കൊച്ചി: കനകമല ഇസ്ലാമിക് റിക്രൂട്ട്മെന്‍റ് കേസിലെ പ്രതിക്ക് ഏഴുവർഷം കഠിന തടവും മൂന്ന് ലക്ഷം രൂപ പിഴയും വിധിച്ച് എന്‍ഐഎ കോടതി. 2016 ഒക്ടോബർ ഒന്നിന് എൻഐഎ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിൽ ഒമ്പതാം പ്രതിയായ കോഴിക്കോട് സ്വദേശി മുഹമ്മദ് പോളക്കാനിയെയാണ് പ്രത്യേക എൻഐഎ കോടതി ഏഴുവർഷം തടവുശിക്ഷ വിധിച്ചത്.
വിവിധ വകുപ്പുകളിലായി 38 വർഷം തടവുശിക്ഷ വിധിച്ചെങ്കിലും ഒരുമിച്ച് അനുഭവിക്കുമ്പോൾ ഏഴു വർഷത്തെ കഠിനതടവാണ് ലഭിക്കുക.
ഇസ്ലാമിക് സ്റ്റേറ്റിൽ നിന്നും പ്രചോദനം ഉൾക്കൊണ്ട് ഇന്ത്യയിലെ വിവിധ സ്ഥലങ്ങളിൽ അക്രമം നടത്താൻ പദ്ധതിയിട്ട സംഘത്തിലെ അംഗമാണ് മുഹമ്മദ് പോളക്കാനി. രാജ്യത്തുള്ള വിദേശികൾക്കുനേരെ ഉൾപ്പെടെ ആക്രമണങ്ങൾ നടത്താന്‍ പദ്ധതിയിട്ടിരുന്നതായി എന്‍ഐഎ പറയുന്നു.
സിറിയയിലും മറ്റും വേരുറപ്പിച്ച ആഗോള ഭീകരസംഘമായ ഇസ്ലാമിക് സ്റ്റേറ്റിന്റെ പ്രവർത്തനങ്ങൾ വ്യാപിപ്പിക്കുന്നതിനായി അവരിൽ നിന്നും പ്രചോദനം ഉൾക്കൊണ്ട് ഒരു സംഘം യുവാക്കളാണ് ദക്ഷിണേന്ത്യ കേന്ദ്രീകരിച്ച് ‘അൻസറുൽ ഖിലാഫ-കെ എൽ’ എന്ന തീവ്രവാദ മൊഡ്യൂൾ രൂപീകരിച്ചത്. തമിഴ്‌നാടും കേരളവുമാണ് പ്രധാനമായും ഈ സംഘം ലക്ഷ്യമാക്കിയിരുന്നതെന്നാണ് വിവരം.സമൂഹമാധ്യമമായ ടെലഗ്രാമില്‍ നടന്ന ഗൂഢാലോചനയില്‍ ഹാര്‍പര്‍ പാര്‍ക്കര്‍ എന്ന പേരിലാണ് പോളക്കാനി പങ്കെടുത്തിരുന്നത്.
കണ്ണൂർ ജില്ലയിലെ കനകമലയിലാണ് പ്രതികൾ ഗൂഢാലോചന നടത്തിയിരുന്നത്. കേരളത്തിലെയും തമിഴ്‌നാട്ടിലെയും ജഡ്ജിമാർ, പോലീസ് ഉദ്യോഗസ്ഥർ, രാഷ്‌ട്രീയക്കാർ എന്നിവരുൾപ്പെടെയുള്ള പ്രമുഖരെ വധിക്കാനായിരുന്നു പദ്ധതി. ഒപ്പം വിദേശികളെ പ്രത്യേകിച്ചും ജൂതന്മാരെയും ലക്ഷ്യമിട്ടു.
വിദേശത്തായിരിക്കെയാണ് മുഹമ്മദ് പോളക്കാനി ഐഎസിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് ഭീകര സംഘടനയിൽ അംഗമായത്. സിറിയയിലെ ‘ദെയിഷ്’ അല്ലെങ്കിൽ ഇസ്ലാമിക് സ്റ്റേറ്റ് എന്നറിയപ്പെടുന്ന സംഘടനയില്‍ ചേരാനും ഇയാൾ ശ്രമിച്ചിരുന്നു. ഈ ഉദ്ദേശത്തോടെയാണ് 2018 ന്റെ തുടക്കത്തിൽ സൗദി അറേബ്യയിൽ നിന്ന് ഇയാൾ ജോർജിയയിലേക്ക് പോയത്. ജോർജിയയിൽ നിന്നും തുർക്കിയിലേയ്‌ക്കും അവിടെ നിന്നും അതിർത്തി കടന്ന് സിറിയയിലേക്കും എത്തി. എന്നാൽ 2020 സെപ്തംബർ 18 ന് ജോർജിയയിൽ നിന്ന് ഇന്ത്യയിൽ എത്തിയപ്പോൾ ദൽഹി വിമാനത്താവളത്തിൽ വച്ച് പോളക്കാനി നാടകിയമായി പൊലീസ് വലയിലായി. . 2021 ജൂണ്‍, ജൂലൈ മാസങ്ങളിലാണ് കേരളത്തില്‍ നിന്നുല്ള കൂട്ടത്തോടെയുള്ള തിരോധാന കേസുകള്‍ ഉണ്ടായത്. സ്ത്രീകളും കുട്ടികളും അടങ്ങുന്ന 21 അംഗസംഘം ഇസ്ലാമിക് സ്റ്റേറ്റിലേക്കാണ് പോയതെന്ന് ഇവര്‍ തന്നെ സന്ദേശമയച്ചു. എന്നാല്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ പ്രവര്‍ത്തിക്കാത്ത ഐഎസ് സ്വാധീന മേഖലകളില്‍ എത്തിപ്പെടുക എന്‍ഐഎയ്‌ക്ക് വിഷമകരമായ ദൗത്യമായിരുന്നു.
ആഗോള ഭീകര സംഘടനയായ ഐഎസിന്റെ ഇന്ത്യയിലെയും കേരളത്തിലെയും വേരുകള്‍ യഥാസമയം കണ്ടെത്തിയെന്നത് ദേശീയ അന്വേഷണ ഏജന്‍സിക്ക് പൊന്‍തൂവലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: