തിരുവനന്തപുരം : ഒറ്റയ്ക്ക് ആരുടേയും സഹായമില്ലാതെ തനിച്ച് താമസിക്കുന്ന വയോധികയുടെ ഭൂമിയും, പണവും, സ്വര്‍ണവും സ്പിഎം കൗണ്‍സിലര്‍ തട്ടിയെടുത്തതായി പരാതി. നെയ്യാറ്റിന്‍കര നഗരസഭാ തവരവിള വാര്‍ഡിലെ കൗണ്‍സിലറും സുജിനും ഭാര്യ ഗീതുവിനുമെതിരെയാണ് കേസ്.
ബേബി(78) എന്ന് പേരുള്ള വയോധികയെ സംരക്ഷിക്കാമെന്ന് വിശ്വസിപ്പിച്ച് കുടുംബത്തോടെ സുജിന്‍ ഇവരുടെവീട്ടില്‍ താമസം മാറിയശേഷം സ്വത്തും പണവും തട്ടിയെടുക്കുകയായിരുന്നു. സംഭവത്തില്‍ മാരായമുട്ടം പോലീസ് ഇരുവര്‍ക്കുമെതിരെ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം തുടങ്ങി. അച്ഛനമ്മമാരുടേയും സഹോദരങ്ങളുടേയും മരണത്തോടെയാണ് ബേബി ഒറ്റയ്ക്കായത്.
അവിവാഹിതയാണ് ഇവര്‍. ഇത് മനസ്സിലാക്കിയ സുജിന്‍ 2021 ഫെബ്രുവരിയില്‍ ഭാര്യയ്ക്കും കുട്ടിക്കും ഭാര്യയുടെ അച്ഛനും അമ്മയ്ക്കുമൊപ്പം ഈ വീട്ടില്‍ താമസം തുടങ്ങുകയായിരുന്നു. ശേഷം ബേബി അലമാരയില്‍ സൂക്ഷിച്ചിരുന്ന മാലയും വളയും കമ്മലുമെല്ലാം സുജിന്റെ ഭാര്യ ഗീതു ആദ്യം ഉപയോഗിച്ചുതുടങ്ങി. പിന്നീട് ഇതില്‍ പലതും പണയം വെച്ചു. ചിലത് വിറ്റു. എട്ടുമാസം കഴിഞ്ഞ് പെട്ടെന്ന് ഒരു ദിവസം ആശുപത്രിയില്‍ പോകുന്നു എന്ന് പറഞ്ഞ് എല്ലാവരും കൂടി പോയതാണ്. പിന്നീടിവര്‍ തിരിച്ചു വന്നിട്ടില്ല. കൈവശപ്പെടുത്തിയ സ്വര്‍ണവും കൊടുത്തില്ല.
ഇവര്‍ പോകുന്നതിന് മുമ്പ് തന്ത്രപരമായി നെയ്യാറ്റിന്‍കര സബ് രജിസ്ട്രാര്‍ ഓഫീസില്‍ ബേബിയെ എത്തിച്ച് പന്ത്രണ്ടര സെന്റ് ഭൂമി ഭാര്യ ഗീതുവിന്റെ പേരിലേക്ക് സുജിന്‍ മാറ്റി എഴുതിയിട്ടുമുണ്ട്. ഒപ്പം താമസിക്കുന്നതിനിടെ പല തവണയായി രണ്ട് ലക്ഷം രൂപയും സജിനും ഗീതുവും ചേര്‍ന്ന് കൈക്കലാക്കി. സുജിനും കുടുംബവും പോയശേഷം ബേബി പലതവണ സ്വര്‍ണവും ഭൂമിയും പണവും ആവശ്യപ്പെട്ടെങ്കിലും തിരിച്ചുനല്‍കിയില്ല. തുടര്‍ന്ന് ബേബി നെയ്യാറ്റിന്‍കര നഗരസഭാ ചെയര്‍മാനെ കണ്ട് പരാതി കൊടുത്തു. ചെയര്മാന് ഇരുവരെയും വിളിച്ച് സംസാരിച്ചെങ്കിലും നടപടിയുണ്ടായില്ല. തന്റെ പേരിലുള്ള ആരോപണങ്ങളെല്ലാം വ്യാജമാണ്. ഒരു നുള്ള് സ്വര്‍ണം പോലും എടുത്തില്ലെന്നായിരുന്നു സുജിന്‍ പ്രതികരിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: