ന്യൂദല്‍ഹി: ആധിപത്യത്തിന്റേതായ ശബ്ദമുഖരിതമായ വാചാടോപം മുസ്ലിങ്ങള്‍ ഒഴിവാക്കണമെന്ന ആര്‍എസ്എസ് നേതാവ് മോഹന്‍ ഭാഗവതിന്റെ പ്രസ്താവനയെ വര്ഗ്ഗീയവല്ക്കരിച്ച്അസദുദ്ദീന് ഒവൈസി. സമുദായ ഐക്യം ഊട്ടിയുറപ്പിക്കാനുള്ള പോംവഴി എന്ന നിലയില്‍ പറഞ്ഞ മോഹന്‍ ഭാഗവതിന്റെ വാക്കുകളെ വളച്ചൊടിച്ച് വര്‍ഗ്ഗീയത ആളിക്കത്തിക്കുന്ന മറുപടിയുമായാണ് അസദുദ്ദീന്‍ ഒവൈസി രംഗത്തെത്തിയിരിക്കുന്നത്.
ഇന്ത്യയില്‍ മുസ്ലിങ്ങള്‍ക്ക് ജീവിക്കാനും അവരുടെ വിശ്വാസം പിന്തുടരാനും ആരുടെയും അനുവാദം ആവശ്യമില്ലെന്നായിരുന്നു അസദുദ്ദീന്‍ ഒവൈസിയുടെ വിമര്‍ശനം. വാസ്തവത്തില്‍ മുസ്ലിങ്ങള്‍ ഇന്ത്യയില്‍ ജീവിക്കാന്‍ ഭയപ്പെടേണ്ടതില്ലെന്നായിരുന്നു മോഹന്‍ ഭാഗവതിന്റെ അഭിപ്രായം.
മുസ്ലിങ്ങള്‍ ഇവിടെ അവരുടെ വിശ്വാസത്തെ അഡ്ജസ്റ്റ് ചെയ്ത് ജീവിക്കേണ്ട ഗതികേടില്ലെന്നും നാഗ്പൂരിലെ (ആര്‍എസ്എസ് ആസ്ഥാനം) ബ്രഹ്മചാരികളുടെ സംഘത്തെ സന്തോഷിപ്പിച്ച് ജീവിക്കേണ്ട കാര്യമില്ലെന്നും അസദുദ്ദീന്‍ ഒവൈസി വിമര്‍ശിക്കുന്നു.
മോഹന്‍ ഭാഗവത് പറഞ്ഞതെന്ത്?
ആര്‍എസ്എസിന്റെ മുഖപത്രമായ ഓര്‍ഗനൈസറിലെ അഭിമുഖത്തിലാണ് മുസ്ലിങ്ങള്‍ ആധിപത്യത്തിന്റേതായ ശബ്ദമുഖരിതമായ വാചാടോപം ഉപേക്ഷിക്കണമെന്ന് മോഹന്‍ ഭാഗവത് പറഞ്ഞത്. ഹിന്ദുക്കളോടൊത്ത് ജീവിക്കാന്‍ കഴിയില്ലെന്നും അവര്‍ ഒരു ഉന്നത വംശമാണെന്നുമുള്ള കാഴ്ചപ്പാട് മുസ്ലിങ്ങള്‍ ഉപേക്ഷിക്കേണ്ടതുണ്ടെന്നാണ് മോഹന്‍ ഭാഗവത് പറഞ്ഞത്. അതായത്, ഹിന്ദുക്കളുമൊത്ത് സമരസപ്പെട്ട് ജീവിക്കാന്‍ മുസ്ലിങ്ങള്‍ തയ്യാറാവണമെന്നും മുസ്ലിങ്ങള്‍ക്ക് ഇന്ത്യയില്‍ ഭയപ്പെടാന്‍ ഒന്നുമില്ലെന്നുമുള്ള ഐക്യത്തിന്റെ സന്ദേശമാണ് മോഹന്‍ ഭാഗവത് പറയാന്‍ ശ്രമിച്ചത്.
പണ്ട് ഞങ്ങള്‍ ഭരിച്ച മണ്ണാണിത്. ഇനിയും ഇവിടെ ഭരിയ്ക്കുമെന്നും ഞങ്ങള്‍ മറ്റുള്ളവരേക്കാള്‍ ഉന്നതപദവിയില്‍ ഇരിക്കുന്ന വംശമാണെന്നുമുള്ള കാഴ്ചപ്പാട് മുസ്ലിങ്ങള്‍ ഉപേക്ഷിക്കണം എന്നും മോഹന്‍ ഭാഗവത് പറഞ്ഞത് ശാന്തിയുടെയും സമാധാനത്തിന്റെയും സാമൂഹ്യാന്തരീക്ഷം നിലനിര്‍ത്താന്‍ വേണ്ടിയാണ്. പക്ഷെ ഇതിനെ വളച്ചൊടിച്ച്, ഇത് മുസ്ലിങ്ങള്‍ക്കെതിരായ യുദ്ധപ്രഖ്യാപനമാണ് എന്ന രീതിയില്‍ വ്യാഖ്യാനിച്ച് പ്രശ്നം ആളിക്കത്തിക്കാനാണ് അസദുദ്ദീന്‍ ഒവൈസി ശ്രമിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: