ന്യൂദൽഹി: ന്യൂയോര്‍ക്ക്- ദല്‍ഹി എയർ ഇന്ത്യ വിമാനത്തിൽ സഹയാത്രക്കാരിയുടെ ദേഹത്ത് മൂത്രമൊഴിച്ച സംഭവത്തിൽ പ്രതി ശങ്കർ മിശ്ര(34) അറസ്റ്റിൽ. ബെംഗളുരുവിൽ നിന്നാണ് ഇയാളെ പൊലീസ് പിടികൂടിയത്. ഒളിവിലായ ശങ്കർ മിശ്രക്കായി പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. നേരത്തെ ഇയാളുടെ ടവർ ലൊക്കേഷൻ പരിശോധിച്ച പോലീസിന് ഇയാൾ ബെംഗളൂരുവിലുണ്ടെന്ന് സൂചന ലഭിച്ചിരുന്നു. ഇതേത്തുടർന്ന് ഒരു സംഘത്തെ ദൽഹി പോലീസ് കർണാടകയിലേക്ക് അയച്ചിരുന്നു.
ശങ്കർ മിശ്രയുടെ ഫോൺ സ്വിച്ച് ഓഫ് ആയിരുന്നെങ്കിലും സാമൂഹിക മാധ്യമങ്ങൾ വഴി സുഹൃത്തുക്കളുമായി ബന്ധപ്പെട്ടുകൊണ്ടിരുന്നു. ഒരുപ്രാവശ്യം ക്രെഡിറ്റ് കാർഡ് ഉപയോഗിച്ചതും പോലീസിനെ പ്രതിയിലേക്ക് എത്തുന്നതിന് സഹായകമായി. മുംബൈ സ്വദേശിയായ ശങ്കർ മിശ്രയെ വെൽസ് ഫാർഗോ കമ്പനി ജോലിയിൽ നിന്ന് പിരിച്ചുവിട്ടിരുന്നു. കാലിഫോർണിയ ആസ്ഥാനമായി പ്രവർത്തിക്കുന്ന അമേരിക്കൻ മൾട്ടിനാഷണൽ ഫിനാൻഷ്യൽ സർവീസ് സ്ഥാപനമായ വെൽസ് ഫാർഗോയുടെ ഇന്ത്യൻ ചാപ്റ്ററിന്റെ വൈസ് പ്രസിഡന്റായിരുന്നു ശങ്കർ മിശ്ര.
നവംബർ 26 ന് ന്യൂയോർക്ക്-ദൽഹി എയർ ഇന്ത്യ വിമാനത്തിലാണ് ശങ്കർ മിശ്ര, യാത്രക്കാരിയുടെ മേൽ മൂത്രമൊഴിച്ചത്. സംഭവം പുറത്തറിഞ്ഞാൽ തന്റെ കുടുംബജീവിതത്തെ ബാധിക്കുമെന്നും പോലീസിൽ പരാതിപ്പെടരുതെന്നും ഇയാൾ സ്ത്രീയോട് അപേക്ഷിച്ചിരുന്നു. എന്നാൽ നിയമനടപടിയുമായി മുന്നോട്ടുപോകാൻ സ്ത്രീ തീരുമാനിച്ചതോടെ സംഭവം പുറത്തറിഞ്ഞു. പരാതിക്ക് പിന്നാലെ എയർ ഇന്ത്യ ശങ്കര്‍ മിശ്രയെ 30 ദിവസത്തേക്ക് വിമാനയാത്രയിൽ നിന്ന് വിലക്കി.
സംഭവം കൈകാര്യം ചെയ്ത ജീവനക്കാരോട് വിശദീകരണം തേടുകയും അന്വേഷണത്തിന് ആഭ്യന്തര സമിതിയെ നിയോഗിക്കുകയും ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: