കോഴിക്കോട് : കലാമേളയ്ക്ക് സസ്യേതര വിഭവങ്ങളാണെങ്കില്‍ ഇനി ഇല്ലെന്ന് പഴയിടം മോഹനന് നമ്പൂതിരി നേരത്തെ ജന്മഭൂമിയോട് പറഞ്ഞിരുന്നു. കലോത്സവത്തിനിടെ ജന്മഭൂമി ലേഖകനോട് പ്രതികരിക്കവേയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചിരുന്നത്.
താന്‍ സസ്യേതര വിഭവങ്ങള്‍ പാചകം ചെയ്തിട്ടില്ല. ഇതിന് മുമ്പ് ആവശ്യം വന്നപ്പോള്‍ നോണ്‍ വെജ് വെക്കുന്നവര്‍ തന്റെ കൂടെയുണ്ട്. അവരെക്കൊണ്ട് ചെയ്യിപ്പിക്കുകയായിരുന്നു. കായിക മേളയ്ക്ക് നോണ്‍വെജ് കൊടുക്കണമന്നതാണ്. അതിന് വ്യക്തമായ കണക്കുകളുണ്ട്. അതില്‍ കൃത്യമായി ആളെ കണക്കാക്കി നമുക്ക് ഭക്ഷണം ഒരുക്കാന്‍ സാധിക്കും. കലോത്സവത്തിന് അത് ഒരിക്കലും സാധിക്കില്ല. മണിക്കൂറുകളോളം ഇവിടെ ഭക്ഷണം കൊടുക്കേണ്ടതായുണ്ട്. വെജ് ആണെങ്കില്‍ പച്ചക്കറി നമുക്ക് കൃത്യമായി കണക്കാക്കി നല്കാന് സാധിക്കും. അതിനാല്‍ ഇനിമുതല്‍ കലാമേളയ്ക്ക് നോണ്‍വെജാണ് നല്കുന്നതെങ്കില് താന്‍ ഉണ്ടാകില്ല.
കലോത്സവത്തിന് ഭക്ഷണം ഉണ്ടാക്കുന്നതിനുള്ള കോണ്‍ട്രാക്ട് ടെന്‍ഡറര്‍ നല്‍കുന്നതിന് അനുസരിച്ചാണ് ലഭിക്കുന്നത്. ഇതില്‍ നമ്മള് നല്കുന്ന തുകയും പിന്നെ പരിചയ സമ്പത്തും കണക്കാക്കിയാകും സര്‍ക്കാര്‍ നിശ്ചയിക്കുന്നതെന്നും പഴയിടം പറഞ്ഞു.
കലോത്സവത്തിന്റെ ഭക്ഷണ വിതരണവുമായി ബന്ധപ്പെട്ട് സമൂഹ മാധ്യമങ്ങളില്‍ ചര്‍ച്ചയാവുകയും അടുത്ത തവണ മുതല്‍ നോണ്‍വെജും ഉണ്ടാകുമെന്ന് വിദ്യാഭ്യാസമന്ത്രി അറിയിച്ചതിന് പിന്നാലെയാണ് സ്കൂള്‍ കലോത്സവ വേദികളില്‍ ഇനി ഭക്ഷണം പാചകം ചെയ്യാന്‍ ഇല്ലെന്ന് പഴയിടം മോഹനന് നമ്പൂതിരി അറിയിച്ചത്.
ഇത്തവണ സംസ്ഥാന സ്കൂള്‍ കലോത്സവത്തിന്റെ ഭക്ഷണ വിതരണവുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ വല്ലാത്ത ആശങ്കയുണ്ടാക്കി. വര്‍ഗ്ഗീയ ശക്തികളാണ് ഈ വര്‍ഗ്ഗീയ വിവാദങ്ങള്‍ക്ക് പിന്നിലുള്ളത്. അതിനാല്‍ ഇനി കലോത്സവത്തിന് ഭക്ഷണം പാചകം ചെയ്യാന്‍ ഇല്ലെന്നും പഴയിടം അറിയിച്ചു. സ്കൂള്‍ കലാമേളക്ക് ഭക്ഷണം പാചകം ചെയ്യുന്നത് നിര്‍ത്താന്‍ മുമ്പ് തീരുമാനിച്ചിരുന്നു. അന്ന് സര്‍ക്കാര്‍ സമ്മര്‍ദ്ദത്താലാണ് വീണ്ടും കലാമേളയുടെ പാചകം ഒരുക്കാനായി എത്തിയത്. അടുത്തതവണ മുതല്‍ ടെന്‍ഡറില്‍ പങ്കെടുക്കില്ലെന്നുമാണ് പഴയിടം അറിയിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: