തിരുവനന്തപുരം:ഒരു ഇടവേളയ്‌ക്ക് ശേഷം വീണ്ടും തിരുവനന്തപുരത്ത് ഗുണ്ടാ വിളയാട്ടം ശക്തമാവന്നു. കണിയാപുരത്ത് യുവാവിനെ തട്ടി കൊണ്ട് പോയ കേസിലെ പ്രതികളെ പിടികൂടാൻ എത്തിയ പോലീസ് സംഘത്തിന് നേരെ വെള്ളിയാഴ്ച ബോംബേറ് നടന്നു. ഗുണ്ടാനിയമം ശക്തമായപ്പോള്‍ ഒതുങ്ങിപ്പോയ ഗുണ്ടകള്‍ വീണ്ടും തലപൊക്കുകയാണ്. തലസ്ഥാനത്തെ ഗുണ്ടാത്തലവന്‍മാരായ പുത്തന്‍പാലം രാജേഷും ഓം പ്രകാശും അടുത്തടുത്ത ദിവസങ്ങളിലാണ് കേസുകളില്‍ പ്രതികളായത്.
കമ്മ്യൂണിസ്റ്റുപാര‍്ട്ടികള്‍ക്കുള്ളില്‍ തന്നെ ആദര്‍ശം ഇല്ലാതായതോടെ കയ്യൂക്കുള്ളവര്‍ വ്യക്തിപരമായ നേട്ടമുണ്ടാക്കാന്‍ രണ്ടും കെട്ട് നീങ്ങുകയാണ്. വിഴിഞ്ഞം സമരത്തിനിടയില്‍ തന്നെ ഭരണത്തിലിരിക്കുന്ന പാര്‍ട്ടികള്‍ തന്നെ ഗുണ്ടകളെ ഉപയോഗിച്ചതായി ആരോപണമുണ്ട്. അതുപോലെ നഗരസഭയുടെ കീഴിലുള്ള താല്‍ക്കാലിക ജോലി നല്‍കുന്നതിന്റെ ഭാഗമായും മാഫിയകള്‍ പ്രവര്‍ത്തിക്കുന്നതായും പറയുന്നു.
കണിയാപുരത്ത് യുവാവിനെ തട്ടി കൊണ്ട് പോയ കേസിലെ പ്രതികളെ പിടികൂടാൻ എത്തിയ പോലീസ് സംഘത്തിന് നേരെയാണ് ബോംബെറിഞ്ഞത്. ആക്രമണത്തില്‍ നിന്ന് തലനാരിഴയ്‌ക്കാണ് പോലീസ് രക്ഷപ്പെട്ടത്. അണ്ടൂർക്കാണം പായ്ചിറയിലുള്ള സഹോദരങ്ങളായ ഷമീർ ,ഷഫീഖ് എന്നിവരുടെ വീട്ടിലെത്തിയപ്പോൾ ആയിരുന്നു നാടൻ ബോംബ് പോലീസിന് നേരെ എറിഞ്ഞത്. ബോംബറിന് പിന്നാലെ പ്രതികള്‍ മഴുവും പോലീസിന് നേരെ എറിഞ്ഞു.
പ്രതികളിൽ ഒരാളായ ഷമീറിനെയും ഇയാളുടെ അമ്മയെയും പോലീസ് കസ്റ്റഡിയിലെടുത്തു. മറ്റൊരു പ്രതി സഹോദരനായ ഷഫീഖ് ഓടി രക്ഷപ്പെട്ടു.
ഇപ്പോള്‍ ഗുണ്ടകള്‍ തലസ്ഥാനത്ത് പരസ്പരം പോര്‍ വിളിക്കുന്ന സ്ഥിതിവിശേഷവുമുണ്ട്. റിയല്‍ എസ്റ്റേറ്റ്, കരിങ്കല്‍ ക്വാറി, മണ്ണ്, മാഫിയ പ്രവര്‍ത്തനങ്ങളിലൂടെയാണ് ഗുണ്ടകള്‍ പണമുണ്ടാക്കാന്‍ ചോരക്കളി നടത്തുന്നത്.
തിരുവനന്തപുരം പാറ്റൂരില്‍ ഗുണ്ടാസംഘങ്ങള്‍ തമ്മിലുള്ള കുടിപ്പകയാണ് വലിയ ഏറ്റുമുട്ടലില്‍ കലാശിച്ചത്. ഓം പ്രകാശിന്റെ ഗുണ്ടാസംഘവും നിതിന്റെ ഗുണ്ടാസംഘവും തമ്മില്‍ 10 ലക്ഷം രൂപയുടെ പേരില്‍ ഏറ്റുമുട്ടി.
നിതിനെ ഓം പ്രകാശം തലയില്‍ വെട്ടിയിരുന്നു. ഇതിന് മുന്‍പ് നിതിന്റെ സംഘം ഓം പ്രകാശിന്റെ സംഘത്തിലെ ഒരാളെ വെട്ടിപ്പരിക്കേല്‍പിച്ചിരുന്നു. ഈ സംഘട്ടനം നടന്ന ദിവസങ്ങളില്‍ ഓം പ്രകാശിന്റെ മൊബൈല്‍ നോക്കിയപ്പോള്‍ ടവര‍് ലൊക്കേഷന്‍ ചെന്നൈയിലാണ്. ആക്ഷന്‍ നടത്തുന്ന ദിവസം തങ്ങളുടെ മൊബൈല്‍ ഫോണ്‍ അന്യസംസ്ഥാനങ്ങളില്‍ എത്തിക്കുന്ന പതിവ് ഗുണ്ടാത്തലവന്‍മാര്‍ക്കിടയില്‍ വര്‍ധിച്ചിരിക്കുകയാണ്.
കഴിഞ്ഞ ദിവസം പുത്തന്‍പാലം രാജേഷ് കത്തിവീശിയാണ് ആംബുലന്‍സ് ഡ്രൈവര്‍മാരുടെ ഇടയില്‍ നിന്നും രക്ഷപ്പെട്ടത്.
വിഴിഞ്ഞം തുറമുഖ നിര്‍മ്മാണം, റിയല്‍ എസ്റ്റേറ്റരംഗത്തെ ഉണര്‍വ്വ് എന്നിവയാണ് ഗുണ്ടകളെ തലസ്ഥാനത്ത് വിളയാടാന്‍ പ്രേരിപ്പിക്കുന്നത്. സ്പെഷ്യല്‍ ബ്രാഞ്ചിന്റെ വീഴ്ചയും ഇതിന് പിന്നിലുണ്ടെന്ന് പറയപ്പെടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: