ശബരിമല: മകരവിളക്കിന് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കേ സന്നിധാനത്ത് വന്‍ ഭക്തജന തിരക്ക്. മണ്ഡലകാലത്തെ പോലെ തന്നെ തമിഴ്‌നാട്, കര്‍ണാടക, ആന്ധ്ര, തെലങ്കാന സംസ്ഥാനങ്ങളില്‍ നിന്നുള്ള ഭക്തരാണ് കൂടുതലായി എത്തുന്നത്. നെയ്യഭിഷേകത്തിനും വലിയ തിരക്കാണനുഭവപ്പെടുന്നത്.
നിലയ്‌ക്കല്‍ ബേസ് ക്യാമ്പ് തീര്‍ത്ഥാടക വാഹനങ്ങള്‍ കൊണ്ട് നിറഞ്ഞ് കവിഞ്ഞിരിക്കുകയാണ്. ഇനി ദര്‍ശനത്തിന് എത്തുന്ന തീര്‍ത്ഥാടകരില്‍ ഒരുവിഭാഗം ആളുകള്‍ മകരജ്യോതി ദര്‍ശനവും കഴിഞ്ഞ് മടങ്ങുള്ളു. മകരജ്യോതി ദര്‍ശനം ലഭിക്കുന്ന പ്രദേശങ്ങളില്‍ പര്‍ണശാല കെട്ടി തീര്‍ത്ഥാടകര്‍ വിശ്രമിക്കും. ഇത് മുന്നില്‍കണ്ടുള്ള സുരക്ഷാ ക്രമീകരണങ്ങള്‍ പോലീസിന്റെയും കേന്ദ്രസേനകളുടെയും നേതൃത്വത്തില്‍ ആരംഭിച്ചിട്ടുണ്ട്.

മകരവിളക്ക് മഹോത്സവത്തിന് നടതുറന്ന ശേഷം എല്ലാ ദിവസവും സന്നിധാനത്തേയ്‌ക്ക് ഭക്തപ്രവാഹമാണ് തുടരുന്നത്. മകരവിളക്കിനോട് അടുക്കുമ്പോള്‍ അനിയന്ത്രിതമായുള്ള തീര്‍ത്ഥാടക തിരക്കുണ്ടാകാണ് സാധ്യത. തിരക്ക് നിയന്ത്രിച്ച്, ശബരിമലയില്‍ എത്തുന്ന മുഴുവന്‍ ഭക്തജനങ്ങള്‍ക്കും ദര്‍ശനം ഒരുക്കുന്നതിന് പോലീസ് സുസജ്ജമാണന്ന് സന്നിധാനം സ്‌പെഷ്യല്‍ ഓഫീസര്‍ വി.എസ്. അജി പറഞ്ഞു.

വെര്‍ച്വല്‍ ക്യൂ ബുക്കിങ് തീര്‍ന്നാലും സ്‌പോര്‍ട്ട് ബുക്കിങ് സൗകര്യം ഉപയോഗപ്പെടുത്തി ദര്‍ശനം സാധ്യമാണെന്നും ഇതര സംസ്ഥാന ഭക്തന്മാര്‍ക്ക് ഈ സൗകര്യം ഉപയോഗപ്പെടുത്താമെന്നും അദ്ദേഹം അറിയിച്ചു. ദര്‍ശന ശേഷം ഭക്തര്‍ സന്നിധാനത്ത് തങ്ങാതെ പമ്പയിലേക്ക് തിരികെ വേഗത്തില്‍ മടങ്ങി സഹകരിക്കണമെന്ന് വിവിധ ഭാഷകളില്‍ ഉച്ചഭാഷിണിയിലൂടെ ഭക്തജനങ്ങളെ അറിയിക്കുന്നുമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: