ഡോ. രാജഗോപാല്‍ പി.കെ
ഒരു രാഷ്ട്രം ഒറ്റ തെരഞ്ഞെടുപ്പ് എന്ന ആശയം ഉയര്‍ന്നു വന്നിട്ട് നാളുകളേറെയായി. ഈ സംവിധാനം വളരെ പെട്ടെന്ന് നടപ്പാക്കാന്‍ ബുദ്ധിമുണ്ടെങ്കിലും നടപ്പായാല്‍ ഏറെ ഗുണകരമാകും എന്ന കാര്യത്തില്‍ സംശയമില്ല. ഇതിനായി രാഷ്ട്രീയ പാര്‍ട്ടികള്‍ക്കിടയില്‍ സമവായമുണ്ടാകേണ്ടിയിരിക്കുന്നു. തെരഞ്ഞെടുപ്പ് കമ്മീഷന് ഈ വിഷയം ഗൗരവമായി എടുത്തിട്ടുണ്ട്. ഇതിനോടകം ദേശീയ, പ്രാദേശിക പാര്‍ട്ടി പ്രതിനിധികളുമായി ചര്‍ച്ചകള്‍ക്ക് തുടക്കം കുറിച്ചുകഴിഞ്ഞു.
ഒരു രാഷ്ട്രം ഒരു തെരഞ്ഞെടുപ്പിന്റെ ചരിത്രം
ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് എന്ന ആശയം ഇന്ത്യയെ സംബന്ധിച്ചിടത്തോളം പുതിയതാണെന്ന് കരുതാനാകില്ല. ഈ പ്രക്രീയ നമ്മുടെ രാജ്യത്ത് ആദ്യമായിട്ടല്ല പരീക്ഷിച്ചിട്ടുള്ളത്. ഇന്ത്യയുടെ തെരഞ്ഞെടുപ്പ് ചരിത്രം പരിശോധിച്ചാല്‍ 1952, 1957, 1962, 1967 വര്‍ഷങ്ങളിലെ തെരഞ്ഞെടുപ്പുകള്‍ ഒരേസമയം ലോക്സഭയിലേക്കും സംസ്ഥാന നിയമസഭകളിലേക്കും നടന്നിട്ടുണ്ട് എന്നുമനസിലാക്കാം. വിവിധ കാരണങ്ങളാല്‍ ചില നിയമസഭകള്‍ നേരത്തെ പിരിച്ചുവിട്ടതിനാല്‍ 1968-69ല്‍ ഈ രീതി അവസാനിപ്പിച്ചു എന്ന് മാത്രം. അന്നുമുതല്‍ ആ പഴയ തെരഞ്ഞെടുപ്പ് സമ്പ്രദായം സ്വീകരിക്കാന്‍ ഇന്ത്യ കഠിനമായി ശ്രമിക്കുന്നുണ്ടെങ്കിലും രാഷ്ട്രീയ പാര്‍ട്ടികള്‍ക്കിടയില്‍ സമവായമില്ലാത്തത് നീക്കങ്ങള്‍ക്ക് തിരിച്ചടിയായി. ലോകത്തിലെ മറ്റ് പ്രധാന ജനാധിപത്യ രാജ്യങ്ങളില്‍ ഇത്തരമൊരു സമ്പ്രദായം കേട്ടുകേള്‍വി പോലുമില്ലങ്കിലും ഇന്ത്യയുടെ തുടക്കത്തില്‍ പരീക്ഷിച്ചു വിജയിച്ച ഒരാശയത്തെ അതെ പടി നിരാകരിക്കാനാകില്ല.
1951-52ല്‍ ലോക്സഭാ, സംസ്ഥാന അസംബ്ലി തെരഞ്ഞെടുപ്പുകള്‍ ഒരേസമയം നടന്നെങ്കിലും 1967-ന് ശേഷം അത്യാവശ്യങ്ങള്‍ ഉണ്ടാകുന്നതുവരെ ഇത് തുടര്‍ന്നു. ചില അസംബ്ലികള്‍ അകാലത്തില്‍ പിരിച്ചുവിട്ടു. പിന്നീട് ലോക്സഭയ്ക്കും ഇതേ വിധിയുണ്ടായി. അതിനര്‍ത്ഥം വിവിധ സമയങ്ങളില്‍ സഭകള്‍ രൂപീകരിക്കേണ്ടി വന്നു. പുതിയ സംസ്ഥാനങ്ങളുടെ സൃഷ്ടിയുടെ ആവശ്യകത എറിവരുകയും ചെയ്തു. അങ്ങനെയാണ് ഒരു രാഷ്ട്രം, പല തെരഞ്ഞെടുപ്പുകള്‍ക്കു അരങ്ങേറ്റം കുറിച്ചത്.
ഒഴിവാക്കാവുന്ന ചെലവുകള്‍
ഇന്ത്യന്‍ തെരഞ്ഞെടുപ്പ് ഏറ്റവും ചെലവേറിയതാണ്. കൊവിഡ് പോലുള്ള മഹാമാരിയില്‍ നിന്നും മോചിതമായ ഒരു രാഷ്ട്രം എന്ന നിലയില്‍ ഏറെ സാമ്പത്തിക ബാധ്യത വരുന്ന തെരഞ്ഞെടുപ്പുകള്‍ ഏകീകരിച്ചാല്‍ സാമ്പത്തിക ലാഭമുണ്ടാകും എന്ന് മാത്രമല്ല ഈ തുക ക്ഷേമ കാര്യങ്ങള്‍ക്കായി ഉപയോഗിക്കാം. ഒറ്റ വോട്ടര്‍ പട്ടിക മതി ഈ തെരഞ്ഞെടുപ്പിന്. ആധാര്‍ വോട്ടര്‍ പട്ടികയുമായി ബന്ധിപ്പിച്ചാല്‍ കള്ളവോട്ടുകള്‍ തടയാനുമാകും.
തെരഞ്ഞെടുപ്പ് ചെലവുകള്‍, രാഷ്ട്രീയ പാര്‍ട്ടികളുടെ ചെലവുകള്‍ മുതലായവ പരിശോധിക്കാന്‍ ഈ സംവിധാനം ഏറെ സഹായിക്കുന്നു. ഭരണപരമായ സജ്ജീകരണത്തിന്റെയും സുരക്ഷാ സേനയുടെയും ഭാരം കുറയ്ക്കുക എന്നതും ഇതിന്റെ നേട്ടങ്ങളില്‍ പെടുന്നു. ഗവണ്മെന്റ് നയങ്ങള്‍ സമയബന്ധിതമായി നടപ്പിലാക്കുന്നത് ഉറപ്പാക്കുക, കൂടാതെ ഭരണസംവിധാനം തെരഞ്ഞെടുപ്പ് പ്രചാരണത്തേക്കാള്‍ വികസന പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്നുവെന്ന് ഉറപ്പാക്കുക എന്നീ ലക്ഷ്യങ്ങള്‍ കൈവരിക്കാന്‍ സഹായിക്കും. ഒരു പ്രത്യേക നിയമസഭാ തെരഞ്ഞെടുപ്പില്‍ നിന്നുള്ള ഹ്രസ്വകാല രാഷ്ട്രീയ നേട്ടങ്ങള്‍ക്കായി, ഭരിക്കുന്ന രാഷ്ട്രീയക്കാര്‍ കടുത്ത ദീര്‍ഘകാല തീരുമാനങ്ങള്‍ എടുക്കുന്നത് ഒഴിവാകും. അത് ആത്യന്തികമായി രാജ്യത്തെ ദീര്‍ഘകാലാടിസ്ഥാനത്തില്‍ സഹായിക്കും. എല്ലാ പങ്കാളികള്‍ക്കും അതായത് രാഷ്ട്രീയ പാര്‍ട്ടികള്‍, ഇന്ത്യന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്, അര്‍ദ്ധസൈനിക സേനകള്‍, സാധാരണക്കാര്‍ എന്നിവര്‍ക്ക് അഞ്ച് വര്‍ഷത്തിലൊരിക്കല്‍ തെരഞ്ഞെടുപ്പിന് തയ്യാറാകുന്നതിനായിരിക്കും കൂടുതല്‍ സൗകര്യം.
സര്‍ക്കാര്‍ ചെലവ് മഞ്ഞുമലയുടെ അറ്റം മാത്രമാണ്. വിജയിക്കാനുള്ള ശ്രമത്തില്‍ സ്ഥാനാര്‍ത്ഥികള്‍ നിശ്ചിത പരിധിയേക്കാള്‍ കൂടുതല്‍ ചെലവഴിക്കുന്നു. രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക്, പരിധിയില്ലാത്ത, ആഡംബര പ്രചാരണം നടത്താം. 2014ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ രാഷ്ട്രീയ പാര്‍ട്ടികളും സ്ഥാനാര്‍ഥികളും 30,000 കോടി രൂപയില്‍ കൂടുതല്‍ ചെലവിട്ടെന്നാണ് അനൗദ്യോഗിക കണക്കുകള്‍ സൂചിപ്പിക്കുന്നത്. തെരഞ്ഞെടുപ്പുകളിലെ അമിതമായ ചെലവുകള്‍ക്ക് കള്ളപ്പണവും അഴിമതിയുമായി സ്വാഭാവിക ബന്ധമുണ്ട്. ഇടയ്ക്കിടെയുള്ള തെരഞ്ഞെടുപ്പുകള്‍ ഏറെ പ്രയാസങ്ങള്‍ ഉണ്ടാക്കുന്നു എന്നതും ഒറ്റ തെരഞ്ഞെടുപ്പ് എന്ന വിചാരത്തിന് കാരണമാകുന്നു.
ഏറിവരുന്ന തെരഞ്ഞെടുപ്പ് ചെലവുകള്‍
തെരഞ്ഞെടുപ്പ് ചെലവിന്റെ പരിധിയില്‍ വരുന്ന കാര്യങ്ങള്‍ എന്തെല്ലാമാണെന്ന് നോക്കാം. നിയമ, നീതിന്യായ മന്ത്രാലയത്തിന്റെ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ അനുസരിച്ച് തെരഞ്ഞെടുപ്പ് യഥാര്‍ത്ഥ നടത്തിപ്പിനുള്ള ചെലവായി കണക്കാക്കുന്ന ഘടകങ്ങള്‍ ഏറെയാണ്. പോളിംഗ് സ്റ്റേഷനുകള്‍, പോളിംഗ് ബൂത്തുകള്‍, വോട്ടെണ്ണല്‍ കേന്ദ്രങ്ങള്‍ എന്നിവയുടെ സജ്ജീകരണം, യാത്രാ അലവന്‍സ് (ടിഎ) യും ക്ഷാമബത്തയും നല്കല് (ഡിഎ), പോളിംഗ് ഉദ്യോഗസ്ഥര്‍ക്കും വോട്ടെണ്ണല്‍ ജീവനക്കാര്‍ക്കുമുള്ള പ്രതിഫലം, ബാലറ്റ് ബോക്സുകളും ഇവിഎം മെഷീനുകളും ഉള്‍പ്പെടെയുള്ള സാമഗ്രികള്‍. ഇവയെല്ലാം പോളിംഗ്, വോട്ടെണ്ണല്‍ കേന്ദ്രങ്ങളിലേക്ക് കൊണ്ടുപോകല്‍, പോളിംഗ് ബൂത്തുകളിലും വോട്ടെണ്ണല്‍ കേന്ദ്രങ്ങളിലും താല്‍ക്കാലിക ടെലിഫോണ്‍ സൗകര്യങ്ങളും ഇലക്ട്രിക്കല്‍ ഫിറ്റിംഗുകളും ഉണ്ടാക്കുക. മായാത്ത മഷി, അമോണിയ പേപ്പര്‍ പോലുള്ള സാമഗ്രികള്‍ വാങ്ങുക. മുതലായവ ചെലവില്‍പ്പെടും. പോളിംഗിന്റെയും വോട്ടെണ്ണലിന്റെയും സുഗമമായ നടത്തിപ്പിന് വേണ്ടിയുള്ള വിവിധചെലവുകള് പരിശോധിച്ചാല്‍ ഇലക്ഷന് കമ്മീഷന് ഓഫ് ഇന്ത്യ സമാഹരിച്ച കണക്കുകള്‍ പ്രകാരം 2014 ലോക്സഭാ തെരഞ്ഞെടുപ്പിന്റെ ചെലവ് 3,870 കോടി രൂപയാണ്. തെരഞ്ഞെടുപ്പ് കമ്മീഷന്റെ കണക്കനുസരിച്ച്, 1952 ലെ ആദ്യ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് 2009 ല്‍ നടന്ന പൊതുതെരഞ്ഞെടുപ്പ് ചെലവ് 20 മടങ്ങ് വര്‍ദ്ധിച്ചു. ഇത് 2019 ആയപ്പോള്‍ വന്‍ വര്‍ധനയാണ് ഉണ്ടായിട്ടുള്ളത്.
വിമര്‍ശനങ്ങള്‍
ഇന്ത്യയില്‍ ഒരേസമയം തെരഞ്ഞെടുപ്പ് നടത്താന്‍, ഇന്ത്യന്‍ ഭരണഘടനയില്‍ നിരവധി ഭേദഗതികള്‍ വരുത്തേണ്ടതുണ്ട്. ഭരണഘടനയുടെആര്‍ട്ടിക്കിള്‍ 83 പാര്‍ലമെന്റിന്റെ ഇരുസഭകളുടെയും കാലാവധി ഉറപ്പു നല്കുന്നു. നേരത്തെ പിരിച്ചുവിട്ടില്ലെങ്കില്‍ ലോക്സഭയുടെ ആദ്യ സിറ്റിംഗ് തീയതി മുതല്‍ അഞ്ച് വര്‍ഷത്തെ കാലാവധിയാണ് വ്യവസ്ഥ ചെയ്യുന്നത്. ആര്‍ട്ടിക്കിള്‍ 172 (1) സംസ്ഥാന നിയമസഭയുടെ ആദ്യ സിറ്റിംഗ് തീയതി മുതല്‍ അഞ്ച് വര്‍ഷത്തെ കാലാവധി നല്കുന്നു.
ഒരേസമയം നടക്കുന്ന തെരഞ്ഞെടുപ്പുകള്‍ നമ്മുടെ ജനാധിപത്യത്തിന്റെ ഫെഡറല്‍ സ്വഭാവത്തിന് ഭീഷണിയാകും എന്നതാണ് ഒരു വിമര്‍ശനം. ലോ കമ്മീഷന് ഓഫ് ഇന്ത്യ ലോക്സഭയിലേക്കും സംസ്ഥാന നിയമസഭകളിലേക്കും ഒരേസമയം തെരഞ്ഞെടുപ്പ് നടത്താന്‍ ശുപാര്‍ശ ചെയ്തു. തെരഞ്ഞെടുപ്പ് കമ്മീഷനും ഒരേസമയം തെരഞ്ഞെടുപ്പിന് തത്വത്തില്‍ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. ലോ കമ്മീഷനുമായുള്ള കൂടിയാലോചനയില്‍ ഒരേസമയം തെരഞ്ഞെടുപ്പ് നടത്തുന്ന രീതിയെ എതിര്‍ത്ത പ്രതിപക്ഷം ഉന്നയിക്കുന്ന സംശയങ്ങളില്‍ പ്രധാനം, കാലാവധി പൂര്‍ത്തിയാകുന്നതിന് മുമ്പ് സര്‍ക്കാരുകള്‍ വീഴുന്ന സ്ഥിതിവന്നാല്‍ തെരഞ്ഞെടുപ്പ് നടത്തേണ്ടതല്ലേ എന്നതാണ്.
ഏകീകരണത്തിന്റെ അനിവാര്യത
ഒരു ദേശീയ തെരഞ്ഞെടുപ്പില്‍ നിയോഗിക്കപ്പെടുന്ന ഉദ്യോഗസ്ഥരില്‍ പലരും അധ്യാപകരും സിവില്‍ സര്‍വീസുകാരുമാണ്. അതേസമയം സ്കൂളുകളിലും സര്‍ക്കാര്‍ വകുപ്പുകളിലും ജീവനക്കാരുടെ കുറവ് ഒരു പ്രശ്നം തന്നെയാണ്. ഇതുകൂടാതെയാണ് സുരക്ഷയ്ക്കായി നിയോഗിക്കുന്ന ഉദ്യാഗസ്ഥരുടെ കാര്യം. ആവര്‍ത്തിച്ചുള്ള തെരഞ്ഞെടുപ്പുകള്‍ വോട്ടര്‍മാരെ ക്ഷീണിപ്പിക്കുകയും പോളിംഗ് ശതമാനത്തെ ബാധിക്കുകയും ചെയ്യും. രാഷ്ട്രീയ സമവായം ഭരണഘടനാ ഭേദഗതി എന്നിവ ആവശ്യമായ വിഷയമാണിത്. ഭരണഘടനാ വിദഗ്ധര്‍, ചിന്തകര്‍, രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രതിനിധികള്‍ എന്നിവരടങ്ങുന്ന സമിതി രൂപീകരിച്ച്, ഈ നിര്‍ദേശം ചര്‍ച്ച ചെയ്ത് നടപ്പില്‍ വരുത്തുകയാണ് വേണ്ടത്. അത്തരത്തിലുള്ള ചര്‍ച്ചകളുമായി കേന്ദ്രസര്‍ക്കാര്‍ മുന്നോട്ടു പോകുകയാണെന്നാണ് അറിയുന്നത്. ഇന്ത്യയില്‍ തെരഞ്ഞെടുപ്പുകള്‍ ഉത്സവമായി ആഘോഷിക്കപ്പെടുന്നു, അത് രാജ്യത്തുടനീളം എല്ലാ 5 വര്‍ഷത്തിലൊരിക്കല്‍ നടന്നാല്‍ അത് മഹാ ഉത്സവമായിരിക്കും. എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും ഈ വിഷയം ചര്‍ച്ച ചെയ്യാന്‍ സഹകരിക്കേണ്ടതുണ്ട്. സംവാദം ആരംഭിച്ചാല്‍ പൊതുജനാഭിപ്രായം കണക്കിലെടുക്കാം. ഇന്ത്യ പക്വതയുള്ള ഒരു ജനാധിപത്യ രാജ്യമായതിനാല്‍, സംവാദത്തിന്റെ ഫലം പിന്തുടരാന് കഴിയും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: