പി. കെ സജീവ്
പൊന്നമ്പലമേട്ടില്‍ ആചാരപരമായ വിളിക്കു തെളിയിക്കുവാന്‍ എന്നെങ്കിലും കഴിയുമെന്ന പ്രതീക്ഷയോടെ, 18 മേഖലകളില്‍ ഒന്നായ ഇഞ്ചിപ്പാറമലയിലെ മൂഴിക്കല്‍ ശ്രീ ശങ്കരനാരായണ ക്ഷേത്ര സന്നിധിയില്‍ കഴിഞ്ഞ 11 വര്‍ഷമായി ദീപം കെടാവിളക്കായി സൂക്ഷിച്ചിരിക്കുന്നു. പൊന്നമ്പലമേട്ടില്‍ ആചാരപരമായി ദീപം തെളിയിക്കാനുള്ള അവകാശം മല അരയര്‍ക്ക് നല്‍കണമെന്നും ചരിത്രത്തിലെ തെറ്റുതിരുത്തണമെന്നും ആവശ്യപ്പെട്ട് നിരവധി പ്രമുഖരാണ് രംഗത്തെത്തിയത്. സംസ്ഥാന പട്ടികജാതി/പട്ടികവര്‍ഗ്ഗ കമ്മീഷന്റെ മുമ്പിലെത്തിയ കേസില്‍ പന്തളം കൊട്ടാരം നിര്‍വാഹക സംഘത്തിനു വേണ്ടി പ്രസിഡന്റ് പി.ജി.ശശികുമാര്‍ വര്‍മ്മ സമര്‍പ്പിച്ച കാര്യ വിവര പത്രികയില്‍ 4 കാര്യങ്ങള്‍ ചൂണ്ടിക്കാട്ടുന്നു.
ഇന്ത്യയൊട്ടാകെ കോടിക്കണക്കിന് തീര്‍ഥാടകര്‍ ജാതി മതഭേദമന്യേ എത്തിച്ചേരുന്ന കേരളത്തിലെ പുണ്യ ക്ഷേത്രമാണ് ശബരിമല ക്ഷേത്രം. ഈ ക്ഷേത്രത്തില്‍ എല്ലാ വര്‍ഷവും മകരവിളക്ക് ദിവസം പന്തളം കൊട്ടാരത്തില്‍ നിന്നും എഴുന്നള്ളിച്ചു കൊണ്ടുവരുന്ന തിരുവാഭരണങ്ങള്‍ ചാര്‍ത്തിയുള്ള സന്ധ്യാ ദീപാരാധന നടത്തിവരുന്നു. ശബരിമല ക്ഷേത്ര സന്നിധാനത്തിലെ ഏറ്റവും പ്രധാനപ്പെട്ട ചടങ്ങുകളില്‍ ഒന്നാണിത്. അച്ഛന് മകനെ സര്‍വാഭരണ വിഭൂഷിതനാക്കി രാജകുമാരനായി കാണുക എന്ന സങ്കല്പത്തിലാണ് തിരുവാഭരണങ്ങള്‍ ചാര്‍ത്തുന്നതും തുടര്‍ന്ന് ദീപാരാധന നടത്തുന്നതും. ദീപാരാധന നടക്കുന്ന സമയത്ത് പൊന്നമ്പലമേട്ടില്‍ മൂന്നുതവണ മിന്നിമറയുന്ന പ്രകാശമാണ് മകരവിളക്ക്. മലഅരയന്മാര് ഭക്തിപൂര്‍വ്വം നടത്തിവന്നിരുന്ന ആരതി ഉഴിയലാണ് മകരവിളക്ക്. നൂറ്റാണ്ടുകളായി വനവാസികളായ മലഅരയന്മാരാണ് പൊന്നമ്പലമേട്ടില്‍ ആരതി ഉഴിഞ്ഞ് ഈ ചടങ്ങ് ചെയ്തു പോന്നിരുന്നത്. വനവാസികളായ മലഅരയന്മാരുടെ ആവാസകേന്ദ്രമായിരുന്നു പൊന്നമ്പലമേട് മലകള്‍.
തുടര്‍ന്ന് 1950 കാലഘട്ടത്തില്‍ ക്ഷേത്രത്തിന് തീ പിടിച്ചതോടെയും അവിടെ വൈദ്യുതിയുടെ വരവോടെയും ശബരിമലയില്‍ അയ്യപ്പന്റെ ഏറ്റവുമടുത്ത സുഹൃത്തുക്കളും അദ്ദേഹത്തിന്റെ സൈന്യത്തില്‍ സഹകരിക്കുകയും ചെയ്തിരുന്ന മലഅരയന്മാരെ അവരുടെ താമസ കേന്ദ്രത്തില്‍ നിന്നും കുടിയിറക്കി വിടുകയും കാലക്രമേണ വിളക്ക് കത്തിക്കാനുള്ള അവരുടെ അവകാശം നഷ്ടപ്പെടുകയും ചെയ്തു. ഇപ്പോള്‍ ദേവസ്വം അധികാരികളും വൈദ്യുതി ബോര്‍ഡും പോലീസ് ഡിപ്പാര്‍ട്ട്മെന്റും ചേര്‍ന്നാണ് ദീപം കൊളുത്തുന്നത്. ആധുനിക വാര്‍ത്താ വിനിമയ സൗകര്യങ്ങള്‍ പ്രയോജനപ്പെടുത്തിയാണ് അവരിത് ചെയ്യുന്നത്. എന്നാല്‍ വൈദ്യുതി അടക്കം ഒരു ആധുനിക വാര്‍ത്താ വിനിമയ സൗകര്യങ്ങളും ഇല്ലാത്ത കാലത്ത് ഒരു നിമിഷം പോലും തെറ്റാതെ സന്നിധാനത്ത് ദീപാരാധന കഴിഞ്ഞ് നട തുറക്കുമ്പോള്‍ പൊന്നമ്പലമേട്ടില്‍ ദീപം തെളിയുമായിരുന്നു.
ശബരിമല ആക്രമിച്ചു കീഴടക്കിയ ഉദയന്‍ എന്ന കൊള്ളക്കാരനെ വധിച്ച് ശബരിമല തിരിച്ചു പിടിക്കുന്നതിന് അയ്യപ്പനെ സഹായിച്ചവരാണ് മലഅരയന്മാര്. പതിനെട്ട് മലകളുടെയും സംരക്ഷകരായിട്ടാണ് ഇവരെ കരുതപ്പെട്ടിരുന്നത്. പുരാതനമായ രാജകൊട്ടാരത്തിന്റെ ചരിത്രത്താളുകള്‍, ബ്രിട്ടീഷ് സര്‍ക്കാരിന്റെ ആധികാരിക രേഖകളില്‍ അടക്കം മല അരയന്മാര്ക്ക് ശബരിമലയുമായുള്ള ബന്ധം വ്യക്തമായി രേഖപ്പെടുത്തിയിരിക്കുന്നു. മലഅരയന്മാര് ആരാധിച്ചിരുന്ന ഇഞ്ചിപ്പാറക്കോട്ട, തലപ്പാറ കോട്ട എന്നീ മല ദൈവങ്ങളുടെ സങ്കല്പമായി രണ്ടു കൊടികള്‍ തിരുവാഭരണങ്ങളോടൊപ്പം ഇപ്പോഴും പന്തളം കൊട്ടാരത്തില്‍, ക്ഷേത്രങ്ങളിലും എഴുന്നള്ളത്തിന് അകമ്പടി സേവിക്കുന്നുണ്ട്. മല അരയന്മാര്ക്ക് നൂറ്റാണ്ടുകളായി നടത്തി വന്നിരുന്ന ആചാരാനുഷ്ഠാനങ്ങള്‍ നിര്‍വ്വഹിക്കുന്നതിനും ചടങ്ങുകള്‍ പിന്തുടരുന്നതിനും അനുവദിക്കണമെന്ന് പന്തളം രാജ പ്രതിനിധികള്‍ വാക്കാല്‍ പലതവണ ദേവസ്വം അധികാരികളോട് ആവശ്യപ്പെട്ടിട്ടുള്ളതാണ്.
1950കളില്‍ തിരുകൊച്ചി പ്രധാനമന്ത്രിയായിരുന്ന ടി.കെ.നാരായണ പിള്ളക്കും രാജപ്രമുഖന്‍ ശ്രീ ചിത്തിര തിരുനാള്‍ ബാലരാമ വര്‍മ്മക്കും മലഅരയ സമാജം പ്രസിഡന്റ്കൊച്ചുരാമന് കേളന് 11 കാര്യങ്ങള്‍ ആവശ്യപ്പെട്ടു നല്കിയ നിവേദനത്തില്‍ പറയുന്നതിങ്ങനെയാണ്. ‘ഈ കാടുകളില്‍ അനേകം ക്ഷേത്രങ്ങളും കോട്ടകളും കാവുകളും പതികളുമുള്ളതും ചില ക്ഷേത്രങ്ങളില്‍ അടിയങ്ങള്‍ തന്നെ നിത്യാരാധന നടത്തിവരുന്നതും മറ്റുള്ളവയില്‍ ആണ്ടു വിശേഷങ്ങള്‍ക്ക് കരിക്കേറ് മുതലായവ നടത്തുന്നതും ആകുന്നു. വഴിപാടുകള്‍ നടത്തിയും അനുഭവിക്കുന്നുണ്ടെങ്കിലും ശബരിമല ക്ഷേത്രം ബഹുമാനപ്പെട്ട സര്‍ക്കാരില്‍നിന്നും ഏറ്റെടുത്തപ്പോള്‍ മുതല്‍ ഏതാനും കോട്ടകളുടെ അവകാശങ്ങള്‍ ഒഴിച്ച് മറ്റു അവകാശങ്ങളെല്ലാം ദേവസ്വത്തില്‍ നിന്നും ഒന്നൊന്നായി ലേലം ചെയ്യുകയും സങ്കടം ദേവസ്വം ഡിപാര്‍ട്ട്മെന്റിനെയും അടിയങ്ങള്‍ അറിയിക്കുകയും അതിന്മേല് അനുകൂലമായ ഉത്തരവുകള്‍ ഉണ്ടായിട്ടില്ലാത്തതും ആകുന്നു. പന്തളത്ത് പടിക്കല്‍ നിന്നും ക്ഷേത്രം ഗവണ്മെന്റ് ഏറ്റുവാങ്ങിയപ്പോള്‍ വനങ്ങളുടെ അവകാശികളും ക്ഷേത്രങ്ങളിലെ ഊഴിയ കുടിയാന്മാരും ആയ അടിയങ്ങളുടെ അധികാരാവകാശങ്ങള്‍ എപ്രകാരം നിശ്ചയിച്ചു എന്നും സര്‍ക്കാരില്‍ നിന്നും ഞങ്ങളെ ഏതു തരത്തില്‍ പരിഗണിച്ചു എന്നും അറിവില്ലാത്തതും അറിയിച്ചിട്ടില്ലാത്തതും ആകുന്നു.’ എന്നു പറയുന്ന രേഖയില്‍ നിന്നു വ്യക്തമാകുന്നത് ക്ഷേത്രഉടമസ്ഥതയിലേക്കു തന്നെ വിരല്‍ ചൂണ്ടുന്ന സത്യസന്ധമായ ഒരു ചരിത്രമാണ്. ദേവസ്വം ബോര്‍ഡിന്റെ മുന്‍ കമ്മീഷണര്‍ നളിനാക്ഷന് നായര്‍ 2011ല്‍ പറഞ്ഞത് പൊന്നമ്പലമേട്ടില്‍ അധിവസിച്ചിരുന്ന മലഅരയരായിരുന്നു മകരവിളക്ക് തെളിച്ചിരുന്നതെന്നും ശബരിഗിരി ഹൈഡ്രോ ഇലക്ട്രിക് പ്രോജക്ടിന്റെ ഭാഗമായി ഇവരെ കുടിയൊഴിപ്പിച്ച് ദീപം തെളിക്കല്‍ കെഎസ്ഇബിയും അതു കഴിഞ്ഞ് ദേവസ്വം ബോര്‍ഡും പോലീസും സംയുക്തമായി നടത്തുകയായിരുന്നുവെന്നാണ്.
ശബരിമല മേല്‍ശാന്തി കണ്ഠരരു മഹേശ്വരരു പറഞ്ഞത് നൂറ്റാണ്ടുകളായി മലഅരയ സമുദായം നടത്തിവന്ന പവിത്രമായ ആചാരം അവര്‍ക്കു തന്നെ തിരികെ നല്‍കണമെന്നാണ്. ഈ ആചാരം മലഅരയര്‍ക്ക് തിരികെ നല്‍കണമെന്നാവശ്യപ്പെട്ട് മുന്‍ എംഎല്‍എ ഒ. രാജഗോപാല്‍ നിയമസഭയില്‍ സബ് മിഷന് ഉന്നയിച്ചു. ഹിന്ദു ഐക്യവേദി നേതാക്കളായ കുമ്മനം രാജശേഖരനും, ഇ.എസ് ബിജുവും, ആത്മീയാചാര്യന്മാരും നിരവധി ഹൈന്ദവ നേതാക്കളും മകരവിളക്കവകാശം മലഅരയര്‍ക്ക് തിരികെ നല്‍കണമെന്ന് സര്‍ക്കാരിനോട് ശക്തമായി ആവശ്യപ്പെട്ടിരുന്നു.
ഈ വിഷയവുമായി ബന്ധപ്പെട്ട് ബഹുമാനപ്പെട്ട ഹൈക്കോടതി നടത്തിയ നിരീക്ഷണങ്ങളും ശ്രദ്ധേയമാണ്. ശബരിമലയ്ക്ക് ചുറ്റുമുള്ള മിക്ക കുന്നുകളിലും ചില സ്ഥലങ്ങളിലും കല്ലില്‍ കൊത്തുപണികള്‍, വിഗ്രഹങ്ങള്‍ മുതലായവ ഉള്‍പ്പെടെയുള്ള ക്ഷേത്രങ്ങളുടെ അവശിഷ്ടങ്ങള്‍ കാണാം. കൊതകുത്തി പാറയിലെ ഒരു ക്ഷേത്രത്തിലേക്ക് നയിക്കുന്ന 18 പടികളും ഈ പ്രദേശങ്ങളില്‍ പുരാതന കാലം മുതല്‍ മനുഷ്യവാസം നിലനിന്നിരുന്നു എന്നതിന്റെ വ്യക്തമായ തെളിവിനെ സാധൂകരിക്കുന്നു, ഇത് തമിഴ് സാഹിത്യത്തിലും പരാമര്‍ശിക്കപ്പെടുന്നു. ഈ ക്ഷേത്രങ്ങള്‍ തകര്‍ന്നു വീണെങ്കിലും പ്രദേശത്തെ ആദിവാസികള്‍ ഈ ക്ഷേത്രങ്ങളില്‍ ആരാധന തുടര്‍ന്നു. കാലക്രമേണ ഈ പ്രദേശങ്ങളില്‍ നിന്ന് ആദിവാസികളെ പുറത്താക്കി. എന്നിട്ടും, മകര സംക്രാന്തി ദിനത്തിലെ പൂജകള്‍ അവിടെ താമസിച്ചിരുന്ന ഗോത്ര ജനത തുടര്‍ന്നു.
സ്വാമി അയ്യപ്പന്റെ മൂലസ്ഥാനമാണ് പൊന്നമ്പലമേട്. ആ കുന്നുകളില്‍ താമസിച്ചിരുന്ന ആദിവാസികള്‍ മകര സംക്രാന്തി ദീപാരാധനയുടെ തുടര്‍ച്ചയായി വിളക്ക് കൊളുത്തുകയും അവിടെ മുമ്പ് നടത്തിയിരുന്ന മതപരമായ ആചാരങ്ങളുടെ സ്മരണ നിലനിര്‍ത്തുകയും ചെയ്തുവെന്നാണ് ജനകീയ വിശ്വാസം. 1949ല്‍ ക്ഷേത്ര ഭരണം ഏറ്റെടുത്ത ബോര്‍ഡ് രൂപീകരിക്കുന്നതിന് വളരെ മുമ്പുതന്നെ ഈ ദീപാരാധന കാണപ്പെട്ടിരുന്നു. ആചാരത്തിന് വിരുദ്ധമായി സര്‍ക്കാര്‍ പിന്തുണയോടെ ദേവസ്വം ബോര്‍ഡ് ഒരു ജനതയുടെ ആരാധന അവകാശം ഇന്നും നിഷേധിച്ചിരിക്കുന്നു. ഇത് 72 വര്‍ഷമായി തുടര്‍ന്നു കൊണ്ടിരിക്കുന്നു ശ്രീ അയ്യപ്പന് വേണ്ടി ജീവിക്കുകയും പോരാടുകയും മരിച്ചുവീഴുകയും ചെയ്ത ഒരു ജനതയുടെ ഗതിയാണിത്. ഇത് വേദനയോടു കൂടി മാത്രമേ എല്ലാ കാലത്തും ഓര്മിക്കുവാന് കഴിയുകയുള്ളൂ ഏഴു പതിറ്റാണ്ടായി നിരവധി നിവേദനങ്ങളിലൂടെയും പ്രക്ഷോഭ സമരങ്ങളിലൂടെയും ഭരണാധികാരികളെ അറിയിക്കുന്നുണ്ടെങ്കിലും അതൊക്കെ അന്ധനു മുന്നില്‍ പിടിച്ച കണ്ണാടിക്കു തുല്യമാണ്. ഭൂമിക്കോ, അധികാരത്തിനോ വേണ്ടി അല്ല ഈ പോരാട്ടങ്ങള്‍. സ്വന്തം ആചാരങ്ങളും അനുഷ്ഠാനങ്ങളും സംരക്ഷിക്കുന്നതിന് വേണ്ടിയുള്ളതാണ്. എന്നാല്‍ കാലാകാലങ്ങളില്‍ അധികാരത്തിലെത്തിയ ഭരണാധികരികള്‍ അന്നും ഇന്നും മകരവിളക്ക് തെളിക്കാനുള്ള അവകാശം നിഷേധിച്ചുകൊണ്ടിരിക്കുന്നു. കൃത്യമായി പറഞ്ഞാല്‍ ആചാര ലംഘനത്തിനു നേതൃത്വം നല്കുന്നതാകട്ടെ ഭരണകൂടമാണ്. ഈ നൂറ്റാണ്ടിലെ ഏറ്റവും വലിയ ക്രൂരതയും ഇതു തന്നെ. ഇന്നും സര്‍ക്കാര്‍ ഖജനാവിലേക്ക് കോടാനുകോടി രൂപ എത്തുന്ന ശബരിമല, വളളിയാംകാവ് ദേവീക്ഷേത്രം, നിലക്കല്‍ മഹാദേവ ക്ഷേത്രം, പശ്ചിമ ദേവീക്ഷേത്രം എന്നീ ക്ഷേത്രങ്ങള്‍ സ്ഥാപിച്ചത് ഈ സമൂഹത്തില്‍പ്പെട്ടവര്‍ ആണെന്ന സത്യം സര്‍ക്കാര്‍ ബോധപൂര്‍വ്വം വിസ്മരിക്കുകയാണെന്ന് പൊതുജനങ്ങള്‍ക്കറിയാം. മലകളിലും പുഴകളിലും സസ്യലതാദികളിലും ഈശ്വരനെ ദര്‍ശിച്ച ജനതക്ക് ആരാധന സാതന്ത്ര്യത്തിനു പതിറ്റാണ്ടുകള്‍ നീളുന്ന പോരാട്ടം നടത്തേണ്ടി വരുന്നത് സാംസ്കാരിക, സാക്ഷര, നവോത്ഥാന, നവ കേരളത്തിലാണെന്ന് വളരെ ദുഃഖത്തോടെ കൂടി പറയേണ്ടി വരുന്നു. ഭരണകൂടം ഏതെങ്കിലും ഒരു വിഭാഗത്തിന്റെ സംസ്കാരത്തെ മുറിച്ചു മാറ്റാന്‍ ശ്രമിക്കുന്നത് ആദ്യന്തികമായി ഹൈന്ദവസമൂഹത്തിന്റെനിലനില്പ്പിനെത്തന്നെയാണ് മുറിച്ചുമാറ്റുന്നത്.അത്അനുവദിച്ചുകൂടാ. അതിനാല്‍ പൊന്നമ്പലമേട്ടില്തെളിയേണ്ടത്ആചാരപ്പൊലിമയുടെമകരവിളക്കാണ്.
(അവസാനിച്ചു)
പ്രതികരിക്കാൻ ഇവിടെ എഴുതുക: