സംസ്ഥാന സര്‍ക്കാര്‍ സ്‌പോണ്‍സര്‍ ചെയ്ത വിവാദങ്ങള്‍ക്കിടയില്‍, ശ്രീലങ്കയ്‌ക്കെതിരായ ഏകദിന ക്രിക്കറ്റ് പരമ്പര ഇന്ത്യ തൂത്തുവാരിയത് ക്രിക്കറ്റ് ലോകത്തെ തെല്ലൊന്ന് അമ്പരപ്പിച്ചുകൊണ്ടു തന്നെയാണ്. മൂന്നു മത്സര പരമ്പരയിലെ അവസാന മത്സരം ഇന്ത്യ ജയിച്ചത് 317 റണ്‍സ് മാര്‍ജിനില്‍ എന്നത് അവിശ്വസനീയമാവുന്നത്, റണ്‍സ് അടിസ്ഥാനത്തിലുള്ള ഏറ്റവും വലിയ വിജയം എന്നതുകൊണ്ടു മാത്രമല്ല. എതിരാളികള്‍ ശ്രീലങ്ക എന്ന മുന്‍ ലോക ചാംപ്യന്‍മാരായിരുന്നു എന്നതുകൊണ്ടു കൂടിയാണ്. ന്യൂസീലന്‍ഡിന്റെ മുന്‍ റെക്കോര്‍ഡായ 290 റണ്‍സ് ജയം ദുര്‍ബലരായ അയര്‍ലന്‍ഡിനെതിരെ ആയിരുന്നല്ലോ. അതുമായി താരതമ്യം ചെയ്യാനാവില്ല ശ്രീലങ്ക പോലെ ശക്തരായ ടീമിനെതിരെയുള്ള നേട്ടം. കളിയുടെ സമസ്ത മേഖലകളിലും ശ്രീലങ്കയെ ഇന്ത്യ നിഷ്പ്രഭമാക്കി എന്നതു വിജയത്തിനു മാറ്റുകൂട്ടുന്നുമുണ്ട്. ഈ ചരിത്രമുഹൂര്‍ത്തത്തിനു വേദിയാകാന്‍ കഴിഞ്ഞതോടെ തിരുവനന്തപുരം കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയവും ലോക ശ്രദ്ധയിലും റെക്കോര്‍ഡു ബുക്കിലും സ്ഥാനം പിടിച്ചു. ഒരു ടീമിന്റെ മൊത്തം സ്‌കോര്‍ 300 കടക്കുന്നതു തന്നെ അപൂര്‍വമായിരുന്ന ഒരു കാലം ഏകദിന ക്രിക്കറ്റിനുണ്ടായിരുന്നു. അവിടെനിന്ന് ആ കളി എത്രമാത്രം മുന്നോട്ടുപോയിരിക്കുന്നു! ഏകദിന ലോകകപ്പിലെ ആദ്യ മത്സരത്തില്‍ 60 ഓവര്‍ ബാറ്റ് ചെയ്ത് മൂന്നു വിക്കറ്റ് നഷ്ടത്തില്‍ 132 റണ്‍സുമായി പുറത്താകാതെ നിന്ന ഇന്ത്യയ്‌ക്കു വന്ന മാറ്റവും ഓര്‍ക്കാന്‍ സുഖമുള്ള കാര്യമാണ്. ഏകദിന മത്സര രംഗത്തെ മുന്‍നിരക്കാരായ ശ്രീലങ്കയുടെ അവിശ്വസനീയമായ പതനവും അതിനൊപ്പം ശ്രദ്ധേയം. ഇത്തരം അനിശ്ചിതത്വങ്ങളും അത്ഭുതങ്ങളുമാണല്ലോ കളികളെ ആസ്വാദ്യമാക്കുന്നത്.
ടീം എന്ന നിലയിലെ ഇന്ത്യയുടെ മികവാണ് ഈ റെക്കോര്‍ഡ് വിജയത്തിന്റെ അടിത്തറ. എങ്കിലും വ്യക്തിപരമായ നേട്ടങ്ങള്‍ അതിനു നല്‍കിയ അലങ്കാര ഭംഗിയും തിളക്കമുള്ളതാണ്. മുന്‍ ഇന്ത്യന്‍ നായകനും സൂപ്പര്‍ ബാറ്ററുമായ വിരാട് കോഹ്ലിയും നിരവധി റിക്കോര്‍ഡുകള്‍ ഈ പരമ്പരയില്‍ സ്വന്തമാക്കി. അവസാന മത്സരത്തില്‍ സെഞ്ചുറി നേടിയ കോഹ്ലി സ്വന്തം നാട്ടില്‍ ഏറ്റവും കൂടുതല്‍ സെഞ്ചുറി നേടുന്ന താരമെന്ന റെക്കോര്‍ഡു നേടിയതിനുമുണ്ട് പ്രത്യേകത. മറികടന്നത് സച്ചിന്‍ തെണ്ടുല്‍ക്കര്‍ എന്ന മഹാമേരുവിന്റെ റിക്കോര്‍ഡാണല്ലോ. ഇന്ത്യയില്‍ കോലിയുടെ 21-ാം ഏകദിന സെഞ്ചുറിയാണിത്. 160 ഇന്നിങ്‌സുകളിലാണ് സച്ചിന്‍ ഇന്ത്യയില്‍ 20 സെഞ്ചുറിയെന്ന നേട്ടത്തിലെത്തിയതെങ്കില്‍ കോഹ്ലി 101-ാം ഇന്നിങ്‌സിലാണ് അത് മറികടന്നത്. റെക്കോര്‍ഡുകള്‍ തകര്‍ക്കപ്പെടാനുള്ളതാണ് എന്നു പറയുമ്പോഴും പിന്‍തള്ളപ്പെട്ട റെക്കോര്‍ഡിന്റെ ഉടമയുടെ നിലയും വിലയും പുതിയതിന്റെ മാറ്റുകൂട്ടും.
ഏകദിനത്തില്‍ ഒരു ടീമിനെതിരേ ഏറ്റവും കൂടുതല്‍ സെഞ്ചുറി നേടുന്ന ഇന്ത്യന്‍ താരമായും കോഹ്ലി മാറി. ശ്രീലങ്കയ്‌ക്കെതിരേ പത്താം സെഞ്ചുറി കുറിച്ചാണ് കോഹ്ലി ചരിത്രത്തില്‍ ഇടംനേടിയത്. അവിടേയും വഴിമാറിയതു സച്ചിന്റെ റെക്കോര്‍ഡാണ്. ഓസ്‌ട്രേലിയക്കെതിരേ ഒമ്പത് സെഞ്ചുറി നേടിയ സച്ചിന്റെ റെക്കോര്‍ഡാണ് വിരാട് മറികടന്നത്. വിന്‍ഡീസിനെതിരേയും ഒമ്പത് സെഞ്ചുറികള്‍ നേടിയിട്ടുണ്ട് ഈ സൂപ്പര്‍ സ്റ്റാര്‍. അഞ്ചു ദിവസത്തിനിടെ സച്ചിന്റെ രണ്ടു റിക്കോര്‍ഡുകളാണ് കോഹ്ലി മറികടന്നത്. പരമ്പരയിലെ എല്ലാ കളികളിലും മികച്ച് പ്രകടനം നടത്തുകയും തിരുവന്തപുരത്ത് നടന്ന അവസാന കളിയില്‍ സെഞ്ചുറി നേടുകയും ചെയ്ത ഓപ്പണര്‍ ശുഭ്മാന്‍ ഗില്ലും പ്രത്യേക അഭിനന്ദനം അര്‍ഹിക്കുന്നുണ്ട്.
അതേസമയം, സംസ്ഥാന കായിക മന്ത്രിയും സര്‍ക്കാരും കാണിച്ച സ്പോര്‍ട്സ് മാന്‍ സ്പിരിറ്റ് തൊട്ടുതീണ്ടാത്ത വാക്കും പ്രവര്‍ത്തിയുമാണ് ഇന്ത്യന്‍ വിജയത്തിന്റെ ശോഭ കെടുത്തിയത്. ദേശീയ തലത്തില്‍ അതുണ്ടാക്കിയ നാണക്കേട് ചെറുതല്ല. സ്റ്റേഡിയത്തിന്റെ നാലിലൊന്ന് പോലും നിറയാന്‍ കാണികള്‍ എത്തിയില്ല എന്നതു സര്‍ക്കാരിനും മന്ത്രിക്കുമുള്ള മുന്നറിയിപ്പാണ്. പട്ടിണി കിടക്കുന്നവര്‍ കളി കാണാന്‍ വരേണ്ടെന്ന സംസ്ഥാന കായിക മന്ത്രി വി. അബ്ദുറഹ്മാന്റെ വിവാദപരാമര്‍ശത്തിന് കളിപ്രേമികള്‍ നല്‍കിയ തിരിച്ചടിയായി വേണം ഇതിനെ കാണാന്‍. ആ പ്രസ്താവന പോലെ തന്നെ ആരാധകരുടെ ഈ വിട്ടുനില്‍പും വലിയ ചര്‍ച്ചകള്‍ക്കാണ് വഴിവച്ചിരിക്കുന്നത്. കേരളത്തില്‍ ഇതുവരെ നടന്ന ഒരു രാജ്യാന്തര മത്സരത്തിനും ഇത്രയും കുറവ് ആളുകള്‍ എത്തിയ ചരിത്രമില്ല. 38,000 സീറ്റുള്ള ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ കോംപ്ലിമെന്ററി പാസുകാരടക്കം ആകെ കളികണ്ടത് 16,210 പേരാണ്. വെറും 6,201 ടിക്കറ്റുകളാണ് വിറ്റുപോയത്. സ്റ്റേഡിയത്തില്‍ ഇതിനു തൊട്ടു മുന്‍പു നടന്ന നാലു മത്സരങ്ങളില്‍ എല്ലാ ടിക്കറ്റുകളും വിറ്റുപോയപ്പോഴാണിതെന്ന് ഓര്‍ക്കണം.
ഇതിന് മുമ്പ് 2018ലാണ് കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ ഏകദിന മത്സരം നടന്നത്. മറ്റ് മൂന്നും ട്വെന്റി20 മത്സരങ്ങളായിരുന്നു. ഇത്തവണത്തെ മത്സരത്തില്‍ കാണികള്‍ മുഖം തിരിച്ചത് ഭാവിയില്‍ സംസ്ഥാനത്തിന് മത്സരങ്ങള്‍ അനുവദിക്കുന്ന കാര്യത്തില്‍ തിരിച്ചടിയായേക്കാമെന്നതാണ് പ്രധാന ആശങ്ക. അടുത്ത വര്‍ഷം ഏകദിന ലോകകപ്പിന് ആതിഥ്യമരുളുന്നത് ഇന്ത്യയാണ്. കേരളത്തിനും ഒരു മത്സരം ലഭിക്കാനുള്ള സാധ്യതയുണ്ടായിരുന്നു. കേരളത്തിലെ ക്രിക്കറ്റ് പ്രേമികള്‍ അത് ആഗ്രഹിക്കുകയും ചെയ്യുന്നുണ്ട്. ഈ സാഹചര്യത്തില്‍ സംസ്ഥാനത്ത് നടന്ന പ്രധാനപ്പെട്ടൊരു മത്സരത്തില്‍ കാണികള്‍ കുറഞ്ഞത് കേരളത്തിന് വേദി കിട്ടാനുള്ള സാധ്യതയെ ബാധിക്കുമെന്ന ആശങ്കയാണുള്ളത്.
വിനോദനികുതി കുത്തനെ ഉയര്‍ത്തിയതും കാണികളെ സ്റ്റേഡിയത്തില്‍ നിന്നകറ്റി. കഴിഞ്ഞ കളിയില്‍ അഞ്ചുശതമാനം ഉണ്ടായിരുന്ന വിനോദ നികുതി പൊടുന്നനെ 12 ശതമാനമായി വര്‍ധിപ്പിക്കുകയായിരുന്നു. മറ്റുപല കായിക ഇനങ്ങളെയും പോലെ ക്രിക്കറ്റിനെയും സംസ്ഥാനത്തുനിന്ന് പായിക്കാനുള്ള നീക്കമാണോ സംസ്ഥാന ഭരണകൂടത്തിന്റെ ഭാഗത്തുനിന്നുണ്ടാകുന്നത് എന്നു സംശയിക്കേണ്ടിയിരിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: