ന്യൂദല്‍ഹി: ഇസ്ലാമിക ഭരണം ലക്ഷ്യമിടുന്ന സംഘടനകളെ ഇന്ത്യയില്‍ പ്രവര്‍ത്തിക്കാന്‍ അനുവദിക്കില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍. തുടര്‍ച്ചയായി എട്ടാം തവണയും തീവ്രവാദ സംഘടനയായ സിമിയെ നിരോധിച്ചത് ശരിവച്ചുകൊണ്ടുള്ള സത്യവാങ്മൂലത്തിലാണ് കേന്ദ്രം നിലപാട് വ്യക്തമാക്കിയത്. ഇന്ത്യയുടെ പരമാധികാരത്തിനും അഖണ്ഡതയ്ക്കും വെല്ലുവിളി ആയതിനാലാണ് സിമിയുടെ നിരോധനം തുടരുന്നതെന്നും സത്യവാങ്മൂലത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.
സിമി ദേശീയതയ്ക്ക് എതിരാണ്. ഇസ്ലാമിക ഭരണം ലക്ഷ്യമിടുന്ന സിമി ഇന്ത്യയിലെ നിയമനങ്ങള്‍ക്ക് വിരുദ്ധമായാണ് പ്രവര്‍ത്തിക്കുന്നത്. അതിനാല്‍ ഒരു കാരണവശാലും സംഘടനയ്ക്ക് പ്രവര്‍ത്തിക്കാനുള്ള അനുമതി നല്‍കാനാകില്ലെന്നും സുപ്രീംകോടതിയില്‍ ഫയല്‍ ചെയ്ത സത്യവാങ്മൂലത്തില്‍ കേന്ദ്രം വ്യക്തമാക്കി. കേന്ദ്ര ആഭ്യന്തര മന്ത്രാലയം ആണ് സത്യവാങ്മൂലം ഫയല്‍ ചെയ്തത്. 2001 ലാണ് സിമിയെ കേന്ദ്ര സര്‍ക്കാര്‍ ആദ്യം നിരോധിച്ചത്. നിരോധനത്തിന് ശേഷവും വിവിധ പേരുകളില്‍ സംഘടന പ്രവര്‍ത്തിക്കുന്നുണ്ട്. മൂന്ന് ഡസനിലധികം പോഷക സംഘടനകള്‍ സിമിക്ക് ഉണ്ട്. ഈ സംഘടനകളിലൂടെ ധനസമാഹരണം നടത്തുന്നുണ്ട്. ഇതിന് പുറമെ പഴയ പ്രവര്‍ത്തകരെ ഒന്നിപ്പിക്കുന്നതിനും, ലഘുലേഖകകള്‍ വിതരണം ചെയ്യുന്നതിനും ഈ സംഘടനകളെ ഉപയോഗിക്കുന്നുണ്ട്. രാജ്യ സുരക്ഷയെ ബാധിക്കുന്ന നിരോധന പ്രവര്‍ത്തനങ്ങളില്‍ സംഘടനയുടെ പ്രവര്‍ത്തകര്‍ ഇപ്പോഴും ഏര്‍പ്പെടുന്നുണ്ട്.ഈ സാഹചര്യത്തില്‍ ആണ് നിരോധനം തുടരുന്നത് എന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. 2019ലാണ് അവസാനമായി സിമിയുടെ നിരോധനം നീട്ടിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: