മുംബൈ : എയര്‍ഇന്ത്യ വിമാനത്തില്‍ മദ്യപിച്ചയാള്‍ വൃദ്ധയ്ക്ക് നേരെ നടത്തിയ അതിക്രമത്തില്‍ ഖേദം പ്രകടിപ്പിച്ച് ടാറ്റാ ഗ്രൂപ്പ് കമ്പനി ഉടമ. സാഹചര്യം കൈകാര്യം ചെയ്യുന്നതില്‍ പരാജയപ്പെട്ടെന്ന് ടാറ്റാ സണ്‍സ് ചെയര്മാന് എന്‍. ചന്ദ്രശേഖരന് പറഞ്ഞു. സംഭവം വ്യക്തിപരമായി ഏറെ വേദനിപ്പിച്ചെന്നും ടാറ്റ അറിയിച്ചു.
എയര്‍ ഇന്ത്യയുടെ എഐ 102 വിമാനത്തില്‍ നവംബര്‍ 26-നുണ്ടായ സംഭവം വ്യക്തിപരമായി എന്നെ ഏറെ വേദനിപ്പിക്കുന്നതാണ്. വിഷയത്തില്‍ അടിയന്തര ഇടപെടല്‍ എയര്‍ ഇന്ത്യയുടെ ഭാഗത്തുനിന്നുണ്ടായില്ല. കടുത്ത നടപടിതന്നെ ജീവനക്കാര്‍ കൈക്കൊള്ളേണ്ടതായിരുന്നുവെന്നും ചന്ദ്രശേഖരന് സമ്മതിച്ചു. ഇത്തരം സംഭവങ്ങള്‍ മേലില്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ജാഗ്രത പുലര്‍ത്തും. യാത്രക്കാരുടേയും ജീവനക്കാരുടേയും സുരക്ഷയ്ക്കും സൗകര്യങ്ങള്‍ക്കും ടാറ്റാ ഗ്രൂപ്പ് ഏറെ പ്രാധാന്യം കല്‍പ്പിക്കുന്നുണ്ട്. ഇനി മേലില്‍ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ വേണ്ട എല്ലാ നടപടികളും ഉണ്ടാവുമെന്നായിരുന്നു ചന്ദ്രശേഖരന് അറിയിച്ചത്.
ന്യൂയോര്‍ക്കില്‍ നിന്നും ദല്‍ഹിയിലേക്ക് യാത്ര ചെയ്യുന്നതിനിടെയാണ് വൃദ്ധയ്ക്ക് നേരെ അതിക്രമമുണ്ടായത്. ഇവരുടെ അടുത്ത സീറ്റിലുണ്ടായിരുന്ന വ്യക്തി മദ്യപിച്ച് ലക്കുകെട്ട് മൂത്രമൊഴിക്കുകയായിരുന്നു. ഏറെ നേരം ഇയാള്‍ ഈ സ്ത്രീക്ക് മുന്നില്‍ തന്റെ ലൈംഗീകാവയവം പ്രദര്‍ശിപ്പിക്കുകയും ചെയ്തു. തുടര്‍ന്ന് യാത്രക്കാരി വിമാനത്തിലെ ജീവനക്കാരോട് സഹായം തേടിയെങ്കിലും അവര്‍ നടപടി എടുത്തിരുന്നില്ല, മാത്രമല്ല മൂത്രത്താല്‍ നനഞ്ഞ പുതപ്പ് മാറ്റി നല്കാന് പോലും തയ്യാറായിരുന്നില്ല. ദിവസങ്ങള്‍ക്ക് ശേഷം യാത്രക്കാരിയുടെ മകള്‍ ടാറ്റാ സണ്‍സ് ചെയര്മാന് നേരിട്ട് ഇ മെയില്‍ ആയി പരാതിപ്പെട്ടതോടെയാണ് സംഭവം പുറത്തറിയുന്നത്. ഇവര്‍ പോലീസില്‍ പരാതി നല്കി ദിവസങ്ങള്‍ക്ക് ശേഷമാണ് എയര്‍ ഇന്ത്യയും നടപടി സ്വീകരിച്ചത്.
അതേസമയം സംഭവവുമായി ബന്ധപ്പെട്ട് ദല്‍ഹി പോലീസ് പരാതിക്കാരിയുടെ മൊഴി എടുക്കാനുള്ള നടപടികള്‍ തുടങ്ങി. കേസിലെ അന്വേഷണ ഉദ്യോഗസ്ഥ നേരിട്ട് പരാതിക്കാരിയെ കാണും. ആരോഗ്യ പ്രശ്നങ്ങള്‍ കാരണം പരാതിക്കാരിയായ മുതിര്‍ന്ന പൗരയെ അന്വേഷണ സംഘത്തിന് നേരിട്ട് കാണാന്‍ കഴിഞ്ഞിരുന്നില്ല. അന്നത്തെ പൈലറ്റ് അടക്കം കഴിഞ്ഞ ദിവസം മൊഴി എടുക്കാന്‍ കഴിയാത്ത വിമാന ജീവനക്കാരോടും ഹാജരാകാന്‍ അന്വേഷണ സംഘം ആവശ്യപ്പെട്ടിട്ടുണ്ട്. ഒളിവില്‍ കഴിഞ്ഞിരുന്ന പ്രതി ശങ്കര്‍ മിശ്ര കഴിഞ്ഞ ദിവസം ബെംഗളൂരുവില്‍ പിടിയിലായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: