ശബരിമലയിലേക്കുള്ള പരമ്പരാഗത കാനന തീര്‍ത്ഥാടന പാതയോരത്ത് സ്ഥിതി ചെയ്യുന്ന ആരാധനാകേന്ദ്രങ്ങളുടെ പഴക്കം കണ്ടെത്തണമെങ്കില്‍ വിശദമായ പഠനം അനിവാര്യമാണ്. ഇങ്ങനെ പ്രശസ്തമായ കരിമലയിലെ ആരാധനാകേന്ദ്രം തകര്‍ക്കപ്പെട്ടത് ഈ നൂറ്റാണ്ടില്‍ ശബരിമല വിശ്വാസത്തിനേറ്റ കനത്ത ആഘാതമാണ്. ശ്രീഅയ്യപ്പന്റെ മഹത്തായ ഭക്തിസാന്ദ്രമായ പ്രതിച്ഛായയെ നശിപ്പിക്കാനുള്ള നികൃഷ്ട മനസ്സുകളുടെ തുടര്‍ച്ചയായ ശ്രമമാണിത്. നിരവധിയായ പ്രാചീന ആരാധനാ കേന്ദ്രങ്ങള്‍ ഒന്നൊന്നായി നശിപ്പിക്കപ്പെട്ടേക്കാനുളള സാധ്യത തള്ളിക്കളയാനാകില്ല. തകര്‍ന്നടിഞ്ഞ തലപ്പാറ ക്ഷേത്രം, പൊന്നമ്പലമേട്ടിലെ പൊന്നമ്പലം, അങ്ങനെ എത്രയെത്ര മനോഹര ക്ഷേത്രങ്ങളും നിര്‍മ്മിതികളുമാണ് ഇവിടെതകര്ക്കപ്പെട്ടിരിക്കുന്നത്. പരമ്പരാഗത കാനന പാത അടയ്ക്കുകയും ഭക്തരെ തടയുകയും വഴിമാറ്റി വിടുകയും ചെയ്തതോടെ ഈ ക്ഷേത്രങ്ങള്‍ ഇരുളടയുകയും ഒരിക്കല്‍ക്കൂടി വീണ്ടെടുക്കാനാകാത്ത വിധത്തില്‍ ചരിത്രത്തിന്റെ അഗാധതയില്‍ നിപതിക്കയുമാണ്.
കരിമലയിലെ ആരാധനാകേന്ദ്രം തകര്‍ക്കപ്പെട്ടത് മലഅരയരടക്കം കോടിക്കണക്കിനു ശബരിമല വിശ്വസികളുടെ വികാരം വ്രണപ്പെടുത്തുന്നതാണ്. കരിമല അടക്കമുള്ള പ്രദേശങ്ങളില്‍ നിന്നും പുറത്താക്കപ്പെട്ട മലഅരയ ജനതയുടെ പ്രാചീന സംസ്കാരവും, തെളിവുകളും, ശേഷിപ്പുകളുമാണ് ഇപ്പോള്‍ ബോധപൂര്‍വ്വം ഇല്ലാതാക്കപ്പെടുന്നത്. ഇത് വിശദമായി അനേഷിക്കുകയും ഇതിനു പിന്നിലുള്ള ഗൂഢാലോചന പുറത്തു കൊണ്ടുവരികയും വേണം. വിശ്വപ്രസിദ്ധമായ ശബരിമല അമ്പലവുമായി അഭേദ്യ ബന്ധമുള്ള കരിമലയിലെ നിര്‍മ്മിതികള്‍ തകര്‍ക്കുന്ന ശക്തികളെപ്പറ്റി കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ ശക്തമായ അന്വേഷണം നടത്തണം. വനാന്തരങ്ങളിലെ പൈതൃകങ്ങള്‍ സംരക്ഷിക്കാനായി കേന്ദ്ര സാംസ്കാരിക വകുപ്പ് അടിയന്തര നടപടികള്‍ സ്വീകരിക്കുകയും വേണം.
നിരവധി ചരിത്ര ശേഷിപ്പുകളും, ആചാരങ്ങളും, ആരാധനാ കേന്ദ്രങ്ങളും സ്ഥിതി ചെയ്യുന്ന തീര്‍ത്ഥാടന പാത തുടര്‍ച്ചയായ മൂന്നാം വര്‍ഷവും അടയ്ക്കാനുള്ള ശ്രമങ്ങളും അതിനെതിരായ പ്രക്ഷോഭങ്ങളും നടന്നുവരുന്നുണ്ട്. ശ്രീഅയ്യപ്പന് നടന്നുപോയ ചരിത്രപാത കൂടി ഇല്ലാതാക്കാനുള്ള നിഗൂഢ ലക്ഷ്യത്തിന്റെ ഭാഗമാണിതെന്നു കാണേണ്ടതുണ്ട്. ഇതൊക്കെ ശബരിമലയുമായി ബന്ധപ്പെട്ട ചരിത്ര ശേഷിപ്പുകളെയും, ആരാധനാ കേന്ദ്രങ്ങളെയും, വിശ്വാസങ്ങളെയും ഇല്ലാതാക്കുന്ന ലോബികള്‍ക്ക് അവസരമൊരുക്കുമെന്ന കാര്യത്തില്‍ സംശയമില്ല.
ശബരിമല ഉള്‍പ്പെടുന്ന 18 മലകളില്‍ ഏറ്റവും പ്രധാനപ്പെട്ടതാണ് കരിമല. ചരിത്ര പ്രാധാന്യമുള്ള ഈ പ്രദേശത്തു നിന്നും മലഅരയരെ ബലം പ്രയോഗിച്ചും വീടുകള്‍ തീയിട്ടും കുടിയിറക്കുകയായിരുന്നു. കരിമലയുടെ ഏറ്റവുമൊടുവിലത്തെ പൂജാരിയേയും ഭീഷണിപ്പെടുത്തി ക്രൂരമായി പീഡിപ്പിച്ച് ഓടിക്കുകയായിരുന്നു. ശബരിമല ക്ഷേത്രത്തിന്റെ വിശ്വാസ തകര്‍ച്ച സംസ്ഥാനത്തെ ആയിരക്കണക്കിനു ക്ഷേത്രങ്ങളുടെ വരുമാനത്തെയും സംസ്ഥാന സര്‍ക്കാരിന്റെ ഖജനാവിനെ തന്നെയും ബാധിക്കുന്നതാണ്. സാമ്പത്തികത്തകര്‍ച്ചയില്‍ നിന്നു കെഎസ്ആര്‍ടിസിയെപ്പോലും ഒരോ വര്‍ഷവും രക്ഷിക്കുന്നത് ശബരിമലയാണ്.
ശബരിമലയും പൂങ്കാവനത്തിലുള്ള ക്ഷേത്രങ്ങളും ആചാരാനുഷ്ഠാനങ്ങളും സംബന്ധിച്ച് അവിടെ പൗരാണിക കാലം മുതല്‍ ആരാധനയും സംരക്ഷണവും നടത്തി വന്നിരുന്ന മലഅരയ സമാജം 1950 ല്‍ തിരുവിതാംകൂര്‍ കൊച്ചി ഐക്യ സംസ്ഥാനത്തിന്റെ ഭരണാധികാരിയായിരുന്ന ടി.കെ.നാരായണ പിള്ളയ്ക്കും രാജ പ്രമുഖന് ശ്രീചിത്തിര തിരുനാള്‍ ബാലരാമവര്‍മ്മയുടെയും മുന്‍പിലും സമര്‍പ്പിച്ച ഹര്‍ജിയില്‍ ശബരിമലയില്‍ പരമ്പരാഗത ആരാധനാ അവകാശവും അധികാരവും ഉണ്ടായിരുന്ന മലഅരയ സമുദായത്തിന്റെ വ്യാകുലതകള്‍ വ്യക്തമാക്കിയിട്ടുണ്ട്. പൊന്നമ്പലമേട്ടില്‍ അവസാനമായി മകര വിളക്ക് തെളിയിച്ചത് കുഞ്ഞന്‍ കാണിക്കാരന് ആയിരുന്നു. മലഅരയ വിഭാഗത്തിന്റെ ആരാധനാ മൂര്‍ത്തിയുടെ ക്ഷേത്രത്തെ വരുമാനത്തിനായി മലഅരയ സമുദായത്തിന്റെ അനുവാദമില്ലാതെ ദേവസ്വം വകുപ്പ് ഏറ്റെടുത്തപ്പോള്‍ ആ വിഭാഗത്തെ ക്രൂരമായി അവരുടെ വാസകേന്ദ്രങ്ങളായിരുന്ന 18 മലകളില്‍ നിന്നും ഒഴിപ്പിക്കുകയുണ്ടായി.
മലഅരയ സമൂഹം നിത്യാരാധന നടത്തി വന്നിരുന്നതും ആചാര അനുഷ്ഠാനങ്ങള്‍ പാലിച്ചു വന്നിരുന്നതുമായ അനേകം കോട്ടകളും, കാവുകളും ക്ഷേത്രങ്ങളും പതികളും ഇവരില്‍ നിന്നും സര്‍ക്കാര്‍ ബലമായി പിടിച്ചെടുത്തു. കൂടാതെ ഇവയുടെ അവകാശങ്ങള്‍ പുറത്തുള്ളവര്‍ക്ക് ലേലം ചെയ്തു നല്കി. മലഅരയ വിഭാഗം നല്കിയ പരാതികള്‍ക്ക് ഒരു പരിഹാരവും സര്‍ക്കാര്‍ നല്‍കിയില്ല. മാത്രമല്ല ശബരിമല നിലനില്‍ക്കുന്ന വനപ്രദേശം വനംവകുപ്പ് ഏറ്റെടുത്ത് അതില്‍ വസിച്ചിരുന്ന മലഅരയ സമൂഹത്തെ പുറത്താക്കുകയും ആരാധനാ സ്വാതന്ത്ര്യം നിഷേധിക്കുകയുമായിരുന്നു.
കരിമലയും ശബരിമലയും അനുബന്ധ മതപരവും പരമ്പരാഗതവുമായ സ്ഥലങ്ങളും ഘടനകളും പ്രധാന ദേശീയ സ്മാരകങ്ങളാണ്. അവയിലൂടെ പ്രദേശത്തെ തദ്ദേശീയരായ മല അരയരുടെ സംസ്കാരവും നാഗരികതയും ആലേഖനം ചെയ്തിട്ടുണ്ട്. ഈ ചരിത്രപരവും നാഗരികവും പരമ്പരാഗതവും മതപരവുമായ സ്ഥലങ്ങളും ഘടനകളും സംരക്ഷിക്കാനും നിലനിര്‍ത്താനും പരിപാലിക്കാനും ഈ ദേശീയ സമ്പത്തുക്കളില്‍ മലഅരയ സമുദായത്തിനുള്ള അമൂല്യമായ സ്ഥാനവും അവകാശവും അംഗീകരിക്കാനും സ്വീകാര്യമാക്കാനും അടിയന്തര നടപടികള്‍ കൈക്കൊള്ളേണ്ടത് അത്യാവശ്യമാണ്.
ശബരിമല വിശ്വസത്തെ വിനോദമാക്കിയും വിനോദത്തെ സമ്പത്താക്കിയും മാറ്റാനുള്ള അധികാരികളുടെ താത്പര്യത്തിനു മുന്നില്‍ തകര്‍ന്നടിയുന്നത് മഹത്തായ പാരമ്പര്യവും, വിശ്വാസവും, സംസ്കാരവും പൈതൃകവുമാണ്. ലോകമെമ്പാടുമുള്ള അയ്യപ്പഭക്തരുടെ പുണ്യസ്ഥലമാണ് ശബരിമല. ഭാരതത്തിന്റെ സമ്പന്നമായ പൈതൃകത്തെ പ്രതിനിധീകരിക്കുന്ന പുരാതന നാഗരികതയുടെയും സംസ്കാരത്തിന്റെയും വാസസ്ഥലമാണിത്. ഈ വനക്ഷേത്രത്തിന്റെ മതപരവും ആചാരപരവുമായ വിശ്വാസങ്ങള്‍ അതിന്റെ ആചാരപരമായ ക്രമത്തില്‍ അദ്വിതീയമാണ്, കാരണം ഈ ക്ഷേത്രം മറ്റ് കര്‍ശനമായ പരമ്പരാഗത ആചാരങ്ങള്‍ പാലിക്കുന്നതിനൊപ്പം 41 ദിവസം തുടര്‍ച്ചയായി ബ്രഹ്മചര്യം പാലിക്കണമെന്ന് ഭക്തരോട് ആവശ്യപ്പെടുന്നു. ഭക്തര്‍ തലയില്‍ ചുമക്കുന്ന ഇരുമുടിക്കെട്ട് ഈ ക്ഷേത്രാചാരത്തിന്റെമാത്രം പ്രത്യേക പാരമ്പര്യമാണ്. പുരാതന കാലത്ത് മണ്ഡലപൂജയ്ക്കും മകരവിളക്ക് സമയത്തിനും മാത്രമാണ് ക്ഷേത്രം പ്രവര്‍ത്തിച്ചിരുന്നത്.
വളരെ സവിശേഷമായ ആചാരങ്ങളും പാരമ്പര്യങ്ങളും ഉള്ള ഏക ക്ഷേത്രമാണ് ശബരിമല. ക്ഷേത്രത്തിന്റെയും പരിസരത്തിന്റെയും നിലവിലുള്ള പവിത്രത തകര്‍ക്കാനുള്ള ഏതൊരു ശ്രമവും എതിര്‍ക്കപ്പെടേണ്ടതാണ്. തങ്ങളുടെ പാതയിലെ എല്ലാ പ്രതിസന്ധികളെയും അതിജീവിക്കാന്‍ പ്രാപ്തരാക്കുന്ന ക്ഷേത്രത്തിലേക്കുള്ള യാത്ര ആരംഭിക്കുന്നതിന് യോഗ്യത നേടുന്നതിന് ഭക്തര്‍ക്ക് കര്‍ശനമായ ആചാരങ്ങളിലൂടെ കടന്നുപോകേണ്ടതുണ്ട്. ഈ ആചാരങ്ങളെല്ലാം ദേവന്റെ ആഗ്രഹമായി കണക്കാക്കപ്പെടുന്നു. കാല്‍നടയായി യാത്ര ചെയ്ത് എത്തിയിരുന്ന ക്ഷേത്രം വിനോദമാതൃകയിലേക്കാക്കി മാറ്റുന്നത് ആര്‍ക്കാണ് അംഗീകരിക്കാന്‍ കഴിയുക. കോടിക്കണക്കിന് അയ്യപ്പഭക്തരുടെ ആരാധനാലയമാണിത്. ടൂറിസം സ്ഥലമല്ല. ശബരിമലയുടെ സംസ്കാരത്തെയും ആചാരാനുഷ്ഠാനങ്ങളുടെയും പവിത്രതയെയും തകര്‍ക്കാനുള്ള ശ്രമങ്ങളെ ഏതുവിധേനയും എതിര്‍ക്കുക തന്നെ ചെയ്യണം
പി. കെ സജീവ്
(മലഅരയ മഹാസഭ ജനറല്‍ സെക്രട്ടറിയാണ് ലേഖകന്‍. ഫോണ്‍: 9447370468)
പ്രതികരിക്കാൻ ഇവിടെ എഴുതുക: