തിരുവനന്തപുരം: മുസ്ലിം വേഷം ധരിച്ചയാളെ ഭീകരവാദിയായി ചിത്രീകരിച്ചത് ഇടതുപക്ഷ സർക്കാർ നിലപാടിന് വിരുദ്ധമെന്ന് സിപിഎം ജില്ലാ സെക്രട്ടേറിയറ്റ്. അതിനാല്‍ സ്കൂൾ കലോത്സവ സ്വാഗത ഗാന വിവാദത്തിൽ നടപടി വേണമെന്നും സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടേറിയറ്റ് ആവശ്യപ്പെട്ടു.
“ദൃശ്യാവിഷ്ക്കാരത്തിൽ ഒരു ഭീകരവാദിയെ ചിത്രീകരിക്കാൻ മുസ്ലീം വേഷധാരിയായ ഒരാളെ അവതരിപ്പിച്ചത് യഥാർത്ഥത്തിൽ എൽ.ഡി.എഫ് സർക്കാരും, കേരളീയ സമൂഹവും ഉയർത്തിപിടിക്കുന്ന പ്രഖ്യാപിത നിലപാടിനും സമീപനത്തിനും വിരുദ്ധമാണ്. തീവ്രവാദവും, ഭീകരതയും ഏതെങ്കിലും ഒരു വിഭാഗവുമായി ബന്ധപ്പെട്ട പ്രശ്നമല്ല. “- സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടേറിയറ്റ് റിപ്പോര്‍ട്ടില്‍ പറയുന്നു.
ഇതിനിടെ, സംസ്ഥാന സ്കൂൾ കലോത്സവത്തിലെ സ്വാഗതഗാന അവതരണം സംബന്ധിച്ച് അന്വേഷണം നടത്തി ഒരാഴ്ചക്കുള്ളിൽ റിപ്പോർട്ട് നൽകാൻ പൊതുവിദ്യാഭ്യാസ ഡയറക്ടർക്ക് മന്ത്രി വി. ശിവൻകുട്ടി നിർദേശം നൽകി. കലോത്സവ ഗാനത്തിലെ പരാമർശവിധേയമായ ഭാഗം (മുസ്ലിം വേഷധാരിയെ ഭീകരവാദിയാക്കിയത്) ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാരിന്റെ നിലപാടല്ല. സ്വാഗതഗാനം അവതരിപ്പിച്ച മാതാ പേരാമ്പ്രയെ വിദ്യാഭ്യാസ വകുപ്പിന്റെപരിപാടികളിൽ നിന്ന് മാറ്റിനിർത്തുന്ന കാര്യം പരിഗണനയിലാണ്.
സംസ്ഥാന സ്കൂൾ കലോത്സവത്തിലെ സ്വാഗതഗാനം ഒരു സമിതി സ്ക്രീൻ ചെയ്തിരുന്നു. എന്നാൽ സ്റ്റേജ് ഡ്രസിൽ അല്ലായിരുന്നു സ്ക്രീനിംഗ്. പരിപാടിയുടെ തീം എന്തെന്ന് അറിയാനായിരുന്നു ഈ സ്ക്രീനിംഗ്. സ്കൂൾ കലോത്സവത്തിന്റെ ഈ വിഭാഗം നിയന്ത്രിക്കുന്നത് അധ്യാപക സംഘടനകളാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: