ആലപ്പുഴ: കരുനാഗപ്പള്ളിയില്‍ ഒരു കോടി രൂപയുടെ ലഹരിക്കടത്തില്‍ ആരോപണവിധേയനായ ആലപ്പുഴയിലെ സിപിഎം നഗരസഭ കൗണ്‍സിലര്‍ വിശദീകരണവുമായി രംഗത്ത്. താന്‍ അഞ്ചു നേരം നിസ്കരിക്കുന്ന വിശ്വാസിയാണെന്നും തെറ്റ് ചെയ്തിട്ടില്ലെന്നും എ.ഷാനവാസ്. ഒരു സുപ്രഭാതത്തില്‍ കൗണ്‍സിലറായ ആളല്ല താന്‍. പതിനാറ് വയസുമുതല്‍ പാര്‍ട്ടിക്കു വേണ്ടി പ്രവര്‍ത്തിക്കുന്ന ആളാണ് താന്‍. തനിക്കെതിരേ ചിലരുടെ വ്യക്തിതാത്പര്യം മൂലമാകും പരാതി ഉയര്‍ന്നത്. പാര്‍ട്ടിയില്‍ വിഭാഗീയത ഉണ്ടെന്ന് കരുതുന്നില്ല. പുതിയ ഒരു വാഹനം വാങ്ങിയപ്പോള്‍ സ്വത്തു സമ്പാദനം എന്ന നിലയില്‍ പാര്‍ട്ടിയെ അറിയിക്കാത്തത് തെറ്റാണെന്നും ഷാനവാസ്. തന്നെ സസ്പെന്‍ഡ് ചെയ്ത പാര്‍ട്ടി നടപടി അംഗീകരിക്കുന്നു. കുറ്റക്കാരന്‍ അല്ലെന്ന് തെളിയുമ്പോള്‍ പാര്‍ട്ടിയില്‍ തിരികെ എത്തുമെന്നും ഷാനവാസ്.
ലഹരിക്കടത്തിന് ഉപയോഗിച്ച ലോറി താന്‍ സജാദ് എന്ന സുഹൃത്തിന്റെ വാക്ക് വിശ്വസിച്ചാണ് മറ്റൊരാള്‍ക്ക് വാടകയ്ക്ക് നല്‍കിയതെന്നും ഷാനവാസ്. അതേസമയം, എ ഷാനവാസിനെതിരെ എന്‍ഫോഴ്സ്മെന്റ് ഡയ്റക്ടറേറ്റിന് മൂന്ന് സിപിഎം പ്രവര്‍ത്തകര്‍ പരാതി നല്കി. അനധികൃത സ്വത്ത് സമ്പാദനം, സാമ്പത്തിക ഇടപാടുകള്‍ എന്നിവ അന്വേഷിക്കണം എന്നാണ് പരാതിയില്‍ ഉന്നയിക്കുന്ന ആവശ്യം. ഇന്നലെ ചേര്‍ന്ന ഏരിയാ കമ്മിറ്റി റിപ്പോര്‍ട്ടിംഗിനിടെ ജില്ലാ സെക്രട്ടറി ആര് നാസര്‍ ഇക്കാര്യം അറിയിച്ചിരുന്നു. പല ഏജന്‍സികളിലും ഷാനവാസിനെതിരെ പരാതി പോയിട്ടുണ്ടെന്നായിരന്നു നാസറിന്റെ പരാമര്‍ശം. ഷാനവാസിനെയും സുഹൃത്ത് അന്‍സറിനേയും കരുനാഗപ്പള്ളി പൊലീസ് ചോദ്യം ചെയ്തു. വാഹനം വാടകയ്ക്ക് കൊടുത്തെന്ന് കാണിച്ച് ഷാനവാസ് നല്കിയ രേഖ വ്യാജമാണോയെന്ന് പൊലീസ് പരിശോധിക്കുകയാണ്. കഴിഞ്ഞ ദിവസം ചേര്‍ന്ന സിപിഎം ആലപ്പുഴ ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തില്‍ ഷാനവാസിനെ അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: