ചെന്നൈ: തമിഴ്നാട് നിയമസഭയുടെ ചരിത്രത്തില്‍ ഇതാദ്യമായി ഗവര്‍ണര്‍ നിയമസഭയില്‍ നിന്നും ഇറങ്ങിപ്പോയി. തിങ്കളാഴ്ച നയപ്രഖ്യാപനപ്രസംഗത്തിനിടയില് മുഖ്യമന്ത്രി സ്റ്റാലിന് ഇടപെട്ടതോടെയാണ് ഗവര്‍ണര്‍ രവി ഇറങ്ങിപ്പോയത്. എന്നാല്‍ പൊങ്കല്‍ ക്ഷണക്കത്തുകളില്‍ തമിഴ്നാട് സര്‍ക്കാരിന്റെ ചിഹ്നം ഒഴിവാക്കുകയതു വഴി ഗവര്‍ണര്‍ രവി സ്റ്റാലിനുമായുള്ള പോര് കടുപ്പിക്കാന്‍ തന്നെയാണ് തീരുമാനിച്ചിരിക്കുന്നത്.
നയപ്രഖ്യാപനപ്രസംഗത്തില്‍ തമിഴ്നാട് സര്‍ക്കാര്‍ എഴുതി നല്‍കിയത് മാത്രമേ പ്രസംഗിക്കാവൂ എന്നും ഗവരണര് വെട്ടിക്കളഞ്ഞതും കൂട്ടിച്ചേര്‍ത്തതും വായിക്കരുതെന്ന് മുഖ്യമന്ത്രി സ്റ്റാലിന് പരസ്യമായി ആവശ്യപ്പെട്ടതോടെയാണ് ഗവര്‍ണര്‍ രവി നിയമസഭയില്‍ നിന്നും ഇറങ്ങിപ്പോയത്. പിന്നീട് ദേശീയ ഗാനം പാടുന്നതിന് മുന്‍പ് തന്നെ ഗവര്‍ണര്‍ നിയമസഭ ബഹിഷ്കരിച്ച് ഇറങ്ങിപ്പോയി.
ഗവര്‍ണറുടെ നയപ്രഖ്യാപനത്തില്‍ ദ്രാവിഡ മാതൃകയെ വാഴ്ത്തുന്ന ഭാഗവും പെരിയാര്‍ ഉള്‍പ്പെടെയുള്ള നേതാക്കളെ വാഴ്ത്തുന്ന ഭാഗവും ഗവര്‍ണര്‍ ഒഴിവാക്കിയിരുന്നു. ഗവര്‍ണറുടെ നടപടി നിയമസഭാ മര്യാദകള്‍ക്ക് വിരുദ്ധമാണെന്ന് പിന്നീട് മുഖ്യമന്ത്രി സ്റ്റാലിന് പറഞ്ഞു. നേരത്തെ കോണ്‍ഗ്രസ്, വിടുതലൈ കച്ചി (വിസികെ), സിപിഐ, സിപിഎം എന്നിവര്‍ ഗവര്‍ണറുടെ അഭിസംബോധന ബഹിഷ്കരിച്ചിരുന്നു.
ഗവര്‍ണര്‍ തമിഴ്നാട് നിയമസഭ ബഹിഷ്കരിക്കേണ്ടി വന്ന സംഭവം ഗവര്‍ണറുടെ മേലുള്ള മുഖ്യമന്ത്രി സ്റ്റാലിന്റെ വ്യക്തിപരമായ ആക്രമണം മൂലമാണെന്ന് ബിജെപി എംഎല്‍എ വനതി ശ്രീനിവാസന് കുറ്റപ്പെടുത്തി. രണ്ട് ദിവസം മുന്‍പ് ഗവര്‍ണര്‍ രവി തമിഴ്നാടിന്റെ പേര് തമിഴകം എന്നാക്കണമെന്ന് അഭിപ്രായപ്പെട്ടതും ഡിഎംകെയെ ചൊടിപ്പിച്ചിരുന്നു.
ഈയിടെ രാജ്ഭവനില്‍ നടന്ന ഒരു ചടങ്ങില്‍ ദ്രാവിഡ രാഷ്ട്രീയത്തെ വെല്ലുവിളിച്ചുകൊണ്ടുള്ള ഗവര്‍ണറുടെ പ്രസംഗവും വലിയ വിവാദമായിരുന്നു. “നിര്‍ഭാഗ്യത്തിന് നമ്മള് ദ്രാവിഡന്മാരാണ് എന്ന ഒരു പിന്തിരിപ്പന് രാഷ്ട്രീയം തമിഴ്നാട്ടിലുണ്ട്. പക്ഷെ ഭരണഘടനയുടെ നന്മ നമ്മളെ ചേര്‍ത്ത് വെയ്ക്കുന്നു. കഴിഞ്ഞ 50 വര്‍ഷമായി നമ്മള് ഈ രാജ്യത്തിന്റെ ഭാഗമല്ലെന്നുള്ള കാഴ്ചപ്പാട് മാറ്റി, നമ്മള് രാജ്യത്തിന്റെ അവിഭാജ്യഘടകമാണ് എന്ന രീതിയില്‍ എത്തിയിരിക്കുകയാണ്. രാജ്യത്തിന് മുഴുവന്‍ ബാധകമാവുന്ന ഒരു കാര്യത്തോടും തമിഴ്നാട് നോ പറയില്ല”.- രാജ് ഭവനില്‍ കാശി-തമിഴ് സംഗമം സംഘടിപ്പിച്ച സംഘാടകര്‍ക്കും സന്നദ്ധ പ്രവര്‍ത്തകര്‍ക്കും നല്കിയ സ്വീകരണത്തിലായിരുന്നു ദ്രാവിഡ രാഷ്ട്രീയത്തെ പരസ്യമായി വെല്ലുവിളിച്ച് ഗവര്‍ണര്‍ പ്രസംഗിച്ചതും വലിയ ഒച്ചപ്പാടുണ്ടാക്കിയിരുന്നു.
എന്നാല്‍ ഗവര്‍ണര്‍ ഇപ്പോള്‍ പൊങ്കലിന് പ്രധാന വ്യക്തികള്‍ക്ക് അയയ്ക്കുന്ന ക്ഷണക്കത്തില്‍ തമിഴ്നാട് എന്നല്ല തമിഴകം എന്നാണ് പേരെഴുതിയിരിക്കുന്നത്. ഈ പൊങ്കല്‍ ക്ഷണക്കത്തുകളില്‍ തമിഴ്നാട് സര്‍ക്കാരിന്റെ ചിഹ്നം ഒഴിവാക്കുകയതു വഴി ഗവര്‍ണര്‍ രവി സ്റ്റാലിനുമായുള്ള പോര് കടുപ്പിക്കാന്‍ തന്നെയാണ് തീരുമാനിച്ചിരിക്കുന്നത്.
ഡിഎംകെ സര്‍ക്കാര്‍ പരിഗണനക്ക് അയച്ച 21 ബില്ലുകള്‍ പാസാക്കാതെ ഗവര്‍ണറുടെ അരികത്തുണ്ട്. ഇതില്‍ സര്‍വ്വകലാശാലകളില്‍ വൈസ് ചാന്‍സലര്‍മാരെ നിയമിക്കുന്നതിനുള്ള അധികാരം ഗവര്‍ണറില്‍ നിന്നും എടുത്തുമാറ്റുന്ന ബില്‍ ഉള്‍പ്പെടെ ഉണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: