തിരുവനന്തപുരത്തെ കാര്യവട്ടത്തുള്ള ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തിലെ ഇന്ത്യ-ശ്രീലങ്ക ക്രിക്കറ്റ് മത്സരത്തില്‍ നിന്നും കാണികള്‍ വിട്ടുനിന്നത് ടിക്കറ്റിന്റെ തീവില കാരണമായിരുന്നു. എന്നാല്‍ കാണികളെ വിമര്‍ശിച്ചുകൊണ്ട് ബഹിഷ്കരിക്കേണ്ടത് കായികമന്ത്രി അബ്ദുറഹ്മാനെയാണ് അല്ലാതെ ക്രിക്കറ്റ് കളിയെയല്ല എന്ന പ്രസ്താവനയുമായി രംഗത്തെത്തിയിരിക്കുകയാണ് ശശി തരൂര്‍.
തിരുവനന്തപുരം നഗരസഭ വിനോദനികുതി അഞ്ച് ശതമാനത്തില്‍ നിന്നും 15 ശതമാനമാക്കി ഉയര്‍ത്തിയതായിരുന്നു ടിക്കറ്റ് വില കുത്തനെ ഉയരാന്‍ ഇടയാക്കിയത്. 1000 രൂപയുടെ ടിക്കറ്റിന് പോലും നികുതി ഉള്‍പ്പെടുത്തി 1445 രൂപയായിരുന്നു. ടിക്കറ്റ് നിരക്കിനെക്കുറിച്ച് വിമര്‍ശനമുണ്ടായപ്പോള്‍ പാവപ്പെട്ടവര്‍ കളി കാണേണ്ട എന്ന് കായിക മന്ത്രി വി. അബ്ദുറഹിമാന് പ്രസ്താവിച്ചതോടെ കാണികള്‍ കൂടുതല്‍ അകന്നു.
എന്നാല്‍ ആരാധകര്‍ സ്റ്റേഡിയം ബഹിഷ്കരിക്കുകയല്ല വേണ്ടിയിരുന്നതെന്നാണ് ശശി തരൂര്‍ എംപി പ്രസ്താവിച്ചത്. ബഹിഷ്കരണം എന്നത് ജനാധിപത്യപരമായ അവകാശമാണ്. പക്ഷെ, ബഹിഷ്കരണം നടത്തുന്നവര്‍ ആര്‍ക്കെതിരെയാണോ പ്രതിഷേധിക്കുന്നത് ആ വ്യക്തിയെയായിരിക്കണം ലക്ഷ്യം വെക്കേണ്ടതെന്നും അല്ലാതെ ക്രിക്കറ്റ് കളിയെ ആയിരുന്നില്ലെന്നുമാണ് തരൂര്‍ ഫേസ് ബുക്ക് കുറിപ്പില്‍ പറഞ്ഞത്. എന്നാല്‍ ടിക്കറ്റിന് തീവിലയായതുകൊണ്ടാണ് കാണികള്‍ ക്രിക്കറ്റ് ബഹിഷ്കരിച്ചതെന്ന വസ്തുത മറന്നുകൊണ്ടുള്ള പ്രസ്താവനയ്ക്കെതിരെ സമൂഹമാധ്യമങ്ങളില്‍ വന്‍ പ്രതിഷേധം അലയടിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: