ബോളിവുഡ് സിനിമകള്‍ക്ക് ലഹരിമാഫിയ പണംമുടക്കുന്നു എന്നത് അതിശയം നല്കുന്ന അറിവല്ല. ബോംബെ അധോലോകവും ലഹരിമാഫിയയും ഹിന്ദി സിനിമകള്‍ക്ക് പണം നല്‍കുന്നത് സിനിമയില്‍ നിന്ന് ലാഭം കൊയ്യാനല്ല. അവരുടെ ലക്ഷ്യം ലഹരിക്കമ്പോളത്തിലെ ലാഭം തന്നെയാണ്. സിനിമയില്‍ ലഹരിഉപയോഗിക്കുന്നതിന്റെ ദൃശ്യം പ്രദര്‍ശിപ്പിക്കുന്നതിലൂടെ മയക്കുമരുന്നുപയോഗത്തിന് പ്രേരണ നല്‍കുക എന്നതായിരുന്നു അവരുടെ ഉന്നം. വലിയ ആരവങ്ങളുടെ അകമ്പടിയോടെ വെള്ളിത്തിരയില്‍ പ്രത്യക്ഷപ്പെടുന്ന നായകന് കൈപ്പത്തിയില്‍ നിന്ന് ലഹരി മൂക്കിലേക്ക് വലിച്ചുകയറ്റി, ഊര്‍ജ്ജം സംഭരിച്ച് വില്ലനെ ഇടിച്ചു തറപറ്റിക്കുമ്പോള്‍ അതുകണ്ട് കയ്യടിക്കുന്നവരില്‍ ചിലരെങ്കിലും അതനുകരിക്കുമെന്ന പ്രതീക്ഷയാണ് ലഹരിമാഫിയക്കുള്ളത്. ഒരു മലയാള സിനിമയില്‍ നാലമത്തെ പെഗ്ഗില് ഐസ് ക്യൂബ് വീഴുമ്പോള്‍ ഞാനവിടെയെത്തിയിരിക്കുമെന്ന് നായകന് പറയുന്നത് ഇപ്പോഴും സമൂഹം ഏറ്റുചൊല്ലുന്നതിന്റെ പ്രേരണയും മറ്റൊന്നല്ല. സിനിമ അത്രയധികം സ്വീധീനം ചെലുത്തുന്ന കലാരൂപമാണെന്ന് ലഹരിമാഫിയയ്ക്കും അവര്‍ക്കൊപ്പമുള്ള അധോലോകത്തിനും നന്നായിട്ടറിയാം. കാണികള്‍ക്ക് വേര്‍തിരിച്ചറിയാന്‍ കഴിയാത്ത ദൃശ്യങ്ങളാല്‍ ചില സിനിമകള്‍ മയക്കുമരുന്നുപയോഗത്തെ പ്രൊത്സാഹിപ്പിക്കുന്നുണ്ടെന്നത് വസ്തുതയാണ്. അത്തരം പരസ്യം നല്‍കാനായി കോടികള്‍ ലഹരിമാഫിയ വിനിയോഗിക്കുന്നുമുണ്ട്. സിനിമാ നിര്‍മ്മാണത്തിന് സാമ്പത്തികമായി സഹായകമാകുന്ന സാറ്റലൈറ്റ് റൈറ്റും ഓടിടി പ്ലാറ്റ്ഫോമും പോലെയൊന്നായി ലഹരിമാഫിയയുടെ സാമ്പത്തിക സഹായവും മാറിക്കൊണ്ടിരിക്കുന്നു.
ബോളിവുഡില്‍ മാത്രമുണ്ടായിരുന്ന ലഹരി മാഫിയാ സ്വാധീനം ദക്ഷിണേന്ത്യന്‍ സിനിമകളിലേക്കും കടന്നുവന്നിട്ട് അധികകാലമായില്ല. ദക്ഷിണേന്ത്യന്‍ സിനിമകള്‍ക്കായി ഇക്കൂട്ടര്‍ വര്‍ഷം നാനൂറു കോടിയിലേറെ രൂപ ചെലവിടുന്നുണ്ടെന്നാണ് കണക്കുകള്‍. ലഹരി വില്പനക്കാര്ക്കു വേണ്ടി മാത്രം ചലച്ചിത്രങ്ങളെടുക്കുന്ന സംവിധായകരും ബിനാമി നിര്‍മ്മാതാക്കളും ഈ മേഖലയില്‍ സജീവമാകുകയാണ്. അധികം വൈകാതെ മോളിവുഡും കോളിവുഡുമുള്പ്പടെ ലഹരിക്കമ്പനിയുടെ പിടിയിലാകും. ജനപ്രിയ സിനിമകളില്‍ രാസലഹരി ഉപയോഗിക്കാന്‍ യുവാക്കളെ പ്രോത്സാഹിപ്പിക്കുന്ന രംഗങ്ങള്‍ ഉള്‍പ്പെടുത്തിയാല്‍ നിര്‍മാണച്ചെലവില്‍ ഒരു വിഹിതം നല്‍കുന്നതാണിവരുടെ ശൈലി. സമീപകാല സൂപ്പര്‍ഹിറ്റ് ദക്ഷിണേന്ത്യന്‍ സിനിമയില്‍ നായകന് ലഹരിഉപയോഗിക്കുന്ന രംഗം കൂട്ടിച്ചേര്‍ക്കാന്‍ വന്‍തുക ലഹരിമാഫിയ നല്‍കിയെന്ന വാര്‍ത്ത സിനിമാ മേഖലയില്‍ പ്രചാരത്തിലുണ്ട്. രംഗങ്ങള്‍ ബോധപൂര്‍വം ഉള്‍പ്പെടുത്താനായി തിരക്കഥയില്‍ തന്നെ മാറ്റം വരുത്തി. നായകന് ലഹരി ഉപയോഗിക്കുന്ന രംഗങ്ങള്‍ ആദ്യ തിരക്കഥയിലുണ്ടായിരുന്നില്ല. പിന്നീട് ഈ രംഗം കൂട്ടിച്ചേര്‍ക്കുന്നതിന് വന്‍തുകയാണ് അധോലോക ലഹരി സംഘം നല്‍കിയത്. സിനിമ പുറത്തുവന്നപ്പോള്‍ ജീവിതത്തില്‍ പ്രതിസന്ധികളേറെയുണ്ടായി, തകര്‍ന്ന അവസ്ഥയില്‍ ഉണര്ന്നെഴുന്നേല്ക്കാന് നായകന് ലഹരി ഉപയോഗിക്കുന്ന രംഗം ഉണ്ടായിരുന്നു. ഇത്തരം രംഗങ്ങള്‍ ചേര്‍ക്കാന്‍ അധോലോക സംഘങ്ങള്‍ ഭീഷണിപ്പെടുത്തുന്നതും പതിവാണ്. അവര്‍ക്ക് വഴങ്ങാതെ സിനിമപുറത്തിറക്കാന്‍ കഴിയാത്ത സ്ഥിതിയാണുള്ളത്.
അടുത്തിടെ ഇറങ്ങിയ ചില സിനിമകളുടെ സന്ദേശം, ലഹരിയുടെ ഉപയോഗത്തെ ന്യായീകരിക്കുന്നതാണെന്ന ആരോപണം ഉയര്‍ന്നിരുന്നു. അതിലൊടുവിലത്തേതാകില്ല ഒമര്‍ലുലുവിന്റെ ‘നല്ല സമയം’ എന്ന ചലച്ചിത്രം. ഈ ചിത്രത്തില്‍ ലഹരിഉപയോഗത്തെ പ്രൊത്സാഹിപ്പിക്കുന്ന നിരവധി രംഗങ്ങളാണുള്ളത്. ഇര്‍ഷാദ് പ്രധാനവേഷത്തിലെത്തിയ ചിത്രത്തില്‍ മറ്റു അഭിനേതാക്കളെല്ലാം അപ്രധാനതാരങ്ങളും പുതുമുഖങ്ങളുമാണ്. മാരക ലഹരിമരുന്നായ എംഡിഎംഎ ഉള്‍പ്പടെയുള്ള രാസലഹരികള്‍ ഉപയോഗിക്കുന്ന രംഗങ്ങളാണ് ചിത്രത്തിലുടനീളം. വിവാദമാകുകയും എക്സൈസ് കേസെടുക്കുകയും ചെയ്തതോടെ ഒമര്‍ലുലു ചിത്രം തീയറ്ററുകളില്‍ നിന്ന് പിന്‍വലിച്ചു. പ്രക്ഷകര്ക്കിടയില് വലിയ ചലനങ്ങളൊന്നും ഈ ചിത്രം സൃഷ്ടിച്ചില്ലങ്കിലും ബോളിവുഡും കടന്ന് നമ്മുടെ ചെറിയ മലയാള സിനിമാപരിസരത്തേക്ക് ലഹരിമാഫിയയുടെ കടന്നുകയറ്റം എത്രവേഗമെത്തിയെന്നാണിവിടെ വ്യക്തമാകുന്നത്.
മലയാള സിനിമ ന്യൂജനറേഷനിലേക്ക് മാറിയതോടെയാണ് ലഹരിയുടെ അമിതമായ കടന്നുവരവുണ്ടായത്. സ്വര്‍ണക്കടത്തിലും കള്ളപ്പണമൊഴുക്കുന്നതിലുമെല്ലാം സിനിമാമേഖലയില്‍ നിന്നുള്ളവരുടെ സാന്നിധ്യം ഏറി. ലഹരി ഉപയോഗിക്കുന്ന, ലഹരി സിരകളില്‍ പടര്‍ന്നുകയറി അക്രമം കാട്ടുന്ന താരങ്ങളുടെ കഥകളും പുറംലോകത്തെത്തി. അടുത്തിടെ ഒരു നടന് ലഹരിമൂത്ത് വിമാനത്തിന്റെ കോക്പിറ്റില്‍ കയറിയതു നമ്മള് കേട്ടു. മുന്‍നിര താരങ്ങള്‍വരെ വന്‍കിട ലഹരിമാഫിയയുടെ ഇരകളോ കണ്ണികളോ ആയി മാറുന്ന അപകടകരമായ അവസ്ഥയിലാണിന്ന് ചലച്ചിത്രമേഖല. പതിറ്റാണ്ടുകളായി പതിനായിരങ്ങളുടെ വിയര്‍പ്പുകൊണ്ട് പടുത്തുയര്‍ത്തിയ മലയാള സിനിമയുടെ യശസ്സാണ് ഇവര്‍ ഇല്ലാതാക്കുന്നത്. ജീവിതഗന്ധിയായ ചലച്ചിത്രങ്ങളിലൂടെയാണ് മലയാള സിനിമ ലോകത്തിനുമുന്നില്‍ തലയുയര്‍ത്തി നില്‍ക്കുന്നത്. അത്തരം സിനിമകള്‍ സൃഷ്ടിച്ചവര്‍ക്ക് ഇന്ന് ഭയമാണ്. പുതിയ സിനിമാ പരിസരത്ത് അവര്‍ക്ക് സ്ഥാനമില്ലെന്ന് സ്വയം മനസ്സിലാക്കി അവര്‍ പിന്‍വാങ്ങുന്നു.
ബിഗ്ബജറ്റ് സിനിമകളുടെ ആഭാസപ്രകടനങ്ങളൊന്നും പ്രേക്ഷകരില്‍ നിന്ന് സാമ്പത്തികലാഭം നേടുന്നില്ല. എന്നാലും അതിനൊന്നും പണംമുടക്കിയവരാരും കുത്തുപാളയെടുത്തു തെണ്ടുന്ന ചരിത്രവും നമുക്ക് കേള്‍ക്കാനാകുന്നില്ല. ബിഗ്ബജറ്റില്‍ വരുന്ന ചലച്ചിത്രങ്ങളെ വലിയൊരളവില്‍ അധോലോക മാഫിയ സംഘങ്ങള്‍ സഹായിക്കുന്നുണ്ട്. പോയവര്‍ഷം തിയറ്ററില്‍ റിലീസ് ചെയ്ത മലയാള സിനിമകളില്‍ 90 ശതമാനവും സാമ്പത്തിക പരാജയമായിരുന്നു. 176 മലയാള ചിത്രങ്ങളാണ് റിലീസ് ചെയ്തത്. ഇതില്‍ വിജയ ചിത്രങ്ങള്‍ 17 എണ്ണം മാത്രം. 159 ചിത്രങ്ങള്‍ പരാജയപ്പെടുന്നതു വഴി ഏകദേശം 325 കോടി രൂപയെങ്കിലും നിര്‍മാതാക്കള്‍ക്ക് നഷ്ടമുണ്ടായിട്ടുണ്ടാവണം. ഇത്രവലിയ നഷ്ടങ്ങള്‍ക്കിടയിലും ഇത്രയധികം സിനിമകളെങ്ങനെയാണ് വീണ്ടും വീണ്ടും പുറത്തിറങ്ങുന്നതെന്നന്വേഷിച്ചാല്‍ കാര്യം വ്യക്തമാകും. ഒരു വര്‍ഷം സെന്‍സര്‍ ചെയ്യുന്ന സിനിമകളില്‍ ചെറിയ ശതമാനം മാത്രമാണ് കാണാന്‍ കൊള്ളാവുന്നത്. അതില്‍ തന്നെ വിരലിലെണ്ണാവുന്നതുമാത്രം സാമ്പത്തിക വിജയം നേടുന്നു.
ലഹരി മാഫിയയ്ക്ക് സിനിമാരംഗത്തുള്ള സ്വാധീനം ബോളിവുഡില്‍ പുതിയ കഥയല്ലാതാകുന്നതുപോലെ മലയാളത്തിലും അവരുടെ സ്വാധീനം ഏറുകയാണ്. ബോളിവുഡില്‍ പല സിനിമകള്‍ക്കും പണം മുടക്കുന്നതും, നടിമാരെ നല്‍കുന്നതും വരെ ലഹരിമാഫിയകളാകുന്നതുപോലെ, മലയാളത്തിലും അത്തരം രീതികള്‍ കടന്നുവരുന്നു. കോടികള്‍ മറിയുന്ന സിനിമാ വ്യവസായത്തിന്റെ നിയന്ത്രിതാക്കളായി ലഹരിവ്യവസായം ക്യാമറയ്ക്കു മുന്നില്‍ അരങ്ങേറിക്കഴിഞ്ഞു. അവര്‍ നിര്‍ദ്ദേശിക്കും, ആര് അഭിനയിക്കണം, ഏത് കഥപറയണം, എന്നെല്ലാം. അധോലോകവും രാഷ്ട്രീയവും അനാശാസ്യവും ചലച്ചിത്രവുമെല്ലാം ചേരുംപടിചേരുന്ന മസാലപ്പടമാണെന്നാണ് പറയാറ്. ഒരു ഒമര്‍ ലുലു പിടിക്കപ്പെട്ടെങ്കിലും, ആ മസാലപ്പടത്തില്‍ ‘ലഹരിയുടെ സബ്ജക്ട്’ നിറഞ്ഞസദസ്സില്‍ പ്രദര്‍ശനം തുടരുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: