കാസര്‍കോട് : ഭക്ഷ്യവിഷബാധയേറ്റ് കാസര്‍കോട് പെണ്‍കുട്ടി മരിച്ച സംഭവത്തില്‍ അസ്വഭാവിക മരണത്തിന് കേസെടുത്ത് കേരള പോലീസ്. പെണ്‍കുട്ടിയുടെ ബന്ധുക്കളുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് കേസെടുത്തിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് ഹോട്ടല്‍ ഉടമ ഉള്‍പ്പടെ മൂന്ന് പേരെ പോലീസ് കസ്റ്റഡിയില്‍ എടുത്തു. സംഭവത്തില്‍ ഹോട്ടലിന് നേരെ അന്വേഷണം നടത്തുമെന്നും വീഴ്ച വരുത്തിയവര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നും പോലീസ് മേല്‍പറമ്പ് ഇന്‍സ്പെക്ടര്‍ ഉത്തംദാസ് പറഞ്ഞു.
കാസര്‍കോട് തലക്ലായില്‍ അഞ്ജുശ്രീ പാര്‍വ്വതി(19) ആണ് പുതുവര്‍ഷത്തലേന്ന് ഹോട്ടലില്‍ നിന്നും വരുത്തിച്ച ഭക്ഷണം കഴിച്ച് മരിച്ചത്. അല്‍ റമന്‍സിയ ഹോട്ടലില്‍ നിന്നും ചിക്കന്‍ മന്തി, ചിക്കന്‍ 65, മയോണൈസ്, സാലഡ് എന്നിവയാണ് വാങ്ങിയത്. ഭക്ഷണം കഴിച്ച് പിറ്റേന്ന് രാവിലെ അഞ്ജുശ്രീക്ക് ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടു. തുടര്‍ന്ന് പെണ്‍കുട്ടിയെ ദേളിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രാഥമിക ചികിത്സക്ക് ശേഷം പെണ്‍കുട്ടി വീട്ടില്‍ തിരിച്ചെത്തി.
പിന്നീട് വെള്ളിയാഴ്ച രാവിലെ പെണ്‍കുട്ടിക്ക് ബോധക്ഷയം ഉണ്ടാവുകയും തുടര്‍ന്ന് മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് ചികിത്സയിലിരിക്കെയാണ് മരിച്ചത്. അനുശ്രീയ്ക്കൊപ്പം ഭക്ഷണം കഴിച്ച ബന്ധുക്കള്‍ക്കും ശാരീരിക അസ്വസ്ഥതയുണ്ടായിരുന്നു. സംഭവത്തില്‍ അന്വേഷണത്തിന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് ഉത്തരവിട്ടു. അടിയന്തിരമായി അന്വേഷിച്ച് റിപ്പോര്‍ട്ട് നല്കാന് ഭക്ഷ്യ സുരക്ഷാ കമ്മിഷണര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
ആറ് ദിവസത്തിനുള്ളില്‍ രണ്ടാമത്തെയാളാണ് ഭക്ഷ്യവിഷബാധയേക്ക് മരിക്കുന്നത്. കഴിഞ്ഞ തിങ്കളാഴ്ച കോട്ടയം സംക്രാന്തിയില്‍ ‘മലപ്പുറം കുഴിമന്തി’ ഹോട്ടലില്‍നിന്ന് വരുത്തിച്ച അല്‍ഫാം കഴിച്ച് നഴ്സായ രശ്മി മരിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാനത്തെ ഹോട്ടലുകളിലെ പരിശോധന ആരോഗ്യ വകുപ്പ് കര്ശ്ശനമാക്കിയേക്കും.
അതിനിടെ മട്ടാഞ്ചേരി കായിയാസ് ഹോട്ടലില്‍ ബിരിയാണിയില്‍നിന്ന് പഴുതാരയെ കണ്ടെത്തി. വെള്ളിയാഴ്ച ഉച്ചയ്ക്ക് തൃശ്ശൂര്‍ സ്വദേശികളായ ഒരു കുടുംബം ഹോട്ടലില്‍ നിന്നും ഭക്ഷണം കഴിച്ചപ്പോഴാണിത്. തുടര്‍ന്ന് ഭക്ഷ്യസുരക്ഷാവകുപ്പ് ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയില്‍ ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. ഹോട്ടലിലെ വൃത്തിഹീനമായ സാഹചര്യങ്ങളും പരിശോധനയില്‍ കണ്ടെത്തി. ഇതിനെത്തുടര്‍ന്ന് ഭക്ഷ്യസുരക്ഷ വകുപ്പ് ഹോട്ടല്‍ പൂട്ടിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: