അനില്‍ പത്മനാഭന്
സാമ്പത്തികകാര്യ പത്രപ്രവര്ത്തകന്
അസാധാരണ സാഹചര്യങ്ങളുടെ പശ്ചാത്തലത്തിലാണു ഭാരതീയ ജനതാ പാര്‍ട്ടിയുടെ (ബിജെപി) നേതൃത്വത്തിലുള്ള ദേശീയ ജനാധിപത്യസഖ്യത്തിന്റെ (എന്‍ഡിഎ) തുടര്‍ച്ചയായ പതിനൊന്നാമത്തെ ബജറ്റായ, ഈ വര്‍ഷത്തെ കേന്ദ്രബജറ്റ് അവതരിപ്പിക്കപ്പെടുന്നത്. കാലാവസ്ഥാ വ്യതിയാനത്താലുണ്ടാകുന്ന അഭൂതപൂര്‍വമായ സാമ്പത്തികവെല്ലുവിളിയെ അഭിമുഖീകരിക്കുന്ന, അഗാധമായി വിഭജിക്കപ്പെട്ട ആഗോളസ്ഥിതി വിശേഷം കൊണ്ടു മാത്രമല്ല, അടുത്തവര്‍ഷം നടക്കാനിരിക്കുന്ന പൊതുതെരഞ്ഞെടുപ്പിനു മുന്നോടിയായുള്ള അവസാന സാധാരണ ബജറ്റ് എന്നതുകൊണ്ടു കൂടിയാണിത്.
2020ല്‍ കോവിഡ്19 മഹാമാരി പൊട്ടിപ്പുറപ്പെട്ടതിനുശേഷം, റഷ്യ-യുെ്രെകന് സംഘര്‍ഷം, തുടര്‍ന്ന് യുഎസ് ഫെഡറല്‍ റിസര്‍വ് പലിശനിരക്ക് ഉയര്‍ത്തല്‍, ചൈനയില്‍ അടുത്തിടെ വീണ്ടും കോവിഡ് ബാധിതരുടെ എണ്ണം വര്‍ധിച്ചത് തുടങ്ങിയതിലൂടെ ലോകം മുമ്പുണ്ടാകാത്ത തരത്തില്‍ വ്യാപ്തിയുള്ള ആവര്‍ത്തിച്ച ആഘാതങ്ങള്‍ക്കു വിധേയമായിട്ടുണ്ട്.
മഹാമാരി, ഭൗമരാഷ്ട്രീയ പിരിമുറുക്കങ്ങള്‍, ആഗോള പണലഭ്യത കുറയല്‍, ചരക്കു വില ആഘാതം എന്നിവയുടെ സംയോജിതഫലമായി ലോകത്തെ ഏറ്റവും വലിയ സമ്പദ്വ്യവസ്ഥയായ അമേരിക്ക ഉള്‍പ്പെടെ അപകടകരമായ മാന്ദ്യത്തിലേക്കു നീങ്ങി. എന്നിരുന്നാലും, കേന്ദ്രധനമന്ത്രി നിര്‍മല സീതാരാമനു സന്തോഷിക്കനുള്ള വകയുണ്ട്. 2022-23ല്‍ 6.57 ശതമാനം വളര്‍ച്ച കൈവരിക്കാന്‍ സജ്ജമായ സമ്പദ്വ്യവസ്ഥയിലൂടെ, ഈ ഭയാനകമായ ആഗോളസാഹചര്യങ്ങളെ ഇന്ത്യ പതിവായി വെല്ലുവിളിക്കുകയാണ്. അതിലുപരി, 2014ല്‍ അധികാരമേറ്റശേഷം എന്‍ഡിഎ സ്വീകരിച്ച നയങ്ങളുടെ ഫലമാണിതെന്നു വിശ്വസിക്കാന്‍ ധനമന്ത്രിക്കു മതിയായ കാരണവുമുണ്ട്.
പുത്തന്‍ നയം
ഒമ്പതുവര്‍ഷംമുമ്പ് അധികാരമേറ്റതുമുതല്‍ ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയെ അടിമുടി മാറ്റുന്നതിനായി എന്‍ഡിഎ ശ്രമങ്ങള്‍ ആരംഭിച്ചു. ആഗോള നിക്ഷേപ ബാങ്കുകളും ലോകബാങ്കും അന്താരാഷ്ട്ര നാണയനിധിയും ഈ നയമാറ്റങ്ങളെ അടുത്തിടെ അഭിനന്ദിക്കുകയും സാധൂകരിക്കുകയും ചെയ്തിട്ടുണ്ട്.
ഏറ്റവും വലിയ പരോക്ഷ നികുതിപരിഷ്കരണമായ ചരക്കു സേവന നികുതി(ജിഎസ്ടി)യുടെ നടപ്പാക്കലോടെയാണ് ഇത് ആരംഭിച്ചത്. ജിഎസ്ടിയിലൂടെ രാജ്യം ആദ്യമായി സാമ്പത്തികമായി ഏകീകരിക്കപ്പെട്ടു. ‘ഒരു രാഷ്ട്രം, ഒരു നികുതി’ എന്ന ജിഎസ്ടി തത്വത്തിലൂടെ തടസങ്ങള്‍ മറികടന്ന്, സമ്പദ്വ്യവസ്ഥ കൂടുതല്‍ കാര്യക്ഷമമായി. പ്രതിമാസ മൊത്ത ജിഎസ്ടി സമാഹരണം ഇപ്പോള്‍ ശരാശരി ഒരുലക്ഷംകോടി രൂപയില്‍ കൂടുതലാണ് എന്നതില്‍ അത്ഭുതമില്ല. നവംബറില്‍ ഖജനാവിനു ലഭിച്ച തുക 1.45 ലക്ഷം കോടി രൂപയായിരുന്നു.
സ്വകാര്യമേഖലയിലെ നിക്ഷേപങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനും പുനരുജ്ജീവിപ്പിക്കുന്നതിനുമായി കോര്‍പ്പറേറ്റ് നികുതി നിരക്കുകള്‍ നിലവിലുള്ള 30ല്‍നിന്ന് 22 ശതമാനമായി കേന്ദ്രഗവണ്മെന്റ് കുറച്ചു. കൂടാതെ, 2019നുശേഷം സംയോജിപ്പിച്ച കമ്പനികള്‍ക്ക് ഇത് 15% എന്ന താഴ്ന്ന നിരക്കായി നിശ്ചയിച്ചു ഈ പദ്ധതി 2023 വരെ നീട്ടിയിട്ടുണ്ട്.
2016ലെ പാപ്പരത്തനിര്ധനത്വനിയമം വാണിജ്യ ബാങ്കുകളുടെ കിട്ടാക്കടപ്രതിസന്ധി ലഘൂകരിക്കാന്‍ സഹായിച്ചു. 2021-22ലെ സാമ്പത്തിക സര്‍വേപ്രകാരം 2021 സെപ്റ്റംബര്‍ 30ഓടെ, 7.94 ലക്ഷംകോടി രൂപയുടെ കിട്ടാക്കടത്തില്‍ 2.55 ലക്ഷംകോടി രൂപ ബാങ്കുകള്‍ തിരിച്ചുപിടിച്ചിട്ടുണ്ട്. ബാങ്കുകളുടെ ബാലന്‍സ് ഷീറ്റിലെ മൂലധനവല്‍ക്കരണം അടക്കമുള്ള സാമ്പത്തികമേഖലയിലെ ഈ അറ്റകുറ്റപ്പണി, വായ്പ നല്‍കാനുള്ള വാണിജ്യബാങ്കുകളുടെ ശേഷി പുനഃസ്ഥാപിച്ചു.
സ്വകാര്യവല്‍ക്കരണനയം ഔപചാരികമാക്കിയതിനുശേഷം എന്‍ഡിഎ വലിയ പ്രത്യയശാസ്ത്ര പുനഃസജ്ജീകരണവും ഏറ്റെടുത്തു. എയര്‍ ഇന്ത്യയെ ടാറ്റ ഗ്രൂപ്പിനു കൈമാറിയത് ഇതിന് ഏറ്റവും പുതിയ ഉദാഹരണമാണ്. അതേസമയം, നിര്‍ത്തിവച്ചിരുന്ന വന്‍കിട ഗ്രീന്‍ഫീല്‍ഡ് അടിസ്ഥാനസൗകര്യപദ്ധതികള്ക്കു ധനം കണ്ടെത്തുന്നതിനായി പൊതുമേഖലയുടെ ഉടമസ്ഥതയിലുള്ള നിഷ്ക്രിയ ആസ്തികള്‍ പണമാക്കി മാറ്റുന്നതിനു കേന്ദ്ര ഗവണ്മെന്റ് നടപടികള്‍ സ്വീകരിച്ചു. സ്വകാര്യ നിക്ഷേപങ്ങള്‍ വര്‍ധിപ്പിക്കുക എന്നതാണ് അടിസ്ഥാനനയം.
സാമ്പത്തിക ദീര്‍ഘദൃഷ്ടി, സാമ്പത്തികസ്രോതസുകള്‍ സ്വതന്ത്രമാക്കല്‍, നികുതിപിരിവിലെ വളര്‍ച്ച എന്നിവ അടിസ്ഥാനസൗകര്യപദ്ധതികളും കോവിഡ്19 ദുരിതാശ്വാസ പാക്കേജുകളും നല്കുന്നതിനു ധനമന്ത്രിയെ സഹായിച്ചു. അതിലുപരി, സാമ്പത്തിക കാര്യക്ഷമത മെച്ചപ്പെടുത്തിയ ഘടനാപരമായ പരിഷ്കരണങ്ങള്‍, മഹാമാരി അഴിച്ചുവിട്ട സാമ്പത്തിക തകര്‍ച്ചയ്ക്കെതിരായ മുന്‍കരുതല്‍ ആയിരുന്നുവെന്ന് ഇപ്പോള്‍ വ്യക്തമാണ്.
ഡിജിറ്റല്‍ സേവനങ്ങള്‍
ആധാര്‍, ഏകീകൃത പണമിടപാടു സംവിധാനം (യുപിഐ), കോവിന്‍, ഓപ്പണ്‍ നെറ്റ്വര്‍ക്ക് ഫോര്‍ ഡിജിറ്റല്‍ കൊമേഴ്സ് (ഒഎന്‍ഡിസി), അക്കൗണ്ട് അഗ്രിഗേറ്ററുകള്‍, ഹെല്‍ത്ത് സ്റ്റാക്ക്, ഓപ്പണ്‍ ക്രെഡിറ്റ് എനേബിള്‍മെന്റ് നെറ്റ്വര്‍ക്ക് (ഒസിഇഎന്‍) തുടങ്ങിയ ഡിജിറ്റല്‍ പൊതു സേവനങ്ങള്‍ (ഡിപിജി) ദ്രുതഗതിയില്‍ നടപ്പിലാക്കിയതിലൂടെ കഴിഞ്ഞ ദശകത്തില്‍ ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയ്ക്ക് അപ്രതീക്ഷിത ഉത്തേജനം ലഭിച്ചു.
ഈ സേവനങ്ങള്‍ തുറന്ന ഡിജിറ്റല്‍ ആവാസവ്യവസ്ഥ എന്ന നിലയിലാണു സൃഷ്ടിച്ചിരിക്കുന്നത്. സാമ്പത്തിക ഇടപാടുകള്‍, ആരോഗ്യസംരക്ഷണം തുടങ്ങിയവയില്‍ നവീകരണത്തിനായി ഡിജിറ്റല്‍ മാര്‍ഗങ്ങള്‍ ഉപയോഗിക്കാന്‍ ഇതു സ്വകാര്യമേഖലയെ പ്രാപ്തമാക്കുന്നു. അതേസമയം, പ്രവേശനച്ചെലവു നാടകീയമായി കുറയ്ക്കുന്നതിലൂടെ, ഈ സേവനങ്ങള്‍ സമ്പദ്വ്യവസ്ഥയുടെ ഔപചാരികത ത്വരിതപ്പെടുത്തി വ്യക്തിത്വം, കോവിഡ് കുത്തിവയ്പ്, സാമ്പത്തിക ഇടപാടുകള്‍, ഇകൊമേഴ്സ് എന്നിവയിലേക്കുവരെയുള്ള പ്രവേശനത്തെ ജനാധിപത്യവല്‍ക്കരിച്ചു.
25 ലക്ഷംകോടി രൂപയിലധികം വരുന്ന നേരിട്ടുള്ള ആനുകൂല്യക്കൈമാറ്റം ത്വരിതപ്പെടുത്തുന്നതിനും കേന്ദ്രഗവണ്മെന്റ് ഈ പൊതു ഡിജിറ്റല്‍ മാര്‍ഗങ്ങള്‍ ഉപയോഗിച്ചു. അതിന്റെ ഫലമായി ഇടനിലക്കാരിലൂടെ ഖജനാവിന് ഉണ്ടായേക്കാവുന്ന 2 ലക്ഷംകോടി രൂപയ്ക്കു മുകളിലുള്ള ചോര്‍ച്ച തടഞ്ഞു. കൂടാതെ, ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയുടെ ഭാഗമല്ലായിരുന്ന ഈ ഗുണഭോക്താക്കള്‍ ഇപ്പോള്‍ അതിന്റെ പ്രധാന പങ്കാളികളായും മാറിയിരിക്കുന്നു.
മഹാമാരിയിലെ വ്യഥകള്‍
കോവിഡ് മഹാമാരിയുടെ ഫലമായ സമ്പദ്വ്യവസ്ഥയുടെ അടച്ചുപൂട്ടല്‍ ഇന്ത്യയില്‍ മാത്രമല്ല, ലോകമെമ്പാടും ജീവിതത്തിനും ഉപജീവനമാര്‍ഗങ്ങള്‍ക്കും വലിയ ദുരിതം സൃഷ്ടിച്ചു. മറ്റു രാജ്യങ്ങളില്‍നിന്നു വ്യത്യസ്തമായി, സമ്പദ്വ്യവസ്ഥയെ പുനരുജ്ജീവിപ്പിക്കാന്‍ ഇന്ത്യ സാമ്പത്തിക ഉത്തേജനം തെരഞ്ഞെടുത്തില്ല. പകരം, ആദ്യം ജീവന് രക്ഷിക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയും പിന്നീട്, ക്രമേണ ഉപജീവനമാര്‍ഗങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയും ചെയ്ത ഇന്ത്യ അനുയോജ്യമായ തന്ത്രമാണു പിന്തുടര്ന്നത്. ഇതിന്റെ ഭാഗമായി 80 കോടി ജനങ്ങള്‍ക്കു സൗജന്യ ഭക്ഷ്യധാന്യപദ്ധതി നടപ്പാക്കി ദുര്‍ബല വിഭാഗങ്ങളുടെ ഭൗതിക അടിത്തറ ശക്തിപ്പെടുത്തി; 2023 ഡിസംബര്‍ വരെ ഇതു നീട്ടിനല്‍കിയിട്ടുണ്ട്.
എല്ലാവര്ക്കും വൈദ്യുതി, കുടിവെള്ളം, ശുചിത്വം, പാര്‍പ്പിടം എന്നിവ ലഭ്യമാക്കുന്നതിനുള്ള സാഹചര്യത്തിനൊപ്പം സമൂഹത്തിന്റെ താഴേത്തട്ടിലുള്ളവരുടെ ദുരിതങ്ങള്‍ ലഘൂകരിക്കുന്നതില്വരെ ഈ അനന്യമായ സാമൂഹ്യസുരക്ഷാവല വിജയിച്ചു. ഒപ്പം, ഘടനാപരമായ പരിഷ്കരണങ്ങള്‍ നടപ്പാക്കിയതിലൂടെ സമ്പദ്വ്യവസ്ഥയും കൂടുതല്‍ കാര്യക്ഷമമായി. കിട്ടാക്കടങ്ങളുടെ അഭൂതപൂര്‍വമായ കുതിച്ചുചാട്ടത്താല്‍ ബാങ്കിങ് മേഖലയിലുണ്ടായ നാശനഷ്ടങ്ങള്‍ പരിഹരിക്കുന്ന തിരക്കിലായിരുന്നു ഇന്ത്യന്‍ സമ്പദ്വ്യവസ്ഥ എന്നതിനാല്‍, ഈ പരിഷ്കരണങ്ങള്‍ ഉണ്ടാക്കിയ ഫലം ഇതുവരെ പ്രകടമായിട്ടില്ല. കൂടാതെ, മഹാമാരിയെ തുടര്‍ന്നുണ്ടായ തിരിച്ചടികള്‍ തിരിച്ചുവരവുപ്രക്രിയയെ മന്ദഗതിയിലാക്കി. എന്നിരുന്നാലും, ഈ ഒറ്റത്തവണ ആഘാതങ്ങള്‍ ഇല്ലാതായി ഒരു കുതിച്ചുചാട്ടത്തിനൊരുങ്ങുന്ന സമ്പദ്വ്യവസ്ഥ, ഈ വര്‍ഷത്തെ ബജറ്റിന് ആരോഗ്യകരമായ പശ്ചാത്തലമാണു നല്‍കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: