തിരുവനന്തപുരം: ഉന്നതവിദ്യാഭ്യാസം നേടുന്നവര്‍ക്കു കൂടുതല്‍ തൊഴിലവസരങ്ങള്‍ ഉറപ്പാക്കുകയെന്ന ലക്ഷ്യത്തോടെ ഫെബ്രുവരിയില്‍ സംസ്ഥാനത്ത് സര്‍വകലാശാലാ അടിസ്ഥാനത്തില്‍ തൊഴില്‍ മേളകള്‍ സംഘടിപ്പിക്കുമെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആര്. ബിന്ദു. കലാലയങ്ങളിലെ കരിയര്‍ ഗൈഡന്‍സ്, പ്ലേസ്മെന്റ് സെല്ലുകളുടെ പ്രവര്‍ത്തനം ശക്തിപ്പെടുത്തണമെന്നും മന്ത്രി പറഞ്ഞു.
കേരള നോളജ് ഇക്കോണമി മിഷന് സംഘടിപ്പിക്കുന്ന വനിതകള്‍ക്കായുള്ള പ്രത്യേക തൊഴില്‍ പദ്ധതി ‘തൊഴിലരങ്ങത്തേക്ക്’ന്റെ ഭാഗമായി ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പ്ലേസ്മെന്റ് ഓഫിസര്‍മാര്‍ക്കായി സംഘടിപ്പിച്ച ഏകദിന പരിശീലന പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
വികസിത രാജ്യങ്ങളോടു കിടപിടിക്കുന്ന ജീവിത നിലവാരത്തിലേക്കു കേരളത്തെ ഉയര്‍ത്തുകയെന്ന ലക്ഷ്യത്തോടെയാണു നവവൈജ്ഞാനിക സമൂഹ സൃഷ്ടിക്കായി സര്‍ക്കാര്‍ വിവിധ പദ്ധതികള്‍ ആസൂത്രണം ചെയ്യുന്നതെന്നു മന്ത്രി പറഞ്ഞു. ഇതിന്റ ഭാഗമായി തൊഴില്‍, ഉത്പാദന മേഖലകളില്‍ കൂടുതല്‍ മുന്നേറ്റമുണ്ടാകേണ്ടതുണ്ട്. സര്‍വകലാശാലകളില്‍നിന്നു വിവിധ കോഴ്സുകള്‍ പഠിച്ചിറങ്ങുന്നവരെ പൂര്‍ണമായി ഉള്‍ക്കൊള്ളാന്‍ അതതു തൊഴില്‍ കമ്പോളങ്ങള്‍ക്കു കഴിയാതെ വരുന്ന സാഹചര്യമുണ്ട്.
ഇതു മറികടക്കുന്നതിന് ഓരോ വിദ്യാര്‍ഥിയുടേയും അഭിരുചിക്ക് ഇണങ്ങുന്ന തൊഴില്‍ മേഖല കണ്ടെത്താനുള്ള സാഹചര്യം കലാലയങ്ങളില്‍ത്തന്നെ സൃഷ്ടിക്കപ്പെടണം. നൈപുണ്യ വികസനം ആവശ്യമായവര്‍ക്കു ക്യാംപസുകളില്‍നിന്നുതന്നെ അത് ആര്‍ജിക്കാനുള്ള സൗകര്യവുമുണ്ടാകണം. കെഡിസ്ക്, അസാപ് പോലുള്ള പദ്ധതികള്‍ ഈ ലക്ഷ്യം മുന്‍നിര്‍ത്തിയുള്ളതാണ്.
തൊഴില്‍ മേഖലകളില്‍ വനിതാ പ്രാതിനിധ്യം ഉറപ്പാക്കുന്നതിനുള്ള വിവിധ പദ്ധതികള്‍ സര്‍ക്കാര്‍ ആവിഷ്കരിച്ചു നടപ്പാക്കുന്നുണ്ട്. ഉന്നത വിദ്യാഭ്യാസ മേഖലയില്‍ രാജ്യത്തിനുതന്നെ അഭിമാനമായ നിലയില്‍ വനിതകള്‍ പഠിച്ചിറങ്ങുന്നുണ്ടെങ്കിലും ഇതില്‍ തൊഴില്‍ ലഭിക്കുന്നവര്‍ ഇന്നും കുറവാണ്. 20 ശതമാനത്തോളമാണു സംസ്ഥാനത്ത് സ്ത്രീകളുടെ തൊഴില്‍ പങ്കാളിത്തം. തൊഴിലന്വേഷകരായ സ്ത്രീകളെ തൊഴില്‍ സജ്ജാരാക്കുകയെന്ന ലക്ഷ്യത്തോടെയാണ് കേരള നോളജ് ഇക്കണോമി മിഷന് തൊഴിലരങ്ങത്തേക്ക് എന്ന പദ്ധതി നടപ്പാക്കുന്നത്.
സംസ്ഥാനത്തെ ക്യാംപസുകളില്‍ ഈ പദ്ധതിക്കു വലിയ പ്രാധാന്യം നല്‍കുന്നതിന് ബന്ധപ്പെട്ട പ്ലേസ്മെന്റ് ഓഫിസര്‍മാര്‍ പ്രത്യേക ശ്രദ്ധ നല്‍കണമെന്നും മന്ത്രി പറഞ്ഞു. ജിമ്മി ജോര്‍ജ് ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടന്ന ചടങ്ങില്‍ കൊളീജിയേറ്റ് എഡ്യൂക്കേഷന്‍ ഡയറക്ടര്‍ വി. വിഘ്നേശ്വരി അധ്യക്ഷത വഹിച്ചു. നോളഡ്ജ് ഇക്കോണമി മിഷന് ഡയറക്ടര്‍ ഡോ. പി.എസ്. ശ്രീകല, ടെക്നിക്കല്‍ എഡ്യൂക്കേഷന്‍ ജോയിന്റ് ഡയറക്ടര്‍ ഡോ. ഇന്ദുലാല്‍, കെഡിസ്ക് മെമ്പര്‍ സെക്രട്ടറി ഡോ. പി.വി. ഉണ്ണിക്കൃഷ്ണന് തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: