എന്‍.സി.ടി. ശ്രീഹരി
എബിവിപി സംസ്ഥാന സെക്രട്ടറി
ഇന്നും നാളെയും മറ്റന്നാളുമായി തിരുവനന്തപുരത്ത് നടക്കുന്ന എബിവിപി 38-ാം സംസ്ഥാനസമ്മേളനത്തിന്റെ മുദ്രാവാക്യമാണ് ‘സമഗ്ര വിദ്യാഭ്യാസം, സ്വാശ്രയ ഭാരതം’ എന്നത്. ഇന്നത്തെ വിദ്യാര്‍ത്ഥി നാളെയുടെ പൗരന് എന്ന പറഞ്ഞു പഴകിയ ആശയമല്ല എബിവിപി പ്രതിനിധാനം ചെയ്യുന്ന കാഴ്ച്ചപ്പാട്. മറിച്ച് ‘ഇന്നത്തെ വിദ്യാര്‍ത്ഥിയാണ് ഇന്നത്തെ പൗരന്’ എന്നതാണ്. വിദ്യാര്‍ത്ഥി ശക്തി രാഷ്ട്രത്തിന്റെ ശക്തിയാണ്. ആരോഗ്യകരമായ സമൂഹം കെട്ടിപ്പടുക്കുന്നതില്‍ വിദ്യാര്‍ത്ഥികള്‍ക്കും അവരുടേതായ പങ്കുവഹിക്കാനുണ്ട്. വിദ്യാര്‍ത്ഥികളുടെ ബൗദ്ധികവും സാമൂഹികവുമായ താല്പര്യങ്ങള്ക്ക് ഊന്നല്‍ നല്കുന്ന പഠന രീതിയെയാണ് സമഗ്ര വിദ്യാഭ്യാസത്തിലൂടെ മുന്നോട്ടുവെക്കുന്നത്. യഥാര്‍ത്ഥ ജീവിത സാഹചര്യങ്ങളെ അതിജീവിക്കാന്‍ വിദ്യാര്‍ത്ഥികളെ സഹായിക്കാന്‍, അവരില്‍ ആത്മവിശ്വാസം ഉണ്ടാക്കുക എന്നതാണ് ആദ്യപടി. സാധാരണ ക്ലാസ് മുറികളില്‍, പരാജയം ഒരു സാധാരണ ആശയമാണ്. ഒരു സെഷന്റെ ലക്ഷ്യം ഒരു പരീക്ഷയില്‍ അവസാനിക്കുമ്പോള്‍, അത് വിദ്യാര്‍ത്ഥിയെ യാന്ത്രികതയിലേക്ക് നയിക്കുന്നു. അവന്റെ ചിന്തകള്‍ കേവലം പരീക്ഷകള്‍ ജയിക്കുക എന്ന സങ്കുചിത ചട്ടക്കൂടിനകത്ത് തളച്ചിടപ്പെടുന്നു. ഉല്പന്നങ്ങള് മാത്രമാക്കി തീര്‍ക്കാന്‍ ശ്രമിക്കുന്ന ഏത് വിദ്യാഭ്യാസ രീതിക്കും അപ്പുറത്ത് അറിവിന്റെ മായിക പ്രപഞ്ചം ഉണ്ടെന്ന സത്യം മറക്കാതിരിക്കാന്‍ ഓരോ വിദ്യാര്‍ത്ഥിക്കും കഴിയണം.പ്രശ്നങ്ങളെ തരണം ചെയ്യാന്‍ വിദ്യാര്‍ത്ഥികളെ സഹായിക്കുന്നതിന് അവരില്‍ സഹിഷ്ണുതയും സ്ഥിരോത്സാഹവും വളര്‍ത്തിയെടുക്കണം. വിദ്യാര്‍ത്ഥികളിലെ വൈവിധ്യത്തെ വിലമതിക്കുന്നത് വളരെ പ്രധാനമാണ്. അത്തരത്തിലുള്ള യുവസമൂഹത്തിന് രാഷ്ട്രത്തെ സ്വാശ്രയത്വത്തിലേക്ക് നയിക്കാന്‍ കഴിയും.
സ്വാശ്രയ ഭാരതത്തിന്റെ പൂര്‍ത്തീകരണം യുവാക്കള്‍ക്ക് മാത്രമേ സാധ്യമാകുകയുള്ളൂ. സ്വാതന്ത്ര്യത്തിന്റെ 75-ാം വര്‍ഷം പിന്നിടുമ്പോള്‍ ഭാരതംപോലൊരു രാഷ്ട്രത്തിന് സ്വന്തമായി നില്‍ക്കേണ്ടതും സ്വയംപര്യാപ്തമാകേണ്ടതും അനിവാര്യമാണ്. ഒരു കുടുംബത്തിന് എന്താണോ ആവശ്യമാകുന്നത് അത് രാജ്യത്തിനും അനിവാര്യമാണ്. ‘ലോകമാകെ ഒരു കുടുംബം’ എന്ന ആപ്തവാക്യമാണ് ഇന്ത്യ എന്നും പിന്തുടരുന്നത്. ലോകത്തിന്റെ ക്ഷേമത്തിന് സംഭാവന നല്‍കാനുള്ള ശേഷി നമ്മളുണ്ടാക്കണം. എങ്ങനെയാണ് സ്വാശ്രയ ഭാരതത്തിന് ലോകത്തെ സഹായിക്കാന്‍ കഴിയുന്നതെന്ന് നമ്മള് കൊവിഡ് കാലത്ത് മനസ്സിലാക്കിയതാണ്. അതുകൊണ്ട് ലോകക്ഷേമത്തിനായി പ്രവര്‍ത്തിക്കുകയെന്നത് ഇന്ത്യയുടെ കടമയാണ്. രാജ്യം നേരിടുന്ന വലിയ വെല്ലുവിളികളിലൊന്നായ തൊഴിലില്ലായ്മയ്ക്ക് ശാശ്വത പരിഹാരം കാണാന്‍ സ്വാശ്രയ ഭാരതമെന്ന ആശയ പൂര്‍ത്തീകരണത്തിലൂടെ സാധ്യമാകും. ജോലി തേടുന്നവരില്‍ നിന്ന് ജോലിനല്‍കുന്നവര്‍ എന്ന മാനസികാവസ്ഥയിലേക്ക് യുവസമൂഹത്തിന് പരിവര്ത്തനമുണ്ടാകേണ്ടതുണ്ട്. പുതുസംരംഭങ്ങള്‍ ആരംഭിക്കാന്‍ വിദ്യാര്‍ത്ഥി സമൂഹം മുന്‍കൈയെടുക്കണം. സംരംഭകത്വം എല്ലായ്പോഴും രാജ്യത്തിന്റെ കരുത്താണ്.
നമ്മുടെ യുവതീ യുവാക്കള്‍ സംരംഭകത്വ നൈപുണ്യത്താല്‍ രാജ്യത്തിന്റെ വളര്‍ച്ചയ്ക്ക് സംഭാവനകള്‍ നല്കുന്നവരായി മാറണം. ‘പഠിച്ചുകൊണ്ടിരിക്കുമ്പോള്‍ സമ്പാദിക്കുക’ എന്ന കാഴ്ചപ്പാട് വിദ്യാര്‍ത്ഥികള്‍ ഉള്‍ക്കൊള്ളണം. 14-ാം വയസില്‍ സമ്പാദിച്ചു തുടങ്ങിയ ടാറ്റയും 18-ാം വയസില്‍ സംരംഭം തുടങ്ങിയ ബില്‍ഗേറ്റ്സ്, മാര്‍ക്ക് സുക്കര്‍ബര്‍ഗ് തുങ്ങിയവരും പണം സമ്പാദിക്കുക മാത്രമല്ല, ആയിരക്കണക്കിന് ആളുകള്‍ക്ക് ജോലി നല്‍കുകയും ചെയ്ത മാതൃകകളാണ്. ജോലി മാത്രമെന്ന ചെറിയ കാഴ്ചപ്പാടിനുപകരം സ്വന്തം സംരംഭമെന്ന വലിയ ചിന്താഗതിയിലൂടെ ഉയരങ്ങള്‍ കീഴടക്കിയവരുടെ നിര വളരെ വലുതാണ്. ആ മാതൃകകള്‍ യുവാക്കള്‍ ഏറ്റെടുക്കണം. ‘പ്രാദേശികതയ്ക്ക് വേണ്ടിയുള്ള ശബ്ദം'(Vocal and Local) എന്ന മുദ്രാവാക്യം പ്രാവര്‍ത്തികമാക്കണം. നമ്മുടെ പ്രാദേശിക ഉല്‍പ്പന്നങ്ങളില്‍ നാം അഭിമാനം കൊള്ളണം. നമ്മുടെ നാട്ടിലെ ഉല്‍പ്പന്നങ്ങള്‍ ലോകോത്തരമാണെന്ന് ഉറപ്പിക്കണം. അവയെ പരിപോഷിപ്പിക്കേണ്ടത് നമ്മളാണ്. ലോകോത്തരമായ എന്തും നമ്മള് ഇന്ത്യയില്‍ നിര്‍മ്മിച്ചെടുക്കണം. ഇതിനായി നമ്മുടെ സംരംഭകരും സ്റ്റാര്‍ട്ടപ്സും മുന്‍പോട്ടു വരണം.
വിദ്യാര്‍ത്ഥി ജീവിതം നല്ലതല്ലെങ്കില്‍ അവരുടെ ഭാവി ശിഥിലമാകാന്‍ സാധ്യത ഏറെയാണ്. അങ്ങനെ അവര്‍ സമൂഹത്തിന്റെയും രാജ്യത്തിന്റെയും ശത്രുക്കളായി മാറും. അതിനാല്‍ തന്റെ വിദ്യാര്‍ത്ഥി ജീവിതകാലം നന്നായി ഉപയോഗപ്പെടുത്തി സമൂഹത്തെയും നാടിനെയും ഉയര്‍ച്ചയിലേക്ക് ആനയിക്കുവാനുള്ള നിശ്ചയദാര്‍ഢ്യം കൈക്കൊള്ളുമ്പോഴാണ് വിദ്യാര്ത്ഥിത്വത്തിന്റെഅര്ത്ഥം പൂര്‍ണമാവുന്നത്. സ്വാശ്രയ ബോധത്തോടെയുള്ള തലമുറയ്ക്ക് മാത്രമേ രാജ്യത്തെ മുന്നോട്ട് നയിക്കാനാകൂ. എബിവിപി 38-ാം സംസ്ഥാനസമ്മേളനം മുന്നോട്ടുവയ്ക്കുന്ന കാഴ്ചപ്പാടിതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: