മുംബൈ: ബാറ്റിങ്ങില്‍ തെല്ലൊന്നു പതറിയെങ്കിലും അരങ്ങേറ്റക്കാരന്‍ പേസര്‍ ശിവം മാവി നാലു വിക്കറ്റുമായി നിറഞ്ഞാടിയപ്പോള്‍ ഹാര്‍ദിക് പാണ്ഡ്യയുടെ നേതൃത്വത്തിലുള്ള യുവ ഇന്ത്യക്ക് അവസാന പന്തില്‍ ജയം. ആദ്യ ട്വന്റി ട്വന്റിയില്‍ ശ്രീലങ്കയെ രണ്ട് റണ്‍സിന് തോല്‍പ്പിച്ച് ഇന്ത്യ പരമ്പരയില്‍ 1-0ന് മുന്നില്‍. സ്‌കോര്‍: ഇന്ത്യ-162/5 (20), ശ്രീലങ്ക-160 (20).
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഇന്ത്യയ്‌ക്ക് തുണയായത് ദീപക് ഹൂഡയും (23 പന്തില്‍ പുറത്താകാതെ 41) അക്‌സര്‍ പട്ടേലും (20 പന്തില്‍ 31) ചേര്‍ന്ന സഖ്യം. ആറാം വിക്കറ്റില്‍ ഇവര്‍ ചേര്‍ത്ത 68 റണ്‍സാണ് ഇന്ത്യയെ പൊരുതാവുന്ന സ്‌കോറിലെത്തിച്ചത്. ഹൂഡ ഒരു ഫോറും നാല് സിക്‌സും നേടിയപ്പോള്‍ അക്‌സര്‍ മൂന്ന് ഫോറും ഒരു സിക്‌സും അടിച്ചു. ഓപ്പണര്‍ ഇഷാന്‍ കിഷനും (29 പന്തില്‍ 37) ഹാര്‍ദിക് പാണ്ഡ്യയും (27 പന്തില്‍ 29) തുടക്കത്തില്‍ അടിത്തറയൊരുക്കി. ശുഭ്മന്‍ ഗില്‍ (ഏഴ്), സൂര്യകുമാര്‍ യാദവ് (ഏഴ്), സഞ്ജു സാംസണ്‍ (അഞ്ച്) എന്നിവര്‍ നിരാശപ്പെടുത്തി. സൂര്യകുമാറും സഞ്ജുവും അനാവശ്യ ഷോട്ടുകളിലാണ് പുറത്തായത്. ലങ്കയ്‌ക്കായി ദീല്‍ഷന്‍ മധുശങ്ക, മഹീഷ് തീക്ഷ്ണ, ചമിക കരുണരത്‌നെ, ധനഞ്ജയ ഡിസില്‍വ, വാനിന്ദു ഹസരംഗ ഓരോ വിക്കറ്റെടുത്തു.
ക്യാപ്റ്റന്‍ ദാസുന്‍ ഷനകയാണ് ലങ്കയുടെ പോരാട്ടം നയിച്ചത്. 27 പന്തില്‍ മൂന്നു വീതം ഫോറും സിക്‌സുമടക്കം 45 റണ്‍സെടുത്തു. കുശാല്‍ മെന്‍ഡിസ് (28), വാനിന്ദു ഹസരംഗ (21), ചരിത് അസലങ്ക (12), ഭനുക രജപക്ഷെ (10) എന്നിവരും ലങ്കയ്‌ക്കായി രണ്ടക്കം കണ്ടു. ഇന്ത്യക്കായി ഹര്‍ഷല്‍ പട്ടേലും ഉമ്രാന്‍ മാലിക്കും രണ്ടു വീതം വിക്കറ്റെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: