കെ. ശശി, പുത്തൂര്‍
നള-ബാഹുകന്മാര്ക്ക് അരങ്ങില്‍ അമരത്വം നല്കിയ നാട്യാചാര്യന് വാഴേങ്കട കുഞ്ചുനായരും ദമയന്തിക്ക് അരങ്ങില്‍ അമരത്വം നല്കിയ കോട്ടയ്ക്കല്‍ ശിവരാമനും പാലക്കാട് കാറല്‍മണ്ണ ദേശക്കാരാണ്. കഥകളിയുടെ മഹനീയമായ കാറല്‍മണ്ണ പാരമ്പര്യത്തില്‍ അരയന്ന മന്നവനായി അരങ്ങില്‍ ശോഭിക്കുന്ന വേഷക്കാരനാണ് സദനം ഭാസി. അരങ്ങിലെ സൗമ്യ സാന്നിദ്ധ്യം. സാത്വിക ഭാവം. കലാരംഗത്തെ ഷോമാന് അല്ല. അവതരണ ഭംഗികൊണ്ട് കഥാപാത്രത്തിന് അനുഭവത്തിന്റെ ഊഷ്മളത നല്കുന്ന ശൈലിയുടെ ഉടമയാണ്.
കാറല്‍മണ്ണക്കാര്‍ കഥകളിയിലും അനുബന്ധ കലകളിലും സ്വാഭാവികമായ അഭിരുചിയുള്ളവരാണ്. ഇക്കാരണത്താല്‍ത്തന്നെ ഭാസി അഞ്ചാം ക്ലാസില്‍ പഠിക്കുന്ന കാലത്തു തന്നെ സദനം ലക്ഷ്മിക്കുട്ടിയമ്മയില്‍ നിന്ന് നൃത്തച്ചുവടുകള്‍ സ്വായത്തമാക്കി. അചിരേണ ഭാസി കഥകളി അഭ്യസിക്കുന്നതിനായി സദനം കഥകളി അക്കാദമിയിലെത്തി. സദനം കൃഷ്ണന്‍കുട്ടി, സദനം രാമന്‍കുട്ടി എന്നിവരാണ് കഥകളിയുടെ ആദ്യപാഠങ്ങള്‍ അഭ്യസിപ്പിച്ചത്. കീഴ്പടം കുമാരന് നായര്‍ ആശാനുകീഴില്‍, പാഠങ്ങള്‍ മിനുക്കിയെടുത്തു. പാലക്കാട് കോട്ടായി ചമ്പ്രക്കുളങ്ങര അയ്യപ്പക്ഷേത്രത്തില്‍ പുറപ്പാടെടുത്തുകൊണ്ടാണ് അരങ്ങേറ്റം കുറിച്ചത്. കഥകളിയില്‍ പരിഷ്കരണ കുതുകിയായിരുന്ന കീഴ്പ്പടം കുമാരന് നായരാശാനാണ് സദനം ഭാസിയുടെ പ്രധാന ആചാര്യന്. സദനം ഹരികുമാര്‍, കലാനിലയം ബാലകൃഷ്ണന് എന്നിവരാണ് മറ്റു ഗുരുനാഥന്മാര്.
കല്ലുവഴി ചിട്ടയുടെ കൈവഴിയായ സദനം ശൈലിയുടെ, അഥവ കീഴ്പടം കുമാരന് നായര്‍ ശൈലിയുടെ പ്രയോക്താവാണ് ഭാസി. അഴകാര്‍ന്ന ചലനങ്ങളാണ് അദ്ദേഹത്തിന്റെ കലാവതരണങ്ങളുടെ കാതല്‍. കലാശങ്ങള്‍, ഇരട്ടി തുടങ്ങി നൃത്തവുമായി ബന്ധപ്പെട്ട രംഗക്രിയകളില്‍ ഭാസിക്ക് ലാവണ്യബദ്ധമായ പദ്ധതികളുണ്ട്. ഇക്കാരണത്താല്‍ത്തന്നെ ശരീരഭാഷക്ക് മുന്‍തൂക്കമുള്ള വേഷങ്ങളിലാണ് സിദ്ധികള്‍ പൂര്‍ണമായും വെളിവാകുന്നത്. ഏതു വേഷവും കൈകാര്യം ചെയ്യുമെങ്കിലും ഹംസം, ഹനുമാന് തുടങ്ങിവയിലാണ് കൂടുതല്‍ തിളങ്ങിക്കണ്ടിട്ടുള്ളത്. പ്രത്യേകിച്ചു ഹംസം. നിലവില്‍ അരങ്ങില്‍ കാണുന്ന ഹംസ വേഷങ്ങളില്‍ ഏറ്റവും ശ്രദ്ധേയം ഭാസിയുടേതാണെന്നു പറഞ്ഞാല്‍ അതിശയോക്തിയില്ല. ആശാനായ സദനം കൃഷ്ണന്‍കുട്ടിയും ഹംസവേഷത്തില്‍ തിളങ്ങുന്ന നടനാണല്ലോ. സ്വയം ചിട്ടപ്പെടുത്തിയ ചില ചലനങ്ങളും അംഗവിക്ഷേപങ്ങളും ആയിരിക്കാം ഭാസിയുടെ ഹംസത്തിന്റെ മികവിനു പിന്നില്‍. യാത്രകള്‍ക്കിടയില്‍ കണ്ടെത്തിയ അരയന്നങ്ങളെ ശ്രദ്ധാപൂര്‍വം നിരീക്ഷിച്ച് കണ്ടെടുത്തതാണ് ഈ ചലനങ്ങള്‍ എന്നു ഭാസി ഒരിക്കല്‍ പറഞ്ഞിരുന്നു. ഒതുങ്ങിയ ശരീരപ്രകൃതി ഈ വേഷത്തിനു നന്നായി ഇണങ്ങുകയും ചെയ്യും.
സവിശേഷ ചുവടുകളുള്ള സദനം സമ്പ്രദായത്തിലുള്ള അഷ്ടകലാശംകൊണ്ട് സമ്പന്നമാകുന്ന കല്യാണ സൗഗന്ധികത്തിലെയും ലവണാസുരവധത്തിലെയും ഹനുമാന്, സര്‍ഗാത്മകമായ ആട്ടങ്ങള്കൊണ്ടു സമ്പന്നമാകുന്ന തോരണയുദ്ധം ഹനുമാന്, ഗഗനചാരിയുടെ പറക്കല്‍ അനാവരണം ചെയ്യുന്ന നളചരിതത്തിലെ ഹംസം, നളചരിതത്തിലെയും കിരാതത്തിലെയും കാട്ടാളന്, ഉപാസനാ ശക്തിയുള്ള ദാരികവധത്തിലെയും ദക്ഷയാഗത്തിലെയും ഭദ്രകാളിമാര്‍-ഭാസിയുടെ മാസ്റ്റര്‍പീസ് വേഷങ്ങള്‍ ഇവയൊക്കെയാണ്.
പുത്തുന്‍പുരയില്‍ ഗോവിന്ദന്‍കുട്ടി നായരുടെയും പുളിങ്കര ദേവകിയമ്മയുടെയും മകനായ വിനയവും ലാളിത്യവും മുഖമുദ്രയാക്കിയ സദനം ഭാസിയുടെ 60-ാം പിറന്നാള്‍ ‘ഭാസിതം’ എന്ന പേരില്‍ കാറല്‍മണ്ണയില്‍ സുഹൃത്തുക്കളും സഹപ്രവര്‍ത്തകരും ചേര്‍ന്ന് ഇന്ന് ആഘോഷിക്കുകയാണ്. ഷഷ്ടി പൂര്‍ത്തിയിലെത്തി തിരിഞ്ഞു നോക്കുമ്പോള്‍ ഭാസിയെ വേദനിപ്പിക്കുന്ന രണ്ടു ഘടകങ്ങള്‍ മനസ്സിനെ അലട്ടുന്നുണ്ട്. ഒന്ന് സഹധര്‍മിണി അനിതയുടെ അകാലത്തെ മരണം. മറ്റൊന്ന് അരങ്ങില്‍ ഒരു സഹപ്രവര്‍ത്തകനില്‍ നിന്ന് ഏല്‍ക്കേണ്ടിവന്ന അപമാനം. മധ്യകേരളത്തിലെ ഒരുവേദിയില്‍ ഹനുമാനായി ആടിമുന്നേറുമ്പോഴായിരുന്നു കഥകളിയുടെ ചരിത്രത്തില്‍ കേട്ടുകേള്‍വിയില്ലാത്ത ആ അധിക്ഷേപം. ഉപാസിക്കുന്ന കല നല്കുന്ന ബലം കൊണ്ട് രണ്ടു നൊമ്പരങ്ങളേയും അതിജീവിച്ച്, ഭാസി അരങ്ങില്‍ സൂര്യശോഭയോടെ തിളങ്ങി നില്ക്കുന്നു. മക്കള്‍: ശ്രീകാന്ത് (ബിസിനസ്), ഹരികൃഷ്ണന് (വിദ്യാര്‍ഥി).
പ്രതികരിക്കാൻ ഇവിടെ എഴുതുക: