ഗജേന്ദ്ര സിംഗ് ഷെഖാവത്ത്
കേന്ദ്ര ജലശക്തി മന്ത്രി
2021 ഓഗസ്റ്റ് 7 ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഒരു സുപ്രധാന ദിനമായിരുന്നു. അന്നേ ദിവസമാണ് ജാവലിന്‍ താരമായ നീരജ് ചോപ്ര ടോക്കിയോ ഒളിമ്പിക്സില്‍ സ്വര്‍ണ്ണ മെഡല്‍ നേടി ഭാരതത്തിന്റെ അഭിമാനമായത്. എന്നാല്‍ ഈ കഥയുടെ ഭരതവാക്യമായി മാറിയ ഒരു ചെറിയ സംഭവം തലക്കെട്ടുകളില്‍ ഇടം നേടിയില്ല. നമാമി ഗംഗേ പദ്ധതിക്കുള്ള ധനസമാഹരണത്തിനായി ലേലം ചെയ്യാന്‍ ഒളിംപിക് ജേതാവ് തന്റെ ജാവലിന്‍ സംഭാവന ചെയ്ത സംഭവമായിരുന്നു അത്. ലഭിക്കുന്ന സമ്മാനങ്ങള്‍ നമാമി ഗംഗേ പദ്ധതിക്കായി ലേലം ചെയ്യുകയെന്ന, പ്രധാനമന്ത്രി നരേന്ദ്രമോദി തുടങ്ങിവച്ച പാരമ്പര്യത്തെ പിന്‍പറ്റിയായിരുന്നു ആ തീരുമാനം. പദ്ധതിയോടുള്ള പ്രധാനമന്ത്രിയുടെ വ്യക്തിപരമായ താത്പര്യത്തിനും ഗവണ്മെന്റിന്റെ അപാരമായ പ്രതിബദ്ധതയ്ക്കും അടിവരയിടുന്ന തീരുമാനം കൂടിയായിരുന്നു അത്. 2022 ഡിസംബര്‍ 15ന്, ലോകത്തിലെ ഏറ്റവും മികച്ച 10 ആവാസവ്യവസ്ഥ പുനരുജ്ജീവന പദ്ധതികളില്‍ ഒന്നായി നമാമി ഗംഗേ ഐക്യരാഷ്ട്രസഭയാല്‍ അംഗീകരിക്കപ്പെട്ടപ്പോള്‍ ഈ പ്രതിബദ്ധത ഭാഗികമായി ഫലം കണ്ടു. രാജ്യത്തിന്റെ ‘ഇച്ഛാശക്തിയുടെയും അശ്രാന്ത പരിശ്രമത്തിന്റെയും’ തെളിവാണ് ഇതെന്നും ലോകത്തിന് പുതിയ ദിശാബോധം പ്രദാനം ചെയ്യാന്‍ സാധിച്ചതായും പ്രധാനമന്ത്രി നരേന്ദ്രമോദി തന്റെ മന് കി ബാത്ത് പരിപാടിയില്‍ പ്രസ്താവിച്ചു.
2014ല്‍ ഗംഗാ നദിയുടെ ഗതകാല പ്രൗഢി പുനഃസൃഷ്ടിക്കുന്നതിനുള്ള പദ്ധതിക്ക് പ്രധാനമന്ത്രി തുടക്കമിട്ടതു മുതലാണ് നമാമി ഗംഗയുടെ വിജയഗാഥ ആരംഭിക്കുന്നത്. അവിരല്‍ (തടസ്സരഹിതമായ പ്രവാഹം), നിര്‍മ്മല്‍ (മലിനീകരണ മുക്ത പ്രവാഹം) എന്നീ ദര്‍ശനങ്ങളില്‍ നിന്ന് ആവേശമുള്‍ക്കൊണ്ട്, സമഗ്രവും സംയോജിതവുമായ ഒരു സമീപനത്തിന്റെ ആരംഭമായിരുന്നു അത്. ജന്‍ ഗംഗ (പൊതു പങ്കാളിത്തം, ജനങ്ങളും നദിയും തമ്മിലുള്ള ബന്ധം), ജ്ഞാന്‍ ഗംഗ (ഗവേഷണവും വിജ്ഞാന പരിപാലനവും), അര്‍ത്ഥഗംഗ (സ്വാശ്രയ സുസ്ഥിര സാമ്പത്തിക മാതൃക) എന്നീ മൂന്ന് സ്തംഭങ്ങളാല്‍ ഈ സമീപനം കൂടുതല്‍ ശക്തിപ്പെടുത്തി.
മലിനജല സംസ്കരണ അടിസ്ഥാന സൗകര്യങ്ങള്‍, നദീമുഖ വികസനം, നദീ ഉപരിതല ശുചീകരണം, ജൈവവൈവിധ്യ സംരക്ഷണം, വനവത്ക്കരണം, പൊതുബോധവല്‍ക്കരണം, വ്യാവസായിക മലിനജല നിരീക്ഷണം, ഗംഗാനുബന്ധ സുസ്ഥിര സാമ്പത്തിക മാതൃക തുടങ്ങി 32,898 കോടി രൂപയുടെ 406 പദ്ധതികള്‍ക്ക് ഇതുവരെ അനുമതി നല്‍കിയിട്ടുണ്ട്. ഇതില്‍ 225 പദ്ധതികള്‍ പൂര്‍ത്തീകരിച്ചു. ബാക്കിയുള്ളവ നിര്‍വ്വഹണത്തിന്റെ വിവിധ ഘട്ടങ്ങളിലാണ്. 5,270എംഎല്‍ഡി ശുദ്ധീകരണ ശേഷിയും 5,211 കിലോമീറ്റര്‍ ഓവുചാല്‍ ശൃംഖലയും സൃഷ്ടിക്കുന്നതിനായി ഗംഗാ നദീതടപ്രദേശത്ത് ഏകദേശം 177 മലിനജല അടിസ്ഥാന സൗകര്യ പദ്ധതികള്‍ അനുവദിച്ചിട്ടുണ്ട്. ഓവുചാല്‍ നിര്‍മ്മാണത്തിനായുള്ള പദ്ധതികളില്‍ പലതും പൂര്‍ത്തീകരിച്ചു കഴിഞ്ഞു.
ആദ്യ ഘട്ടം ഏകദേശം പൂര്‍ത്തിയായതോടെ, നവോന്മേഷവും വിലയേറിയ അനുഭവങ്ങളും കൈമുതലാക്കി, നാം നമാമി ഗംഗേ 2 ആരംഭിക്കുകയാണ്. ഇപ്പോള്‍ യമുന നദിയിലേക്കും കാലി, ഗോമതി, ഹിന്‍ഡന്‍, ദാമോദര്‍ തുടങ്ങിയ ഉപനദികളിലേക്കും പദ്ധതി വ്യാപിപ്പിച്ചിരിക്കുന്നു. മലിനജല സംസ്ക്കരണ മേഖലയില്‍ ഇതുവരെ പരിചിതമല്ലാത്ത പൊതു സ്വകാര്യ പങ്കാളിത്ത രീതി അവലംബിച്ചുള്ള ഹൈബ്രിഡ് ആന്വിറ്റി മാതൃകയാണ് പദ്ധതിയുടെ വിജയത്തിനുള്ള ഒരു കാരണം. HAM മാതൃകയില്‍, മാലിന്യ സംസ്കരണ പ്ലാന്റുകളുടെ നിര്‍മ്മാണച്ചെലവിന്റെ 40% വരെ പ്രവൃത്തി ഏറ്റെടുക്കുന്ന സ്ഥാപനത്തിന് ഗവണ്മെന്റ് നല്‍കുകയും ശേഷിക്കുന്ന തുക അവരുടെ പ്രവര്‍ത്തന നിലവാരം വിലയിരുത്തിയ ശേഷം 15 വര്‍ഷത്തിനുള്ളില്‍ അനുവദിക്കുകയും ചെയ്യുന്നു. അതുപോലെ, നഗര മലിനജല പ്രശ്നത്തിന് ഒറ്റത്തവണ പരിഹാരം വിഭാവനം ചെയ്യുന്ന ‘വണ്‍ സിറ്റി വണ്‍ ഓപ്പറേറ്റര്‍ മോഡലും’ അവതരിപ്പിക്കപ്പെട്ടു. പ്രതിബദ്ധതയും മികച്ച പ്രകടനവും സുസ്ഥിരതയും HAM ഉറപ്പാക്കുമ്പോള്‍, ‘ഒരു നഗരം, ഒരു ഓപ്പറേറ്റര്‍’ മാതൃക ഒറ്റ ഉടമസ്ഥതയും ഉത്തരവാദിത്തവും ഉറപ്പാക്കുന്നു.
വ്യാവസായിക മലിനീകരണം കുറയ്ക്കുന്നതിന്, അതിമലിനീകരണ വ്യവസായങ്ങള്‍ (GPIs) കണ്ടെത്തി, അവയെ ആധികാരിക മൂന്നാം കക്ഷി സാങ്കേതിക സ്ഥാപനങ്ങള്‍ നിരീക്ഷിച്ചു വരുന്നു. വ്യവസായങ്ങള്‍ മെച്ചപ്പെട്ട രീതിയില്‍ നിയമങ്ങള്‍ പാലിക്കുന്നുവെന്ന് ഉറപ്പാക്കാന്‍ ഇത് കാരണമായി. കാണ്‍പൂരിലെ തുകല്‍ വ്യവസായ ക്ലസ്റ്ററിനായിയി നിര്‍മ്മിച്ച 20എംഎല്‍ഡി ശേഷിയുള്ള പൊതു മലിനജല സംസ്ക്കാരണ പ്ലാന്റിന്റെ നിര്‍മ്മാണം ഇതിന്റെ തിളക്കമാര്‍ന്ന വിജയത്തിന് ഉദാഹരണമാണ് (രാജ്യത്തെ ഇത്തരത്തിലുള്ള ഏറ്റവും വലിയ ഉദ്യമമാണിത്). നമാമി ഗംഗേ പദ്ധതിയുടെ കീഴില്‍, 2018 ഒക്ടോബറില്‍ ഇ-ഫ്ളോ നോട്ടിഫിക്കേഷനിലൂടെ നദിയുടെ സ്വന്തം ജലത്തിന്മേലുള്ള അവകാശം ആദ്യമായി അംഗീകരിച്ചത് ഈ പരിവര്‍ത്തനത്തിന് സഹായകമാകും.
ഈ പദ്ധതിയുടെ സദ് ഫലങ്ങള്‍ രാജ്യത്ത് നടപ്പാക്കുന്ന മറ്റ് മാതൃകാ നദി പുനരുജ്ജീവന പരിപാടികള്‍ക്ക് മുതല്‍ക്കൂട്ടാണ്. ഗംഗയുടെ ജലഗുണനിലവാരത്തിലുള്ള ഗണ്യമായ പുരോഗതി പദ്ധതിയുടെ വിജയത്തെ സാക്ഷ്യപ്പെടുത്തുന്നു. 2018ല്‍ നദിയുടെ പ്രധാന ഭാഗത്ത് നാല് മലിനീകരണ മേഖലകളാണ് ഉണ്ടായിരുന്നത്. 2021 ല്‍ മലിനീകരണ മേഖലകളൊന്നും ഒന്ന് മുതല്‍ നാലു വരെയുള്ള മുന്‍ഗണന വിഭാഗങ്ങളില്‍ ഉള്‍പ്പെട്ടിട്ടില്ല. ള്ളത്. ഗംഗാപരിസ്ഥിതിയുടെ ശുദ്ധീകരണം ഇന്ത്യയിലെ ജനങ്ങളുടെ ആത്മീയ ശുദ്ധീകരണത്തിന് സഹായകമായി. കുംഭമേളയില്‍ 20 കോടിയിലധികം ജനങ്ങളാണ് പുണ്യസ്നാനം നിര്‍വ്വഹിച്ചത്. ഗംഗാ ഡോള്‍ഫിനുകള്‍, മുതലവര്ഗ്ഗങ്ങള്, നീര്‍നായ്, മറ്റ് ജലജീവികള്‍ എന്നിവ കൂടുതലായി കാണപ്പെടാന്‍ തുടങ്ങിയിരിക്കുന്നു. ദേശീയ മത്സ്യ പോഷണ പദ്ധതി-2022 പ്രകാരം തദ്ദേശീയ മത്സ്യ ഇനങ്ങളുടെ പുനരുജ്ജീവനം പോലുള്ള സൂക്ഷ്മമായ വിശദാംശങ്ങള്‍ പോലും ശ്രദ്ധിക്കുന്നു. ആദായകരമായ ഹില്‍സ മത്സ്യങ്ങള്‍ വര്‍ദ്ധിച്ചുവരുന്നതിനും മത്സ്യത്തൊഴിലാളികളുടെ സമൃദ്ധിക്കും ഈ സമീപനം അനിവാര്യമാണ്. ഗംഗാ തടത്തില്‍ 30,000 ഹെക്ടര്‍ വനവത്ക്കരണം, വസന്തകാല പുനരുജ്ജീവനം, തണ്ണീര്‍ത്തട സംരക്ഷണം, പരമ്പരാഗത ജലാശയങ്ങളുടെ പുനരുജ്ജീവനം, ശുദ്ധീകരിച്ച ജലത്തിന്റെ പുനരുപയോഗം എന്നീ ബഹുമുഖവും സമഗ്രവുമായ പദ്ധതികളും വിജയകരമായി പുരോഗമിക്കുന്നു.
ദേശീയ ഗംഗാ കൗണ്‍സിലിന്റെ ആദ്യ യോഗത്തില്‍ 2019-ലാണ് അര്‍ത്ഥഗംഗ സങ്കല്‍പ്പം പ്രധാനമന്ത്രി മുന്നോട്ടു വച്ചത്. സാമ്പത്തിക ശാസ്ത്രം ആധാരമാക്കി ‘ഗംഗാ തീരത്തെ ബാങ്കിംഗ് സേവനം’ എന്ന മന്ത്രത്തിലൂന്നി ജനങ്ങളെയും ഗംഗയെയും ബന്ധിപ്പിക്കുകയെന്നതാണ് ‘അര്‍ത്ഥ ഗംഗയുടെ’ കേന്ദ്ര ആശയം. ജന്‍ ഗംഗയും അര്ത്ഥഗംഗയും ഇപ്പോള്‍ നമാമി ഗംഗയെ ജനകീയമാക്കുന്ന എഞ്ചിനുകള്‍ ആയി മാറിയിരിക്കുന്നു. കഴിഞ്ഞ കുറച്ച് മാസങ്ങള്‍ സംഭവബഹുലമായിരുന്നു. ആറ് പുതിയ മേഖലകള്‍ കൂടി അര്ത്ഥഗംഗയ്ക്ക് കീഴില്‍ ഉള്‍പ്പെടുത്തി. സീറോ ബജറ്റ് പ്രകൃതിദത്ത കൃഷി, മലിനജലത്തിന്റെ പുനരുപയോഗവും എക്കല്‍ മണ്ണില്‍ നിന്ന് ധനസമ്പാദനവും, പ്രാദേശിക ഉത്പന്നങ്ങളുടെ പ്രോത്സാഹനം, ‘ഘട്ട് മേ ഹാത്ത്’, തുടങ്ങിയ ഉപജീവന അവസരങ്ങള്‍, ആയുര്‍വേദവും ഔഷധ സസ്യകൃഷിയും, വര്‍ധിച്ച സഹവര്‍ത്തിത്വം ഉറപ്പാക്കിയുള്ള പൊതുജന പങ്കാളിത്തം, സാംസ്കാരിക പൈതൃകവും വിനോദസഞ്ചാരവും പ്രോത്സാഹിപ്പിക്കുന്നതിനായി കമ്മ്യൂണിറ്റി ജെട്ടി മുഖേനയുള്ള ബോട്ട് ടൂറിസം, യോഗ-സാഹസിക വിനോദസഞ്ചാരം-ഗംഗാ ആരതി എന്നിവയുടെ പ്രോത്സാഹനം, മെച്ചപ്പെട്ട വികേന്ദ്രീകൃത ജലസംഭരണത്തിനായി പ്രാദേശിക ശേഷി വര്‍ദ്ധിപ്പിച്ചുകൊണ്ടുള്ള സ്ഥാപന നിര്‍മ്മാണം തുടങ്ങിയവയാണ് പുതിയ മേഖലകള്‍. പ്രധാനമന്ത്രി സൂചിപ്പിച്ചതുപോലെ ജലജ് കേന്ദ്രങ്ങള്‍ സ്ഥാപിക്കുന്നത് സുസ്ഥിരമായ നദീകേന്ദ്രീകൃത സാമ്പത്തിക മാതൃക കെട്ടിപ്പടുക്കുന്നതിനുള്ള ഒരു ചുവടുവെപ്പാണ്. 75 ജലജ് കേന്ദ്രങ്ങളില്‍ 26 എണ്ണം ആരംഭിച്ചു കഴിഞ്ഞു. നദീതീരത്ത് താമസിക്കുന്നവര്‍ക്ക് സൗകര്യങ്ങള്‍ ഒരുക്കുന്നതിനും പ്രദേശവാസികള്‍ക്ക് കൈത്താങ്ങ് ലഭ്യമാക്കി ഉപജീവനമാര്‍ഗം സൃഷ്ടിക്കുന്നതിനുമുള്ള ഒരു സംരംഭമാണിത്.
മഹാനായ അടല്‍ജിയുടെ ജന്മവാര്ഷികവും, അമൃത കാലത്തിന്റെ ആഘോഷവേളയും, ഇന്ത്യയുടെ ജി20 അധ്യക്ഷപദവും ഒരുമിച്ചു വരുന്ന ഈ അവസരത്തില്‍ നമാമി ഗംഗയുടെ പുതിയ ഘട്ടവും ആരംഭിക്കുകയാണ്. ‘ഇന്ത്യ കേവലം ഒരു തുണ്ട് ഭൂമിയല്ലെന്നും കല്ലുകളിലെല്ലാം ശിവനെയും ഓരോ തുള്ളി ജലത്തിലും ഗംഗയെയും ദര്‍ശിക്കുന്ന നാടാണിതെന്നും’ ഒരിക്കല്‍ അടല്‍ജി പറഞ്ഞിരുന്നു. അദ്ദേഹത്തിന്റെ സ്വപ്നം നാം സാക്ഷാത്കരിക്കുന്നത് കാണുമ്പോള്‍ ആ അതികായന് തീര്‍ച്ചയായും സ്വര്‍ഗത്തിലിരുന്ന് പുഞ്ചിരിക്കുന്നുണ്ടാകും. ‘ഒരു ഭൂമി ഒരു കുടുംബം ഒരു ഭാവി’ അഥവാ വസുധൈവ കുടുംബകം എന്ന ആശയത്തില്‍ ഉറച്ച്, പരിസ്ഥിതി സംരക്ഷണത്തില്‍ നേതൃസ്ഥാനം ഏറ്റെടുക്കുന്ന രാജ്യത്തിന്റെ ആഗോള വേദിയിലെ ഉയര്‍ച്ചയില്‍ അദ്ദേഹം തീര്‍ച്ചയായും അഭിമാനിക്കുന്നുണ്ടാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: