തിരുവനന്തപുരം: കേരള മോഡൽ ആരോഗ്യസംവിധാനം രൂപപ്പെട്ടത് സാമൂഹ്യനവോത്ഥാനം പാകിയ അടിത്തറയിൽ നിന്നെന്ന് കേന്ദ്രവിദേശകാര്യസഹമന്ത്രി വി.മുരളീധരൻ. തിരുവനന്തപുരത്ത് നടക്കുന്ന ജി 20 ഒന്നാം ആരോഗ്യ പ്രവർത്തകസമിതി യോഗത്തിൽ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു കേന്ദ്രമന്ത്രി.
സ്വാതന്ത്ര്യത്തിന് മുമ്പുതന്നെ കേരളത്തിനു കരുത്തുറ്റ പൊതുജനാരോഗ്യ പാരമ്പര്യമുണ്ടായിരുന്നു. ശ്രീനാരായണ ഗുരു, ചട്ടമ്പി സ്വാമികൾ, വിശുദ്ധ കുര്യാക്കോസ് ഏലിയാസ് ചാവറ തുടങ്ങിയ സാമൂഹ്യപരിഷ്കർത്താക്കൾ വിദ്യാഭ്യാസത്തിന്റെയും ആരോഗ്യത്തിന്റെയും കാര്യത്തിൽ വലിയ മാറ്റങ്ങൾക്ക് തുടക്കമിട്ടവരായിരുന്നുവെന്നും മന്ത്രി പറഞ്ഞു. പ്രതിരോധകുത്തിവയ്പിനെ ജനങ്ങൾ ഭയപ്പെട്ടകാലത്ത്, പ്രജകൾക്ക് ഉറപ്പേകുന്നതിനായി രാജകുടുംബത്തിലെ എല്ലാ അംഗങ്ങൾക്കും ആദ്യം പ്രതിരോധകുത്തിവയ്പു നടത്തിയ തിരുവിതാംകൂർ മാതൃകയേയും മന്ത്രി വേദിയിൽ സ്മരിച്ചു.
ഭാരതത്തിന്റെ ജി20 പ്രമേയം സാർവത്രികസാഹോദര്യത്തെ അടിസ്ഥാനമാക്കിയുള്ളതാണെന്നും കേന്ദ്രമന്ത്രി പറഞ്ഞു. ആരോഗ്യപൂർണമായ നാളേക്കുവേണ്ടി പ്രവർത്തിക്കുന്നതിനു ലോകത്തെ ഒരു കുടുംബമായി കാണണമെന്ന് ഭാരതം ലോകത്തെ ഓർമിപ്പിക്കുന്നുണ്ട്. ഭാവിയിൽ ഏത് ആരോഗ്യ അടിയന്തരാവസ്ഥയും നേരിടാൻ മനുഷ്യരാശി ഒരുമിച്ച് തയാറെടുക്കണമെന്നും കേന്ദ്രമന്ത്രി ആരോഗ്യപ്രവർത്തക സമിതിയെ അഭിസംബോധന ചെയ്ത് പറഞ്ഞു. ആയുർവേദം ഉത്ഭവിക്കുകയും അതിന്റെ ശുദ്ധമായ രൂപത്തിൽ വ്യാപകമായി പ്രയോഗിക്കുകയും ചെയ്ത നാട്ടിലാണ് യോഗമെന്നതും അഭിമാനകരമെന്ന് മന്ത്രി കൂട്ടിച്ചേർത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: