കോട്ടയം: പാലാ നഗരസഭാധ്യക്ഷ സ്ഥാനം സംബന്ധിച്ച് ഏറെ നാളുകളായി നിലനിന്ന ചര്‍ച്ചകള്‍ക്ക് വിരാമം. സിപിഎം കൗണ്‍സിലറായ ജോസിന് ബിനോ നഗരസഭാധ്യക്ഷയാകും. സിപിഎം ഏരിയാ കമ്മിറ്റി യോഗമാണ് ഇതുസംബന്ധിച്ച് അന്തിമ തീരുമാനം കൈക്കൊണ്ടത്.
സിപിഎം പാര്‍ലമെന്ററി പാര്‍ട്ടി നേതാവ് ബിനു പുളിക്കക്കണ്ടത്തെ അധ്യക്ഷനാക്കുമെന്നായിരുന്നു ആദ്യ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത്. എന്നാല്‍ കേരളാ കോണ്‍ഗ്രസ് (എം) ശക്തമായ എതിര്‍പ്പ് ഉയര്‍ത്തിയതോടെ സഖ്യകക്ഷിയെ പിണക്കാതിരിക്കുന്നതിനായി ജോസിന് ബിനോയെ സിപിഎം തെരഞ്ഞെടുക്കുകയായിരുന്നു.
ബിനു പുളിക്കക്കണ്ടം കേരള കോണ്‍ഗ്രസ് (എം) അംഗം ബൈജു കൊല്ലംപറമ്പിലിനെ മുമ്പ് മര്‍ദിച്ചിട്ടുണ്ട്. ഇതോടെയാണ് ബിനുവിനെ നഗരസഭാ അധ്യക്ഷനാക്കുന്നതില്‍ കേരള കോണ്‍ഗ്രസ് എതിര്‍പ്പുമായി എത്തിയത്. ബിനു ഉള്‍പ്പെടെ ആറ് കൗണ്‍സിലര്‍മാരാണ് സിപിഎമ്മിനുള്ളത്. സിപിഎം ചിഹ്നത്തില്‍ ജയിച്ച ഏക കൗണ്‍സിലറാണ് ബിനു പുളിക്കക്കണ്ടം. മുന്‍ധാരണയനുസരിച്ച് ആദ്യ രണ്ടുവര്‍ഷം കേരള കോണ്‍ഗ്രസി(എം)നാണ് അധ്യക്ഷ സ്ഥാനം. അതിനുശേഷം ഒരു വര്‍ഷം സിപിഎമ്മിനും അടുത്ത രണ്ടു വര്‍ഷം കേരള കോണ്‍ഗ്രസി(എം)നും അധ്യക്ഷസ്ഥാനം ലഭിക്കും. ആദ്യ രണ്ടു വര്‍ഷം ആന്റോ പടിഞ്ഞാറേക്കര ആയിരുന്നു അധ്യക്ഷന്‍.
നഗരസഭയുടെ ചരിത്രത്തിലാദ്യമാണ് സിപിഎം അധ്യക്ഷസ്ഥാനം ഏറ്റെടുക്കാനൊരുങ്ങുന്നത്. വ്യാഴാഴ്ച രാവിലെ 11നാണ് അധ്യക്ഷ തെരഞ്ഞെടുപ്പ് നടക്കുന്നത്. 10.30 വരെ പത്രിക നല്‍കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: