തിരുവനന്തപുരം: ഗ്രാമങ്ങളില്‍ അടക്കം രാജ്യത്തൊട്ടാകെ കുടിവെള്ളമെത്തിക്കാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ ജല്‍ജീവന്‍ മിഷന്‍ കേരളത്തില്‍ അട്ടിമറിക്കുന്നു. കേരളത്തിനുള്ള 4600 കോടിയുടെ പദ്ധതി, അവസാനിക്കാന്‍ 13 മാസം ബാക്കി നില്‍ക്കേ ചെലവഴിച്ചത് 1200 കോടി മാത്രം. കേരളം കേന്ദ്രത്തിനു നല്കിയ ഗുണഭോക്താക്കളുടെ ലിസ്റ്റും വ്യാജമാണ്. പദ്ധതി റാങ്കിങ്ങില്‍ കേരളം 28-ാമത്.
2019ല്‍ ആണ് മോദി സര്‍ക്കാര്‍ ജല്‍ജീവന്‍ മിഷന്‍ പദ്ധതിക്കു തുടക്കം കുറിച്ചത്. എന്നാല്‍ സംസ്ഥാനത്ത് പദ്ധതിയെക്കുറിച്ച് ആലോചന തുടങ്ങിയതുതന്നെ 2021ല്‍ ആണ്. 2021 മുതല്‍ 4600 കോടി സംസ്ഥാനത്തിന് അനുവദിച്ചു. ഇതില്‍ 1200 കോടി മാത്രമാണ് ചെലവഴിച്ചത്. ഈ തുക ഉപയോഗിച്ച് 15.59 ലക്ഷം ഉപഭോക്താക്കള്‍ക്ക് കുടിവെള്ളമെത്തിച്ചെന്നാണ് കേന്ദ്ര ജല വിഭവ മന്ത്രാലയത്തെ അറിയിച്ചത്. ഈ കണക്കു വ്യാജമാണെന്ന് ജല്‍ജീവന്‍ മിഷന്‍ ഇംപ്ലിമെന്റിങ് സപ്പോര്‍ട്ട് ഏജന്‍സി കൂട്ടായ്മ ഐഎസ്ഒ പ്ലാറ്റ്ഫോം വ്യക്തമാക്കി.
രണ്ടു ലക്ഷത്തില്‍ താഴെ കുടുംബങ്ങള്‍ മാത്രമാണ് ജല്‍ജീവന്‍ മിഷന്‍ പദ്ധതിയുടെ യഥാര്‍ഥ ഗുണഭോക്താക്കള്‍. പുതിയ പദ്ധതി രൂപപ്പെടുത്തിയാണ് കുടിവെള്ളം നല്കേണ്ടത്. എന്നാല്‍ ജലനിധി, വാട്ടര്‍ അതോറിറ്റി എന്നിവയുടെ നിലവിലെ കണക്ഷനില്‍ കൂട്ടിച്ചേര്‍ത്താണ് സംസ്ഥാനത്ത് പദ്ധതി നടപ്പാക്കുന്നത്. അതിനുശേഷം അവരുടെ ആധാര്‍ നമ്പര്‍ വെബ്സൈറ്റില്‍ ഉള്‍പ്പെടുത്തി 15.59 ലക്ഷം ഗുണഭോക്താക്കളെ സൃഷ്ടിച്ചു. നിലവിലെ പൈപ്പ് ലൈന്‍ ശേഷിയെക്കാള്‍ കൂടുതല്‍ കണക്ഷനായതോടെ പലയിടത്തും വെള്ളം ലഭിക്കാതായി.
പദ്ധതിച്ചെലവിന്റെ 10 ശതമാനം ഗുണഭോക്താവ് നല്കണം. ശേഷിക്കുന്ന തുകയുടെ 50 ശതമാനം കേന്ദ്ര സര്‍ക്കാര്‍ നല്കും. ബാക്കിയാണ് സംസ്ഥാന സര്‍ക്കാര്‍ നല്കുന്നത്. എന്നാല്‍ സംസ്ഥാനത്ത് ഈ കരാര്‍ അട്ടിമറിച്ചു. ഗ്രാമപഞ്ചായത്തുകള്‍ 15 ശതമാനം വിഹിതം നല്കണമെന്നും പദ്ധതിക്ക് സ്ഥലം വേണ്ടിവന്നാല്‍ അതും ഗ്രാമപഞ്ചായത്ത് കണ്ടെത്തണമെന്നും മാറ്റം വരുത്തി. വരുമാനം
കുറഞ്ഞ പഞ്ചായത്തുകള്‍ക്ക് ഇത് വലിയ ബാധ്യതയായി. പദ്ധതി നടപ്പാക്കാനാകാത്ത അവസ്ഥയിലെത്തി. പദ്ധതി നിര്‍വഹണ ഏജന്‍സികള്‍ക്ക് നല്കേണ്ട വിഹിതം സമയ ബന്ധിതമായി സംസ്ഥാനസര്‍ക്കാര്‍ നല്കിയതുമില്ല. ഇതോടെ കരാര്‍ ഒപ്പിട്ട 755 ഗ്രാമപഞ്ചായത്തുകളില്‍ പദ്ധതി നിലച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: