അവസരവാദ രാഷ്ട്രീയവും അവിശുദ്ധ സഖ്യവുമാണ് കോണ്‍ഗ്രസ്സിന്റെയും ഇടതുപാര്‍ട്ടികളുടെയും മുഖമുദ്രയെന്ന് ഒരിക്കല്‍ക്കൂടി തെളിഞ്ഞിരിക്കുന്നു. ത്രിപുര നിയമസഭാ തെരഞ്ഞെടുപ്പില്‍ രണ്ടു പാര്‍ട്ടികളും ഒരുമിച്ചു മത്സരിക്കാന്‍ തീരുമാനിച്ചിരിക്കുകയാണ്. ആര്‍ക്ക് ഏത് മണ്ഡലം, ആരൊക്കെയാണ് സ്ഥാനാര്‍ത്ഥികള്‍ എന്നെല്ലാം രണ്ടു പാര്‍ട്ടികളുടേയും നേതാക്കള്‍ ഒരുമിച്ചിരുന്ന് തീരുമാനിക്കും. എല്ലാറ്റിനും മുന്‍കയ്യെടുത്ത് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി വളരെ സജീവമാണ്. പാര്‍ട്ടിയുടെ ജനറല്‍ സെക്രട്ടറിയാവുന്നതിനു മുന്‍പുതന്നെ കോണ്‍ഗ്രസ്സിനോട് തീവ്രമായ ആഭിമുഖ്യം പുലര്‍ത്തിയിരുന്ന നേതാവാണ് യെച്ചൂരി. 2004ലെ ലോക്സഭാ തെരഞ്ഞെടുപ്പിനു ശേഷം സോണിയ പ്രധാനമന്ത്രിയാവണമെന്ന് താന്‍ ആഗ്രഹിച്ചിരുന്നുവെന്നാണല്ലോ യെച്ചൂരി ഒരിക്കല്‍ വെളിപ്പെടുത്തിയത്. ജനറല്‍ സെക്രട്ടറി സ്ഥാനത്ത് എത്തിയശേഷം ഒരു കോണ്‍ഗ്രസ്സ് നേതാവിനെപ്പോലെയാണ് പാര്‍ലമെന്റിനകത്തും പുറത്തും യെച്ചൂരി പെരുമാറുന്നത്. ഇതുകൊണ്ടാണ് യെച്ചൂരി സിപിഎമ്മിന്റെ മാത്രം ജനസെക്രട്ടറിയല്ല, കോണ്‍ഗ്രസ്സിന്റെയും ജനറല്‍ സെക്രട്ടറിയാണെന്ന് കോണ്‍ഗ്രസ്സ് നേതാവ് ജയ്റാം രമേശ് പ്രഖ്യാപിച്ചത്. സിപിഎമ്മില്‍ പ്രകാശ് കാരാട്ട് വിഭാഗത്തിന്റെ എതിര്‍പ്പു കാരണം യെച്ചൂരിക്ക് ഒരിക്കല്‍ക്കൂടി രാജ്യസഭയിലെത്താന്‍ കഴിയാതിരുന്നപ്പോള്‍ തമിഴ്നാട്ടില്‍നിന്ന് എംപിയാക്കാന്‍ കോണ്‍ഗ്രസ് ഒരു ശ്രമം നടത്തിയിരുന്നു. ഇതിനുശേഷം കോണ്‍ഗ്രസ്സിനുവേണ്ടി യെച്ചൂരി മേലനങ്ങി പ്രവര്‍ത്തിച്ചു. ഇതിന്റെ ഭാഗമാണ് ഇപ്പോള്‍ ത്രിപുരയിലെ സിപിഎം-കോണ്‍ഗ്രസ് സഖ്യം. ഇതിനു മുന്‍പ് പശ്ചിമബംഗാളില്‍ സിപിഎം മുന്‍കയ്യെടുത്ത് ഇടതുപാര്‍ട്ടികളും കോണ്‍ഗ്രസ്സും തമ്മില്‍ സഖ്യമുണ്ടാക്കിയിരുന്നു. ഇതിന്റെ തുടര്‍ച്ചയാണ് ത്രിപുരയിലെ സഖ്യം.
സഖ്യം വേണോ സഹകരണം വേണോ എന്നു തീരുമാനിച്ചിട്ടില്ലെന്നാണ് സിപിഎം പറയുന്നത്. ഇതു രണ്ടും തമ്മില്‍ എന്തോ വലിയ വ്യത്യാസമുണ്ടെന്ന തെറ്റിദ്ധാരണ സൃഷ്ടിക്കുകയാണ്. രണ്ടായാലും തെരഞ്ഞെടുപ്പില്‍ ഒരുമിച്ചു മത്സരിക്കുന്നുവെന്നതാണ് കാര്യം. പശ്ചിമബംഗാളില്‍ കോണ്‍ഗ്രസ്സുമായി കൈകോര്‍ത്തപ്പോഴും ഇങ്ങനെയൊരു അസംബന്ധ ചര്‍ച്ച സിപിഎം ഉയര്‍ത്തിക്കൊണ്ടുവന്നിരുന്നു. സഖ്യത്തില്‍നിന്ന് വ്യത്യസ്തമാണ് സഹകരണം, ആദര്‍ശങ്ങളില്‍ വിട്ടുവീഴ്ച ചെയ്യേണ്ടിവരും എന്നുള്ളതുകൊണ്ടാണ് സഖ്യമാവാത്തത് എന്നൊരു മിഥ്യാധാരണയുണ്ടാക്കി അണികളെ പറ്റിക്കാനാണിത്. കോണ്‍ഗ്രസ്സിന്റെയും സിപിഎമ്മിന്റെയും പ്രശ്നം നിലനില്‍പ്പിന്റേതാണ്. ഏതു ചെകുത്താനുമായും കൂട്ടുകൂടാന്‍ ഇരുപാര്‍ട്ടികളും നിര്‍ബന്ധിതരാണ്. ഇക്കാര്യം തുറന്നുപറയാന്‍ ദുരഭിമാനവും രാഷ്ട്രീയ അഹന്തയും അനുവദിക്കുന്നില്ലെന്നുമാത്രം. യഥാര്‍ത്ഥത്തില്‍ കേരളത്തിനു പുറത്ത് മറ്റെല്ലാ സംസ്ഥാനങ്ങളിലും സിപിഎം, കോണ്‍ഗ്രസ്സിനൊപ്പമാണ്. തമിഴ്നാട്ടിലെയും ബീഹാറിലെയും നിയമസഭാ തെരഞ്ഞെടുപ്പുകള്‍ ഇക്കാര്യം പകല്‍പോലെ വ്യക്തമാക്കുകയും ചെയ്തു. രണ്ടിടത്തും ഇവര്‍ ഒരുമിച്ചു ഭരിക്കുകയുമാണ്. എന്നിട്ടും യാതൊരു ലജ്ജയുമില്ലാതെ പാര്‍ട്ടി വേദികളില്‍ സിപിഎം കോണ്‍ഗ്രസ്സിനോട് എതിര്‍പ്പ് നടിക്കുന്നു. ഈ മുഖംമൂടിയാണ് ത്രിപുരയിലെ സിപിഎം-കോണ്‍ഗ്രസ് സഖ്യത്തിലൂടെ അഴിഞ്ഞുവീണിരിക്കുന്നത്. യെച്ചൂരി തങ്ങളുടെയും നേതാവാണെന്ന കോണ്‍ഗ്രസ്സിന്റെ പ്രഖ്യാപനം ബംഗാളിലെയും ത്രിപുരയിലെയും സഖ്യം മുന്‍കാല പ്രാബാല്യത്തോടെ ശരിവച്ചിരിക്കുന്നു.
കോണ്‍ഗ്രസ്സിനെ പച്ചയ്ക്കു തിന്നുമെന്നൊക്കെ പറഞ്ഞു നടക്കുന്ന മുഖ്യമന്ത്രി പിണറായി വിജയനും കൂട്ടരും ത്രിപുരയില്‍ ആ പാര്‍ട്ടിയെ സിപിഎം വാരിപ്പുണരുന്നതിനെക്കുറിച്ച് നിശ്ശബ്ദത പാലിക്കുന്നത് കാപട്യമാണ്. ബംഗാളിലെ കോണ്‍ഗ്രസ്-സിപിഎം സഖ്യത്തിന് തങ്ങള്‍ എതിരാണെന്ന ഒരു പ്രതീതി പിണറായിയും മറ്റും സൃഷ്ടിച്ചിരുന്നു. പൊളിറ്റ് ബ്യൂറോയിലും കേന്ദ്ര കമ്മിറ്റിയിലും ബംഗാള്‍ ലൈനിനെതിരെ നിലപാടെടുത്തതായി ഇക്കൂട്ടര്‍ പ്രചരിപ്പിക്കുകയും ചെയ്തു. ത്രിപുരയിലെത്തിയപ്പോള്‍ ഇത്തരമൊരു നാട്യം പോലും വേണ്ടെന്ന് കേരളഘടകം തീരുമാനിച്ചിരിക്കുന്നു. കേരളത്തില്‍ കോണ്‍ഗ്രസ്സിന്റെ ജോഡോ യാത്രയെ എതിര്‍ത്ത സിപിഎം മറ്റിടങ്ങളില്‍ അതിനൊപ്പം നടക്കുകയാണ്. യാത്രയെ പ്രശംസിച്ചുകൊണ്ടുള്ള യെച്ചൂരിയുടെ പ്രസ്താവന പിണറായിയും മറ്റും കണ്ടില്ലെന്ന് നടിക്കുന്നു. കേരളത്തില്‍ തങ്ങളുടെ പാര്‍ട്ടിയെ അടിച്ചമര്‍ത്തുകയും, നേതാക്കളെ കള്ളക്കേസില്‍ കുടുക്കി അവഹേളിക്കുകയും, പാര്‍ട്ടി പ്രവര്‍ത്തകരെ കൊലപ്പെടുത്തുകയും ചെയ്യുന്ന സിപിഎമ്മുമായി മറ്റിടങ്ങളില്‍ സഖ്യമുണ്ടാക്കുന്നതിനെക്കുറിച്ച് കോണ്‍ഗ്രസ് നേതാക്കളും മൗനം പാലിക്കുകയാണ്. കഴിഞ്ഞ ലോക്സഭാതെരഞ്ഞെടുപ്പില്‍ കേരളത്തില്‍നിന്നാണല്ലോ കോണ്‍ഗ്രസ്സിന് ഏറ്റവുംകൂടുതല്‍ സീറ്റു കിട്ടിയത്. അമേഠിയില്‍നിന്ന് പേടിച്ചോടി വന്ന രാഹുലിനെപ്പോലും ജയിപ്പിച്ചത് കേരളമാണ്. ഇപ്പോള്‍ ചിത്രം മാറിയിരിക്കുന്നു. കേന്ദ്രത്തില്‍ അധികാരം ലഭിക്കുമെന്ന അന്തരീക്ഷത്തില്‍ അന്ന് ജയിച്ചുപോയ കോണ്‍ഗ്രസ്സ് എംപിമാരും ഇനി ലോക്സഭയിലേക്ക് മത്സരിക്കാനില്ലെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ്. കേരളത്തില്‍ മാത്രമാണ് ഇവര്‍ ജയസാധ്യത കാണുന്നത്. എന്നാല്‍ സിപിഎമ്മുമായി ത്രിപുര മോഡല്‍ സഖ്യം വരുന്നതോടെ ഈ പ്രതീക്ഷയും കേരളത്തില്‍ കോണ്‍ഗ്രസ്സിന് ഉപേക്ഷിക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: