കവരത്തി: കോണ്‍ഗ്രസ് പ്രവര്‍ത്തകനെ വധിക്കാന്‍ ശ്രമിച്ച കേസില്‍ ലക്ഷദ്വീപ് മുന്‍ എംപിയുടെ സഹോദരനെ സര്‍ക്കാര്‍ സര്‍വീസില്‍ നിന്ന് പിരിച്ചുവിട്ടു. കേസില്‍ ശിക്ഷിക്കപ്പെട്ടതിന് പിന്നാലെയാണ് നടപടി. കേസിലെ ഒന്നാംപ്രതി നൂറുള്‍ അമീനെയാണ് ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റര്‍ പിരിച്ചുവിട്ടത്.
അന്ത്രോത്ത് എം ജി എസ് എസ് എസ് സ്കൂളില്‍ ഇംഗ്ളീഷ് അദ്ധ്യാപകനായിരുന്നു നൂറുല്‍ അമീന്. അദ്ധ്യാപകന് സമൂഹത്തിന് അഹിംസയുടെ സന്ദേശം നല്‍കേണ്ട വ്യക്തിയാണ് എന്നാണ് പിരിച്ചുവിടല്‍ സന്ദേശത്തില്‍ ഭരണകൂടം വ്യക്തമാക്കുന്നത്. നൂറുല്‍ അമീന്റെ പ്രവൃത്തി ഇതിന് ചേര്‍ന്നതല്ലെന്നും അഡ്മിനിസ്ട്രേറ്റര്‍ കൂട്ടിച്ചേര്‍ത്തു. ക്രിമിനല്‍ കേസില്‍ ശിക്ഷിക്കപ്പെട്ടതിന് പിന്നാലെ നൂറുല്‍ അമീന്റെ സഹോദരന് മുഹമ്മദ് ഫൈസല്‍ എം പി സ്ഥാനത്തുനിന്ന് അയോഗ്യനായിരുന്നു.
കേസിലെ രണ്ടാം പ്രതിയായ മുഹമ്മദ് ഫൈസലും നൂറുല്‍ അമീനും അടക്കമുള്ളവര്‍ നിലവില്‍ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ തടവില്‍ കഴിയുകയാണ്. 2009ല്‍ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സംഘര്‍ഷത്തിനിടെ കോണ്‍ഗ്രസ് പ്രവര്‍ത്തകനായ മുഹമ്മദ് സാലിഹിനെ ആക്രമിച്ച കേസിലാണ് ഇരുവരും ശിക്ഷിക്കപ്പെട്ടത്. കേസിലെ നാല് പ്രതികള്‍ക്കും പത്ത് വര്‍ഷം തടവും ഒരു ലക്ഷം രൂപ പിഴയും കവരത്തി ജില്ലാ സെഷന്‍സ് കോടതി വിധിച്ചിരുന്നു.
തടവുശിക്ഷ റദ്ദാക്കണമെന്നാവശ്യപ്പെട്ട് മുഹമ്മദ് ഫൈസല്‍, സഹോദരന് അമീന് അടക്കം നാല് പ്രതികള്‍ കേരള ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കിയിരുന്നു. ഹര്‍ജി ഈ മാസം 17നാണ് പരിഗണിക്കുന്നത്. കേസില്‍ എതിര് സത്യവാങ്മൂലം നല്കാന് പരാതിക്കാരനായ മുഹമ്മദ് സാലിഹിനോടും പ്രോസിക്യൂഷനോടും കോടതി നിര്‍ദേശിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: