ഇസ്ലാമാബാദ്: വിലക്കയറ്റം രൂക്ഷമാകുകയും ഗോതമ്പ് അടക്കമുള്ള അവശ്യവസ്തുക്കള്‍ക്ക് കടുത്ത ക്ഷാമം അനുഭവപ്പെടുകയും ചെയ്തതോടെ പാകിസ്ഥനിലെ ഭക്ഷ്യ പ്രശ്നം അതീവ ഗുരുതരമായി. മിക്കയടങ്ങളിലും ഗോതമ്പിനും മറ്റും വമ്പന്‍ ക്യൂകളാണ്. പലയിടങ്ങളിലും സാധനങ്ങള്‍ വാങ്ങാനുള്ള തിരക്കും തിരക്കിലും വീണ് നിരവധി പേര്‍ക്കാണ് പരിക്കേല്‍ക്കുന്നത്. കാര്യങ്ങള്‍ ഇങ്ങനെ പോയാല്‍ പട്ടിണി മരണങ്ങള് ഉണ്ടാകുമെന്ന ആശങ്കയിലാണ് പാക് ജനത.
മുസാഫര്‍ബാദ്, ബാഗ് തുടങ്ങി പാക്കധിനിവേശ കശ്മീരിലെ പ്രദേശങ്ങളിലും പ്രശ്നം ദയനീയമാണ്. ഇവിടെ സബ്സിഡിയുള്ള ഗോതമ്പ് വിതരണം പൂര്‍ണമായും നിലച്ചു കഴിഞ്ഞു. കടകളെല്ലാം കാലിയാണ്. മിക്ക വസ്തുക്കളുടെയും വില വീണ്ടും ഉയരുകയാണ്. ഉള്ളി കിലോയ്ക്ക് 220 രൂപയാണ് വില. ഒരു വര്‍ഷം കൊണ്ട് കൂടിയത് 501 ശതമാനമാണ്. ബലൂചിസ്ഥാന്‍, ഖൈബര്‍ പഖ്തൂണ്‍ഖ, സിന്ധ് തുടങ്ങിയ മേഖലകളിലും അവസ്ഥ മോശമാണ്. ഇവിടങ്ങളില്ലൊം ഗോതമ്പിനും റൊട്ടിക്കും വേണ്ടിയുള്ള നീണ്ട നിര കാണാം. നാലഞ്ച് റൊട്ടിക്കു വേണ്ടി മണിക്കൂറുകള്‍ ക്യൂ നില്‍ക്കണം. ചിലയിടങ്ങളില്‍ ഒരു ചാക്ക് ഗോതമ്പ് പൊടിക്കുവേണ്ടി സംഘര്‍ഷം വരെയുണ്ടാകുന്നുണ്ട്. ഇത്തരം കലാപങ്ങളുടെ വീഡിയോകള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലാണ്.
ബലൂചിസ്ഥാനിലാണ് സംഘര്‍ഷം മുറുകിയത്. ഈ സാഹചര്യത്തില്‍ ഇവിടുത്തെ ഭക്ഷണ വിതരണച്ചുമതല പാക് സൈന്യം ഏറ്റെടുത്തു. ക്വറ്റ കോര്‍ കമാന്‍ഡര്‍ ലഫ്. ജനറല്‍ ആസഫ് ഗഫൂറിനാണ് ചുമതല. ഭക്ഷ്യമന്ത്രിയെ മറികടന്നാണ്, അദ്ദേഹം ഏറ്റെടുക്കേണ്ടിയിരുന്ന ദൗത്യം സൈനിക ഉദ്യോഗസ്ഥന് ഏറ്റെടുത്തത്. മറ്റിടങ്ങളില്‍ ഇത്തരം ചുമതലകള്‍ പട്ടാളം ഏറ്റെടുക്കുമോയെന്ന് വ്യക്തമല്ല. വിലക്കയറ്റം പിടിച്ചു നിര്‍ത്തുന്നതിലും അവശ്യവസ്തുക്ഷാമം തടയുന്നതിലും പാക് സര്‍ക്കാര്‍ പരാജയെപ്പട്ടുവെന്നാണ് വിലയിരുത്തല്‍.
പാകിസ്ഥാന് പാപ്പരാകുമെന്ന ആശങ്കയും ശക്തമാണ്. വിദേശനാണ്യ ശേഖരം എട്ടു വര്‍ഷത്തെ ഏറ്റവും കുറഞ്ഞ നിലയിലാണ്. അഞ്ച് ബില്ല്യന്‍ ഡോളറനും താഴെയാണിത്. ഏറ്റവും വലിയ സാമ്പത്തിക പ്രതിസന്ധികളില്‍ ഒന്നാണ് പാകിസ്ഥാന് ഇപ്പോള്‍ നേരിടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: