സുപ്രീംകോടതിയിലെ ജഡ്ജിമാരെ തീരുമാനിക്കുന്ന കൊളീജിയത്തില്‍ കേന്ദ്ര സര്‍ക്കാരിന്റെയും, ഹൈക്കോടതികളിലെ ജഡ്ജിമാരെ തീരുമാനിക്കുന്ന കൊളീജിയത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെയും പ്രതിനിധികളെ ഉള്‍പ്പെടുത്തണമെന്നു കാണിച്ച് കേന്ദ്ര നിയമമന്ത്രി സുപ്രീംകോടതി ചീഫ് ജസ്റ്റിസിന് കത്തു നല്‍കിയിരിക്കയാണല്ലോ. ഇതോടെ ഇതുസംബന്ധിച്ച് കുറെക്കാലമായി നടന്നുവന്നിരുന്ന ചര്‍ച്ചകള്‍ കൂടുതല്‍ സജീവമാക്കിയിരിക്കുകയാണ്. കൊളീജിയത്തിന്റെ പ്രവര്‍ത്തനം പാര്‍ലമെന്റിന്റെ അധികാരത്തിലേക്കുള്ള കടന്നുകയറ്റമാണെന്നും, നിയമനിര്‍മാണസഭകള്‍ക്ക് കോടതിവിധികള്‍ പ്രഖ്യാപിക്കാനാവാത്തതുപോലെ പാര്‍ലമെന്റിന്റെ അധികാരം ജഡ്ജിമാര്‍ കയ്യാളുന്നത് ശരിയല്ലെന്നും ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍കര്‍ അടുത്തിടെ പ്രസ്താവിച്ചിരുന്നു. നിയമനിര്‍മാണ സഭകളുടെ വിശുദ്ധി മാനിക്കാന്‍ കോടതികള്‍ തയ്യാറാവണമെന്ന് ലോക്സഭ സ്പീക്കര്‍ ഓം ബിര്‍ളയും അഭിപ്രായപ്പെടുകയുണ്ടായി. ഇതിനു പിന്നാലെയാണ് കൊളീജിയത്തിന്റെ ഘടന പുനഃസംഘടിപ്പിക്കണമെന്ന ശുപാര്‍ശ നിയമമന്ത്രി കിരണ്‍ റിജിജു സുപ്രീംകോടതിക്ക് കൈമാറിയത്. കൊളീജിയത്തിന്റെ പ്രവര്‍ത്തനം സുതാര്യമല്ലെന്നും, അതില്‍ മാറ്റം വേണമെന്നും കേന്ദ്ര നിയമമന്ത്രി കുറെക്കാലമായി അഭിപ്രായപ്പെട്ടുപോരുന്നതാണ്. ജഡ്ജി നിയമത്തിനായി ആവര്‍ത്തിച്ചയച്ച ശുപാര്‍ശ അംഗീകരിക്കാന്‍ കേന്ദ്ര സര്‍ക്കാരിന് ബാധ്യതയുണ്ടെന്ന് സുപ്രീംകോടതി ഈയിടെ കത്തയച്ചിരുന്നു. ഇതിനു പിന്നാലെയാണ് കേന്ദ്രം സുപ്രീംകോടതിയെ നിലപാടറിയിച്ചിരിക്കുന്നത്.
കൊളീജിയം പ്രശ്നത്തില്‍ കേന്ദ്ര സര്‍ക്കാര്‍ സുപ്രീംകോടതിക്ക് ശുപാര്‍ശ നല്‍കിയത് പരസ്പരമുള്ള ഏറ്റുമുട്ടലായി പ്രതിപക്ഷവും ചില മാധ്യമങ്ങളും ചിത്രീകരിക്കുന്നുണ്ട്. രാഷ്ട്രീയ പ്രേരിതമായ ദുരുദ്ദേശ്യമാണ് ഇതിനു പിന്നിലുള്ളത്. പാര്‍ലമെന്റും ജുഡീഷ്യറിയും എക്സിക്യൂട്ടീവും തമ്മില്‍ വിപുലമായ അധികാരവിഭജനമുണ്ട്. ജനാധിപത്യ സംവിധാനത്തിന്റെ സുഗമമായ പ്രവര്‍ത്തനത്തിനുവേണ്ടിയാണിത്. ഇതുമായി ഒത്തുപോകുന്നതല്ല കൊളീജിയം സംവിധാനം എന്ന വിമര്‍ശനം ഇതിനു മുന്‍പു തന്നെ പല കോണുകളില്‍നിന്നും ഉയര്‍ന്നിട്ടുള്ളതാണ്. കൊളീജിയം സംവിധാനം സുതാര്യമല്ലെന്നു കണ്ട് പകരം സംവിധാനം കൊണ്ടുവരുന്ന നാഷണല്‍ ജുഡിഷ്യല്‍ അപ്പോയ്മെന്റ്കമ്മീഷന്‍ നിയമം 2015 ല്‍ സുപീംകോടതി ഭരണഘടനാ ബെഞ്ച് റദ്ദാക്കുകയുണ്ടായി. എന്നാല്‍ ഈ വിധിയില്‍ തന്നെ ജഡ്ജി നിയമനത്തിനുള്ള നടപടിക്രമങ്ങളില്‍ മാറ്റം വരുത്തണമെന്ന് പറയുന്നുണ്ട്. ഇത് കണക്കിലെടുത്തുകൂടിയാണ് കേന്ദ്ര നിയമമന്ത്രി സുപ്രീംകോടതി ചീഫ് ജസ്റ്റിസിന് കത്തെഴുതിയിട്ടുള്ളത്. അധികാര വടംവലിയുടെ പ്രശ്നം ഇതില്‍ ഉദിക്കുന്നില്ല. എന്‍ജെഎസി നിയമം റദ്ദാക്കിയ വിധി ശരിയല്ലെന്നും, നിയമനിര്‍മാണത്തിനുള്ള പാര്‍ലമെന്റിന്റെ അധികാരത്തെ പരിമിതപ്പെടുത്താന്‍ ആര്‍ക്കും കഴിയില്ലെന്നും ഉപരാഷ്ട്രപതി പറയുന്നത് അടിസ്ഥാനപരമായ കാര്യമാണ്. പാര്‍ലമെന്റ് പ്രതിനിധീകരിക്കുന്നത് ജനങ്ങളുടെ അധികാരമാണ്. അതാണ് ആത്യന്തികവും. പാര്‍ലമെന്റിന്റെ പരമാധികാരത്തില്‍ കൈകടത്തലാണ് കേശവാനന്ദ ഭാരതി കേസിലെ വിധിയെന്ന ഉപരാഷ്ട്രപതിയുടെ വിമര്‍ശനവും ചര്‍ച്ചയ്ക്ക് വിധേയമാക്കേണ്ടതുണ്ട്.
ഇന്ത്യന്‍ ഭരണഘടനയ്ക്ക് അന്യമായ ഒരു സംവിധാനമാണ് കൊളീജിയം. 1993ല്‍ ഇത് നിലവില്‍ വന്നതുതന്നെ ഏതെങ്കിലും ഒരു നിയമത്തിന്റെ അടിസ്ഥാനത്തിലല്ല, സുപ്രീംകോടതി വിധിയെത്തുടര്‍ന്നാണ്. ജഡ്ജിമാരുടെ നിയമനകാര്യത്തില്‍ ഭരണഘടനയുടെ ബന്ധപ്പെട്ട വകുപ്പില്‍ ‘കൂടിയാലോചനയ്ക്കു ശേഷം’ എന്ന വ്യവസ്ഥ ‘സമ്മതത്തിനുശേഷം’ എന്നാക്കി മാറ്റുകയാണ് ഒന്‍പതംഗ ബെഞ്ച് ചെയ്തത്. ഇതുവഴി അമിതാധികാരം കയ്യാളുകയാണ് സുപ്രീംകോടതിയെന്ന അഭിപ്രായം പല നിയമജ്ഞര്‍ക്കുമുണ്ട്. സുപ്രീംകോടതി ജഡ്ജിമാരുമായി കൂടിയാലോചിച്ച് രാഷ്ട്രപതി ജഡ്ജിമാരെ നിയമിക്കുമെന്നാണ് ഭരണഘടനയുടെ 124(2) വകുപ്പ് പറയുന്നത്. ഇതിനുള്ള അധികാരം രാഷ്ട്രപതിക്ക് മാത്രമാണുള്ളത്. രാഷ്ട്രപതി പ്രവര്‍ത്തിക്കുന്നതാവട്ടെ മന്ത്രിസഭയുടെ ഉപദേശപ്രകാരവും. മുതിര്‍ന്ന ജഡ്ജിമാരുമായി കൂടിയാലോചന വേണമെന്നും പറയുന്നില്ല. സുപ്രീംകോടതി ചീഫ് ജസ്റ്റിസല്ലാത്ത ജഡ്ജിമാരെ നിയമിക്കുമ്പോള്‍ മാത്രമാണ് ചീഫ് ജസ്റ്റിസുമായി കൂടിയാലോചന നടത്തേണ്ടതെന്നും ഭരണഘടന വ്യവസ്ഥ ചെയ്യുന്നു. ഇതിനെയാണ് കൊളീജിയത്തിന്റെ ശുപാര്‍ശയനുസരിച്ച് രാഷ്ട്രപതി ജഡ്ജിമാരെ നിയമിക്കണമെന്ന് സുപ്രീംകോടതി വിധി മാറ്റിയത്. കൊളീജിയത്തില്‍ ആദ്യം മൂന്ന് അംഗങ്ങളായിരുന്നു. പിന്നീടത് അഞ്ചാക്കി. സര്‍ക്കാര്‍ തിരിച്ചയയ്ക്കുന്ന കൊളീജിയത്തിന്റെ ശുപാര്‍ശ ഒരിക്കല്‍ക്കൂടി അയച്ചാല്‍ അംഗീകരിക്കണമെന്നും വിധിയെഴുതി. വിധേയന്മാരെ ജഡ്ജിമാരാക്കുന്നതും, വിശ്വാസ്യതയില്ലാത്തതുമായ സംവിധാനമാണ് കൊളീജിയമെന്ന് ജസ്റ്റിസുമാരായ വി.ആര്. കൃഷ്ണയ്യരും റുമാ പാലും ചെലമേശ്വറും മറ്റും വിമര്ശിച്ചിട്ടുള്ളതാണ്. ഇക്കാര്യങ്ങള്‍ കണക്കിലെടുക്കുമ്പോള്‍ പ്രശ്നത്തില്‍ കേന്ദ്രസര്‍ക്കാരിന്റെ ശുപാര്‍ശ ഭരണഘടനാപരവും ജനാധിപത്യ സംവിധാനം കരുത്തുറ്റതാക്കാന്‍ ആവശ്യമായതുമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: