കൊല്‍ക്കത്ത: ആര്‍എസ്എസിനെപ്പോലെ രാപകല്‍ പ്രവര്‍ത്തിക്കാന്‍ സിപിഎം പ്രവര്‍ത്തകരോട് പോളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ടിന്റെ ഉപദേശം. ബിജെപിയെയും ആര്‍എസ്എസിനെയും പരാജയപ്പെടുത്താന്‍ ഇടതുപക്ഷത്തിന് പ്രത്യയ ശാസ്ത്രപരവും രാഷ്ട്രീയവുമായ പോരാട്ടമാണ് ആവശ്യമെന്നും പ്രവര്‍ത്തനത്തില്‍ ആര്‍എസ്എസിനെ മാതൃകയാക്കണമെന്നുമാണ് സിപിഎം നേതാവ് അണികളെയും അനുഭാവികളെയും ആഹ്വാനം ചെയ്തത്. കൊല്‍ക്കത്തയില്‍ സിപിഎം മുഖപത്രം ഗണശക്തിയുടെ അന്പത്തേഴാം സ്ഥാപക ദിന പരിപാടിയില്‍ സംസാരിക്കുമ്പോഴാണ് കാരാട്ട് ആര്‍എസ്എസിന്റെ സാമൂഹിക, സാംസ്കാരിക ഇടപെടലുകളെ ചൂണ്ടിക്കാട്ടി അവരെപ്പോലെ വിശ്രമമില്ലാതെ പ്രവര്‍ത്തിക്കണമെന്നു പറഞ്ഞത്.
തെരഞ്ഞെടുപ്പിനു മുമ്പ് സഖ്യമുണ്ടാക്കിയാല്‍ ബിജെപി ഭീഷണിയില്‍ നിന്നു കരകയറാമെന്നാണ് ഇടതുപക്ഷേതര പാര്‍ട്ടികളില്‍ പലതും കരുതുന്നതെന്ന് കാരാട്ട് പറഞ്ഞു. അത്തരം തെരഞ്ഞെടുപ്പു ധാരണകളും സഖ്യങ്ങളും പ്രധാനമാണെങ്കിലും ബിജെപിക്കും ആര്‍എസ്എസിനുമെതിരേ പ്രത്യയ ശാസ്ത്രപരവും രാഷ്ട്രീയവുമായ പോരാട്ടം നടത്താന്‍ കഴിയുന്നതുവരെ അതുകൊണ്ടു പ്രയോജനമില്ല.
ആര്‍എസ്എസ് വിവിധ സംഘടനകളിലൂടെ രാപ്പകല്‍ പ്രവര്‍ത്തിക്കുകയാണ്. സാമൂഹികമായും സാംസ്കാരികമായും വിദ്യാഭ്യാസ പരമായും ആ പ്രവര്‍ത്തനം ശക്തമാണ്. സ്വന്തം ജനാധിപത്യ, മതനിരപേക്ഷ, ഇടതുപക്ഷ ആശയങ്ങളും കാഴ്ചപ്പാടുകളും വച്ചുകൊണ്ട് ജനങ്ങള്‍ക്കിടയില്‍ സമാനമായ സംഘടനകള്‍ കെട്ടിപ്പടുക്കേണ്ടതുണ്ട്. ഒഡീഷയിലെ ഒരു സഖാവ് 15 കൊല്ലം മുമ്പു പറഞ്ഞത,് അവരുടെ നാട്ടില്‍ ആര്‍എസ്എസ് 1000 സ്കൂളുകള്‍ നടത്തുന്നുണ്ടെന്നാണ്. ഇത്തരം മേഖലകളില്‍ ഇടതുസാന്നിധ്യം ദുര്‍ബലമാണ്. ആര്‍എസ്എസിന്റെ നിരന്തര പ്രവര്‍ത്തനങ്ങള്‍ വലിയൊരു വിഭാഗം ആളുകളെ ആശയപരമായി സ്വാധീനിക്കുന്നുണ്ട്. അതൃപ്തിക്കിടയിലും ബിജെപി മികച്ച പ്രകടനം കാഴ്ചവയ്ക്കാന്‍ ഇതാണു കാരണം, കാരാട്ട് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: