വൈക്കം മുഹമ്മദ് ബഷീറിന്റെ ‘നീല വെളിച്ചം’ എന്ന കഥ അതേ പേരില്‍ സിനിമയാവുകയാണ്. അതിലെ ‘അനുരാഗമധു ചഷകം പോലെ’ എന്ന ഗാനം പുറത്തിറങ്ങി. കെ.എസ്. ചിത്ര ആലപിച്ച ഈ ഗാനം ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായി മാറിയിരിക്കുകയാണ്.
ചിത്രയുടെ ഹൃദ്യമായ ആലാപനത്തിനൊപ്പം പഴയ കാല നര്‍ത്തകിമാരുടെ ചുവടുവെയ്പുകളായി രംഗത്തെത്തുന്ന റിമ കല്ലിങ്കലും ഗാനത്തിലേക്ക് പ്രേക്ഷകരെ അടുപ്പിക്കുകയാണ്. 1964ല്‍ ഈ ഗാനം പാടിയത് എസ്. ജാനകിയാണ്.
1964ല്‍ വൈക്കം മുഹമ്മദ് ബഷീറിന്റെ കഥയെ ആസ്പദമാക്കി എഴുതിയ ഭാര്‍ഗ്ഗവീ നിലയം എന്ന എ.വിന്‍സെന്‍റ് സംവിധാനം ചെയ്ത സിനിമയിലെ ഗാനമായ ‘അനുരാഗമധുചഷകംപോലെ’ എന്ന ഗാനം പുതിയ കാലത്തിലെ സംഗീതത്തിന്റെ അകമ്പടിയോടെ പുനരാവിഷ്കരിക്കുകയാണ് നീലവെളിച്ചം എന്ന സിനിമയില്‍ സംവിധായകന്‍ ആഷിക് അബു. പി.ഭാസ്കരനാണ് ഈ ഗാനം എഴുതിയിരിക്കുന്നത്. അന്ന് എം.എസ്. ബാബുരാജാണ് ഈ റൊമാന്‍റിക് ഗാനം ചിട്ടപ്പെടുത്തിയത്.
ഇന്ന് ‘അനുരാഗമധുചഷകംപോലെ’ പുനരാവിഷ്കരിച്ചിരിക്കുന്നത് ബിജിബാലും റെക്സ് വിജയനും ചേര്‍ന്നാണ്. അതില്‍ ചിത്രയുടെ റൊമാന്‍റിക് ആലാപനം കൂടി ചേരുമ്പോള്‍ ഗാനം അവിസ്മരണീയ അനുഭവമായി മാറുകയാണ്. കെ.എസ്. ചിത്ര ഈയിടെ ആലപിച്ച വിജയിന്റെ പുതിയ സിനിമയായ വാരിസിലെ സോള്‍ ഓഫ് വാരിസ് എന്ന മാതൃത്വത്തെക്കുറിച്ചുള്ള ഗാനവും വൈറലായി പ്രചരിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: