കോട്ടയം: ഈരാറ്റുപേട്ടയില്‍ നിന്ന് കൊടൈക്കനാലിലേയ്ക്ക് വിനോദ യാത്ര പോയ അഞ്ചംഗ സംഘത്തിലെ രണ്ട് യുവാക്കളെ കാണാതായി. രണ്ടു ദിവസമായി ഇവര്‍ക്കായി തെരച്ചില്‍ തുടരുന്നു. അല്‍ത്താഫ് (23), ഹാഫിസ് ബഷീര്‍ (23) എന്നിവര്‍ക്കായാണ് തെരച്ചില്‍ നടത്തുന്നത്. ന്യൂ ഇയർ ആഘോഷത്തിന്റെ ഭാഗമായി തിങ്കളാഴ്ചയാണ് സുഹൃത്തുക്കള്‍ക്കൊപ്പം ഇവർ പോയത്.
പ്രദേശത്തെ പൂണ്ടി ഉള്‍ക്കാട്ടില്‍ ചൊവാഴ്ചയാണ് അല്‍ത്താഫിനെയും ഹാഫിസിനെയും കാണാതായത്. ഈരാറ്റുപേട്ട പോലീസും കൊടൈക്കനാലില്‍ എത്തിയിട്ടുണ്ട്. ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കളെ പോലീസ് ചോദ്യം ചെയ്തു. അഞ്ച് പേരും ചൊവാഴ്ച വനത്തില്‍ പോയി തിരിച്ച് വരുമ്പോള്‍ രണ്ട് പേര് കൂട്ടം തെറ്റിയെന്നാണ് ഇവരുടെ മൊഴി. എന്നാലിത് പോലീസ് പൂർണമായും മുഖവിലയ്ക്കെടുത്തിട്ടില്ല.
രാത്രി കാട്ടിൽ നിന്ന് കരച്ചിൽ കേട്ടുവെന്നാണ് പ്രദേശത്തുള്ള തൊഴിലാളികൾ പറയുന്നത്. ആ പ്രദേശം കേന്ദ്രീകരിച്ചും തെരച്ചിൽ തുടരുകയാണ്. യുവാക്കളുടെ മൊഴിയിൽ പൊരുത്തക്കേടുകൾ ഉണ്ടെന്നാണ് ലഭിക്കുന്ന സൂചന. ലഹരിയുടെ ഉപയോഗം ഉണ്ടോ എന്ന സംശയവും ഉയരുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: