന ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ രണ്ടാം റൗണ്ട് മത്സരത്തിലാണ് നിലവിലെ ചാമ്പ്യന്‍ കൂടിയായ സ്‌പെയിനിന്റെ റാഫേല്‍ നദാല്‍ അപ്രതീക്ഷിതമായി വീണത്. 23-ാം ഗ്രാന്‍ഡ് സ്ലാം സിംഗിള്‍സ് കിരീടം ലക്ഷ്യമിട്ടിറങ്ങിയ നദാലിനെ റോഡ് ലേവര്‍ അരീനയില്‍ 4-6, 4-6, 5-7 എന്ന സ്‌കോറില്‍ നേരിട്ടുള്ള സെറ്റുകള്‍ക്ക് 63-ാം റാങ്കുകാരനായ അമേരിക്കയുടെ മക്കെന്‍സി മക്ഡൊണാള്‍ഡ് ആണ് പരാജയപ്പെടുത്തിയത്.
പരിക്കില്‍ വലഞ്ഞ നദാലിന്റെ മന്ദഗതി മുതലാക്കിയാണ് മക്കന്‍സി വിജയം കൊയ്തത്. ഇടുപ്പിലെ കടുത്ത വേദനയുമായാണ് നദാല്‍ കോര്‍ട്ടിലിറങ്ങിയത്. രണ്ടാം സെറ്റ് പുരോഗമിക്കുന്നതിനിടെ പിന്നിലേക്കോടിയിറങ്ങുമ്പോള്‍ ഉണ്ടായ അസഹ്യമായ വേദന മൂലം അദ്ദേഹം മെഡിക്കല്‍ ടൈംഔട്ട് എടുത്തു. സെറ്റ് 5-3 എന്ന നിലയില്‍ നില്‍ക്കവേ ഫിസിയോയുമായി നദാല്‍ കോര്‍ട്ട് വിട്ടു.
വേദന ശമിച്ച് നദാല്‍ വീണ്ടും കോര്‍ട്ടിലിറങ്ങിയപ്പോള്‍ ആവേശത്തോടെയാണ് കാണികള്‍ അദ്ദേഹത്തെ വരവേറ്റത്. പരിക്ക് വലച്ചെങ്കിലും ഓരോ സര്‍വിനും അവര്‍ ആരവമുയര്‍ത്തി. മൂന്നാം സെറ്റില്‍ ശക്തമായ തിരിച്ചുവരവിന് ശ്രമിച്ചെങ്കില്‍ അവസാനം മക്‌ഡൊണാള്‍ഡ് മുന്നേറി. കഴിഞ്ഞ വര്‍ഷത്തെ ക്ലാസിക് ഫൈനലില്‍ ഡാനില്‍ മെദ്വദേവിനെതിരെ തോല്‍വിയുടെ പടിയില്‍നിന്ന് തിരിച്ചുവന്ന് രണ്ട് സെറ്റുകള്‍ക്ക് വിജയിച്ചതിന്റെ അത്ഭുതത്തിനായി കാത്തവര്‍ നിരാശരായി.
2016 ലെ ഓസ്ട്രേലിയന്‍ ഓപ്പണിനിടെ ആദ്യ റൗണ്ട് മത്സരത്തില്‍ ഫെര്‍ണാണ്ടോ വെര്‍ഡാസ്‌കോയ്‌ക്കെതിരെ തോറ്റതിന് ശേഷം നദാല്‍ ഇത്രയും നേരത്തെ പുറത്താവുന്നത് ഇതാദ്യമാണ്. രണ്ടാം തവണയാണ് നദാലും മക്കെന്‍സിയും ഏറ്റുമുട്ടുന്നത്. 2020 ഫ്രഞ്ച് ഓപ്പണില്‍ മത്സരിക്കുമ്പോള്‍ മക്കെന്‍സി നദാലിന് ഒരു എതിരാളിയേ ആയിരുന്നില്ല. 6-1, 6-0, 6-3 എന്ന സ്‌കോറിനാണ് അന്ന് നദാല്‍ മക്കെന്‍സിയെ പായ്‌ക്ക് ചെയ്തത്.
രണ്ടാം റൗണ്ടിലെ മറ്റൊരു മത്സരത്തില്‍ സ്ലോവാക്യന്‍ താരം അലക്സ് മോള്‍ഗനെ പരാജയപ്പെടുത്തി കാനഡയുടെ ഫെലിക്സ് ഔഗര്‍ അലിയാസിം അടുത്ത റൗണ്ടിലേക്ക് മുന്നേറി. 3-6, 3-6, 6-3, 6-2, 6-2 എന്ന സ്‌കോറിനായിരുന്നു ഫെലിക്‌സിന്റെ വിജയം. അര്‍ജന്റീനയുടെ 28-ാം സീഡ് ഫ്രാന്‍സിസ്‌കോ സെറുണ്ടൊളോയും ഫ്രാന്‍സിന്റെ കൊറന്റൈന്‍ മൗറ്റെറ്റോയും തമ്മിലുള്ള മത്സരത്തിലെ വിജയിയെയാണ് അടുത്ത മത്സരത്തില്‍ ഫെലിക്‌സ് നേരിടുക.
ഇറ്റാലിയന്‍ താരം ജാനിക് സിന്നര്‍ മൂന്നാം റൗണ്ടില്‍ കടന്നു. അര്‍ജന്റീനയുടെ ടോമാസ് എച്ചെവേരിയെ 6-0, 6-2, 6-2 എന്ന സ്‌കോറിനാണ് സിന്നര്‍ തകര്‍ത്തത്. വനിതകളുടെ സിംഗിള്‍സില്‍ ലോക ഒന്നാം നമ്പര്‍ താരം ഇഗ സ്വിയടെക്ക് അനായാസം മൂന്നാം റൗണ്ടിലേക്ക് മുന്നേറി. കാമില ഒസോറിയോയെ 6-2, 6-3 എന്ന സ്‌കോറിന് തോല്‍പിച്ചാണ് ഇഗയുടെ മുന്നേറ്റം. ആറാം സീഡ് ഗ്രീക്ക് താരം മരിയ സക്കാരിയും വിജയിച്ചു. റഷ്യയുടെ പതിനെട്ടുകാരി ഡയാന ഷ്‌നൈഡറെ 3-6, 7-5, 6-3 എന്ന സ്‌കോറിലാണ് മരിയ വീഴ്‌ത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: