കൊല്ലം: ചിതറയിൽ കഴിഞ്ഞ മൂന്നു ദിവസമായി വടിവാളും നായയുമായി ഭീകരാന്തരീക്ഷം സൃഷ്ടിച്ച സജീവനെ പോലീസ് പിടികൂടി. വീട്ടിലെ ഷോക്കെയ്സ് ചില്ലുകൾ സജീവൻ തല്ലിത്തകർത്തു. വീട്ടിലേക്ക് കടക്കാൻ ശ്രമിച്ചവർക്ക് നേരെ ചില്ലുകൾ വലിച്ചെറിഞ്ഞു. ഇന്ന് നാല് മണിക്കൂറിലേറെ പോലീസ് ശ്രമിച്ചിട്ടും സജീവനെ വീടിന് പുറത്തിറക്കാന്‍ കഴിഞ്ഞിരുന്നില്ല. തുടര്‍ന്ന് നാട്ടുകാരുടെയും പോലീസുകാരുടെയും കൃത്യമായ ഇടപെടലിലൂടെ ബലംപ്രയോഗിച്ച് സജീവനെ കീഴടക്കുകയായിരുന്നു.
പലതവണ സജീവനെ പിടികൂടാനായി പോലീസ് വീടിനകത്തേക്ക് കയറിയെങ്കിലും വടിവാള്‍ വീശിയതോടെ പോലീസിന് തിരിച്ചിറങ്ങേണ്ടി വരികയായിരുന്നു. നായയെ അടക്കം ഇയാള്‍ അഴിച്ചുവിട്ടിരുന്നു. പോലീസ് വീട്ടില്‍ കടന്നാല്‍ സ്വന്തം അമ്മയെ വടിവാളിന് വെട്ടി കൊലപ്പെടുത്തുമെന്നും സ്വയം കഴുത്തറുക്കുമെന്നും സജീവൻ ഭീഷണി മുഴക്കിയിരുന്നു. സുഹൃത്തുക്കളടക്കമുള്ളവര്‍ സജീവിനെ അനുനയിപ്പിക്കാന്‍ ശ്രിച്ചെങ്കിലും വഴങ്ങാന്‍ ഇയാള്‍ തയ്യാറായിരുന്നില്ല.
തന്റെ സ്വത്തുക്കളെല്ലാം പലരും തട്ടിയെടുത്തെന്നാണ് ഇയാളുടെ വാദം. കഴിഞ്ഞ ദിവസം രാവിലെ പത്തുമണിയോടെയാണ് കിഴക്കും ഭാഗത്തെ സുപ്രഭയുടെ വീട്ടിലേക്ക് സജീവ് വളര്‍ത്തു നായയേയും വടിവാളുമായെത്തിയത്. സുപ്രഭ താമസിക്കുന്നത് തന്റെ വീട്ടിലാണെന്നായിരുന്നു സജീവിന്റെ വാദം. തന്റെ അച്ഛന്റെ പേരിലുള്ള വസ്തുവിലാണ് സുപ്രഭ താമസിക്കുന്നതെന്നും വീട്ടിൽനിന്നിറങ്ങണമെന്നും സജീവ് ആവശ്യപ്പെട്ടു. നാട്ടുകാരെത്തി ഇയാളെ അനുനയിപ്പിക്കാൻ നോക്കിയെങ്കിലും വഴങ്ങിയില്ല. തുടർന്ന് പോലീസെത്തിയാണ് സജീവിനെ പിന്തിരിപ്പിച്ചത്.
വീട്ടില്‍ അതിക്രമിച്ച് കയറിയതിനും ആയുധം കൈവശം വച്ചതിനും ഇയാള്‍ക്കെതിരെ പോലീസ് കേസെടുത്തിരുന്നു. സജീവിനോട് സ്റ്റേഷനിലേയ്ക്ക് വരാന്‍ പോലീസ് ആവശ്യപ്പെട്ടെങ്കിലും ഇയാള്‍ സ്വന്തം വീട്ടിലേയ്ക്ക് പോയി നായ്ക്കളെ അഴിച്ചുവിട്ടു ശേഷം ഗേറ്റ് പൂട്ടി വീടിനകത്ത് കയറി. പോലീസുകാര്‍ ഇയാളുടെ വീട്ടിലെത്തി അറസ്റ്റ് ചെയ്യാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. ഇതോടെ പോലീസ് സംഘം മടങ്ങി. ഇന്നലെ രാവിലെയും പോലീസെത്തിയെങ്കിലും നായ്ക്കളെ തുറന്നുവിട്ട് ഗേറ്റുമടച്ച് സജീവ് അകത്ത് തന്നെ കഴിയുകയായിരുന്നു. തുടര്‍ന്നാണ് നായപിടിത്തക്കാരുടെ സഹായം പോലീസ് തേടിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: