മലമ്പുഴ: പാലക്കാട് നഗരത്തിനും വിവിധ പഞ്ചായത്തുകള്‍ക്കുമായി ലക്ഷക്കണക്കിന് പേര്‍ക്ക് കുടിവെള്ളം നല്‍കുന്ന മലമ്പുഴ ഡാമില്‍നിന്നുള്ള വെള്ളം ഇവിടെയെത്തുന്ന സഞ്ചാരികള്‍ക്ക് കിട്ടാക്കനിയായി മാറിയിരിക്കുകയാണ്. നിത്യേന നൂറുകണക്കിന് വാഹനങ്ങളെത്തുന്ന മലമ്പുഴയിലെ കാര്‍ പാര്‍ക്കില്‍ കുടിവെള്ളമില്ലാതെ നട്ടംതിരിയുകയാണ് സഞ്ചാരികള്‍. ഒരുവര്‍ഷത്തിലേറെയായി ഇവിടെ കൈകഴുകാന്‍ പോലും വെള്ളം ലഭ്യമല്ലെന്ന് വ്യാപാരികളും പറയുന്നു. കൊവിഡ് ഭീതി ഒഴിഞ്ഞതോടെ മലമ്പുഴയിലേക്ക് വിനോദസഞ്ചാരികളുടെ പ്രവാഹമാണ്. ഒഴിവുദിവസങ്ങളിലും മറ്റും കാറുകളിലും ബസുകളിലും മറ്റ് പ്രത്യേക വാഹനങ്ങളിലുമായി രാവിലെ മുതല്‍ തന്നെ ആയിരക്കണക്കിന് സഞ്ചാരികള്‍ എത്തുന്നുണ്ട്.
നേരത്തെ കാര്‍ പാര്‍ക്കിങിന് സമീപത്തായി മൂന്ന് പൈപ്പുകള്‍ സഞ്ചാരികള്‍ക്കുവേണ്ടി ഒരുക്കിയിരുന്നു. എന്നാല്‍ പൈപ്പിന് മുന്നിലെ കൈച്ചാല്‍ നവീകരിച്ചതോടെ ഇവ തുള്ളിവെള്ളം നല്‍കാത്ത നോക്കുകുത്തികളായി മാറിയിരിക്കുയാണ്. വിനോദസഞ്ചാരികള്‍ക്ക് ഇതോടെ കൈകഴുകുന്നതിനുപോലും വെള്ളമില്ലാത്ത അവസ്ഥയാണ്. വീട്ടില്‍നിന്നും മറ്റും ഭക്ഷണം കൊണ്ടുവരുന്നവര്‍ കുടിവെള്ളത്തിനും കൈകഴുകുന്നതിനുമെല്ലാം വില കൊടുത്ത് കുപ്പിവെള്ളം വാങ്ങുകയാണ് ഇപ്പോള്‍ ചെയ്യുന്നത്.
കാറിന് 15 രൂപയും ബസിന് 25 രൂപയും ബൈക്കിന് 10 രൂപയും പാര്‍ക്കിങ് ഫീസായി ഈടാക്കുന്നുണ്ടെങ്കിലും ഇവിടെ സഞ്ചാരികള്‍ക്ക് ആവശ്യമായ സൗകര്യങ്ങള്‍ പരിമിതമാണെന്ന് പരക്കെ പരാതിയുണ്ട്. ഒരുവര്‍ഷത്തിലേറെയായി കുടിവെള്ളം പോലും ലഭ്യമാകാത്ത അവസ്ഥ അതീവഗുരുതരമാണെന്ന് സഞ്ചാരികളും പരാതിപ്പെടുന്നു. സന്ധ്യകഴിഞ്ഞാല്‍ വെളിച്ചമില്ലാത്ത അവസ്ഥയും ചില ഭാഗങ്ങളിലുണ്ട്. കേരളത്തിലെ ഏറ്റവും പ്രധാന വിനോദസഞ്ചാരകേന്ദ്രമായിട്ടും മലമ്പുഴ കാര്‍ പാര്‍ക്കില്‍ വേണ്ടത്ര സൗകര്യമില്ലാത്തത് സഞ്ചാരികളെ ഏറെ പ്രതിസന്ധിയിലാക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: