എരുമപ്പെട്ടി: അനധികൃതമായി നികത്തിയ നെല്‍വയല്‍ പൂര്‍വ്വ സ്ഥിതിയിലാക്കാന്‍ കളക്ടര്‍ ഹരിത വി. കുമാര്‍ ഉത്തരവിട്ടു. എരുമപ്പെട്ടി പഞ്ചായത്തിലെ ശങ്കരന്ക്കാവ് പ്രദേശത്തോട് ചേര്‍ന്ന് കിടക്കുന്ന എകദേശം 100 ഏക്കറോളം വരുന്ന കുന്നത്തേരി പാടശേഖരമാണ് നികത്തി രൂപമാറ്റം വരുത്തിയിട്ടുള്ളത്. കുന്നംകുളം താലൂക്കില്‍ കരിയന്നൂര്‍ വില്ലേജില്‍ സര്‍വ്വേ നമ്പര്‍ 48 ഉള്‍പ്പെട്ടിട്ടുള്ള കുറ്റിക്കാട്ടില്‍ ബിജുവിന്റെ ഉടമസ്ഥതയിലുള്ള അര ഏക്കറിലധികം വരുന്ന നെല്‍വയല്‍ പത്ത് വര്‍ഷം പഴക്കമുള്ള അക്കേഷ്യ മരങ്ങള്‍ ഉള്‍പ്പടെ വെച്ച് പിടിപ്പിച്ചാണ് നികത്തിയിരിക്കുന്നത്.
നെല്വയലിന് ചുറ്റുഭാഗവും പത്ത് അടിയോളം താഴ്ചയില്‍ കാന കീറി അതിലെ മണ്ണ് ഉപയോഗിച്ചാണ് ഉയര്‍ത്തിയിരിക്കുന്നത്. അക്കേഷ്യ മരങ്ങള്‍ക്ക് പുറമെ തെങ്ങ് മാവ് ഉള്‍പ്പടെയുള്ള മരങ്ങളും വാഴയും തീറ്റപ്പുല്ല് എന്നിവയും നട്ട് പിടിപ്പിച്ചിട്ടുണ്ട്. നെല്‍വയല്‍ രൂപ മാറ്റം വരുത്തിയതിനെ തുടര്‍ന്ന് ചെറിയ മഴ പെയ്താല്‍ പോലും പ്രദേശത്ത് വെള്ളക്കെട്ടും രൂക്ഷമാണ്.
കര്‍ഷകരായ എരുമപ്പെട്ടി കുറ്റിക്കാട്ടില്‍ ഉല്ലാസ്, കോഴിക്കാട്ടില്‍ ലക്ഷ്മി കുട്ടിയമ്മ എന്നിവരുടെ പരാതിയുടെ അടിസ്ഥാനത്തില്‍ കുന്നംകുളം ഭൂരേഖ തഹസില്‍ദാര്‍, കരിയന്നൂര്‍ വില്ലേജ് ഓഫീസര്‍, എരുമപ്പെട്ടി കൃഷി ഓഫീസര്‍ എന്നിവര്‍ സ്ഥലം സന്ദര്‍ശിക്കുകയും കേരളാ നെല്‍വയല്‍ നീര്‍ത്തട നിയമം ലംഘിച്ച് നെല്‍വയല്‍ നികത്തിയതായി കണ്ടെത്തിയിരുന്നു. തുടര്‍ന്ന് ആര്‍ഡിഒ സമക്ഷത്ത് നടത്തിയ വിചാരണയില്‍ പരാതി വാസ്തവമാണെന്ന് സ്ഥിരീകരിക്കുകയും ചെയ്തു. ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നെല്‍വയല്‍ പൂര്‍വ്വ സ്ഥിതിയിലാക്കാന്‍ ഉടമസ്ഥന് ജില്ലാ കളക്ടര്‍ ഉത്തരവ് നല്‍കിയത്.
ഉടമ ഇതിന് തയ്യാറായില്ലെങ്കില്‍ തഹസില്‍ദാര്‍ പ്രവൃത്തി നടത്തി ഇതിനാവശ്യമായ ചിലവ് ഉടമയില്‍ നിന്ന് റവന്യൂ റിക്കവറി പ്രകാരം ഈടാക്കാനും ഉത്തരവില്‍ പറയുന്നുണ്ട്. ഉത്തരവ് പാലിക്കുന്നുണ്ടോയെന്ന് ഉറപ്പ് വരുത്താന്‍ സബ് കളക്ടറേയും തഹസില്‍ദാരേയും ചുമതലപ്പെടുത്തിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: