തിരുവനന്തപുരം: സംസ്ഥാനത്ത് ലഹരിമാഫിയക്ക് അഴിഞ്ഞാടാന്‍ സര്‍ക്കാര്‍ സഹായമൊരുക്കുകയാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്. സിപിഎമ്മിന്റെ ഉന്നത നേതാക്കളുമായി ബന്ധമുള്ളയാളാണ് നഗരസഭ കൗണ്‍സിലറും ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാനുമായ ഷാനവാസെന്നും തിരുവനന്തപുരത്ത് നടന്ന വാര്‍ത്താസമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു. ഇയാള്‍ കൊട്ടേഷന്‍ ലഹരിമാഫിയകളുടെ തലവനാണ്. സജി ചെറിയാന്റെ അടുത്ത ആളായ ഷാനവാസ് സ്വന്തം വാഹനത്തില്‍ ലഹരിവസ്തുക്കള്‍ കടത്തിയിട്ടും മൂന്ന് ദിവസം കഴിഞ്ഞ ശേഷമാണ് പേരിനെങ്കിലും ചോദ്യം ചെയ്യാന്‍ പൊലീസ് തയ്യാറായത്. സംസ്ഥാനത്ത് ലഹരി കൊട്ടേഷന്‍ സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നത് സര്‍ക്കാരിന്റെ തണലിലാണ്. സര്‍ക്കാര്‍ ലഹരി വിരുദ്ധ ക്യാമ്പെയിന് നടത്തിക്കൊണ്ടിരിക്കെയാണ് പാര്‍ട്ടി നേതാക്കള്‍ ലഹരിക്കടത്ത് നടത്തുന്നത്. കേരളത്തില്‍ നിയമവാഴ്ച പൂര്‍ണമായും തകര്‍ന്നുവെന്നും സുരേന്ദ്രന് ചൂണ്ടിക്കാണിച്ചു.
കഴിഞ്ഞ മൂന്ന്നാല് വര്‍ഷങ്ങള്‍ക്കിടയില്‍ വലിയ രീതിയിലുള്ള സാമ്പത്തിക സമാഹരണമാണ് ആലപ്പുഴയില്‍ കൗണ്‍സിലറും സംഘവും നടത്തിയിട്ടുള്ളത്. കൊട്ടേഷന്‍ സംഘങ്ങളെ ഉപയോഗിച്ച് ലഹരി കടത്തുക, വസ്തു തര്‍ക്കങ്ങള്‍ പരിഹരിക്കാന്‍ കൊട്ടേഷന്‍ സംഘങ്ങളെ ഉപയോഗിക്കുക, പാര്‍ട്ടി പിടിക്കാന്‍ കൊട്ടേഷന്‍ എടുക്കുക എന്നിവയൊക്കെയാണ് ഷാനവാസിന്റെ ജോലി. വലിയ ഒരു മാഫിയ സംഘമാണ് ഇയാളുടെ നേതൃത്വത്തില്‍ അഴിഞ്ഞാടുന്നത്. സജി ചെറിയാനും സിപിഎം ഉന്നത നേതാക്കളുമാണ് ഷാനവാസിനെ സംരക്ഷിക്കുന്നത്.
തട്ടിപ്പുകാരന് പ്രവീണ്‍ റാണയെ സംരക്ഷിക്കുന്നതും ഇടത് സര്‍ക്കാരാണെന്ന് സുരേന്ദ്രന് കുറ്റപ്പെടുത്തി. പൊലീസ് സഹായത്തോടെയാണ് ഇയാള്‍ രക്ഷപ്പെട്ടത്. ഇപി ജയരാജനെതിരായ അഴിമതി കേസിലും അന്വേഷണം എവിടെയുമെത്തിയില്ല. അടി മുതല്‍ മുടി വരെ സിപിഎം മാഫിയകളുടെ പിടിയിലാണ്. സംസ്ഥാനത്ത് ഭക്ഷ്യ സുരക്ഷ ഒരുക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടു. കേരളത്തിലെത്തിയ 15,000 കിലോ ലിറ്റര്‍ പാലിലാണ് മാരകമായ വിഷാംശം ഉപയോഗിച്ചുവെന്ന് കണ്ടെത്തിയിരിക്കുന്നത്. ശബരിമലയിലെ അരവണയില്‍ ഉപയോഗിച്ച ഏലക്കയില്‍ കീടനാശിനി സാന്നിധ്യമുണ്ടെന്ന വാര്‍ത്തയും ഞെട്ടിക്കുന്നതാണ്. ഇതെല്ലാം മറിച്ചുപിടിക്കാനാണ് കലോത്സവത്തില്‍ വിവാദമുണ്ടാക്കാന്‍ മന്ത്രിമാര്‍ നേരിട്ടിറങ്ങുന്നത്. സൈനികരെ അനുസ്മരിച്ചതിന്റെ പേരില്‍ സ്വാഗതഗാനത്തെ വിലക്കുകയാണ് സര്‍ക്കാര്‍. മന്ത്രിമാര്‍ ചെയ്യേണ്ട ജോലി ചെയ്യാതെ വിവാദങ്ങളുണ്ടാക്കുകയാണെന്നും സുരേന്ദ്രന് കുറ്റപ്പെടുത്തി.
ഇന്നുമുതല്‍ ഗൃഹസമ്പര്‍ക്കം
കേന്ദ്രസര്‍ക്കാരിന്റെ വികസന പദ്ധതികളുടെ ഗുണഭോക്താക്കളെ കാണുവാന്‍ ഇന്ന് (12) മുതല്‍ ബിജെപി പ്രവര്‍ത്തകര്‍ സംസ്ഥാനത്ത് ഗൃഹസമ്പര്‍ക്കം നടത്തും. സംസ്ഥാന സര്‍ക്കാരിന്റെ അഴിമതിക്കും ഗുണ്ടാലഹരി കൊട്ടേഷന്‍ മാഫിയാ സഹകരണത്തിനുമെതിരെ ഈ മാസം അവസാനം എല്ലാ മണ്ഡലങ്ങളിലും പദയാത്രകള്‍ സംഘടിപ്പിക്കുകയും ചെയ്യുമെന്നും കെ.സുരേന്ദ്രന് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: