കലവൂര്‍ : റോഡ് മുറിച്ചുകടക്കുന്നതിനിടെ കെഎസ്ആര്‍ടിസി ബസിടിച്ച് വിദ്യാര്‍ത്ഥിനി മരിച്ചു. മണ്ണഞ്ചേരി പനയ്ക്കല്‍ പള്ളിക്കു സമീപം കോയിപ്പറമ്പു വീട്ടില്‍ സഫ്നാ സിയാദ് (15) ആണു മരിച്ചത്. കലവൂര്‍ ഗവ. ഹയര്‍സെക്കന്‍ഡറി സ്കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ്.
ആലപ്പുഴ- മുഹമ്മ റോഡില്‍ കോമളപുരത്ത് ശനിയാഴ്ച ഉച്ചയ്ക്ക് രണ്ടേകാലോടെയാണ് അപകടമുണ്ടായത്. വൈക്കത്തുനിന്ന് ആലപ്പുഴയ്ക്കു പോകുകയായിരുന്നു ബസ്. ട്യൂഷന് സെന്ററിലേക്കു പോകാനായി സ്വകാര്യ ബസ് ഇറങ്ങി എതിര്‍വശത്തേക്കു നടക്കുന്നതിനിടെ കെഎസ്ആര്‍ടിസി വേണാട് ബസ് സ്വകാര്യ ബസിനെ മറികടന്ന് എത്തുകയായിരുന്നു.
ബസിന്റെ മുന്നിലെ വലത് ടയറിനടിയില്‍പ്പെട്ട സഫ്നയെ 10 മീറ്ററോളം വലിച്ചിഴച്ചു കൊണ്ടുപോയ ശേഷമാണ് നിന്നത്. സഫ്നയുടെ കൂട്ടുകാരി ആവണിയുടെ മുന്നില്‍വെച്ചാണ് അപകടം ഉണ്ടായത്. സഫ്ന റോഡ് മുറിച്ചുകടക്കുന്നതിനിടയില്‍ കെഎസ്ആര്‍ടിസി ബസ് പാഞ്ഞുവരുന്നത് ആവണി കണ്ടിരുന്നു. ബസ് നിര്‍ത്താനായി ആവണി അലറിക്കരഞ്ഞെങ്കിലും ഫലമുണ്ടായില്ല.
ബസ് അതിവേഗത്തിലായിരുന്നെന്നും പെണ്‍കുട്ടി റോഡുകടന്ന് നടപ്പാതയിലേക്കു കയറിയശേഷമാണ് ഇടിച്ചതെന്നും ദൃക്സാക്ഷികള്‍ പറഞ്ഞു. അപകടത്തെ തുടര്‍ന്ന് ആലപ്പുഴ ഡിപ്പോയിലെ ഡ്രൈവര്‍ നൗഷാദ് ഓടി രക്ഷപ്പെട്ടു. നോര്‍ത്ത് പോലീസ് പിന്നീട് ഇയാളെ പിടികൂടി. സഫ്നയുടെ പിതാവ്: സിയാദ്. മാതാവ്: സഫീല. സഹോദരന്: സഫീദ്. ഖബറടക്കം ഞായറാഴ്ച ഉച്ചയ്ക്ക് മണ്ണഞ്ചേരി പടിഞ്ഞാറേ ജുമാ മസ്ജിദ് കബര്‍സ്ഥാനില്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: