തിരുവല്ല: പാവപ്പെട്ടവര്‍ക്ക് ഭക്ഷ്യസുരക്ഷാ പദ്ധതി പ്രകാരം ഒരു വര്‍ഷത്തേക്ക് കേന്ദ്രം അനുവദിച്ച സൗജന്യ ഭക്ഷ്യധാന്യ വിതരണം വൈകിപ്പിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നടത്തിയ നീക്കം പൊളിഞ്ഞു. സംസ്ഥാനത്ത് ആറിന് ആരംഭിക്കാനിരുന്ന പദ്ധതി കേന്ദ്ര സര്‍ക്കാര്‍ തിങ്കളാഴ്ച നടപ്പാക്കി. ഒരു രാജ്യം ഒരു റേഷന്‍ കാര്‍ഡ് എന്ന നയമനുസരിച്ച് മറ്റു സംസ്ഥാനങ്ങളിലെപ്പോലെ ഇവിടെയും ആരംഭിക്കുകയായിരുന്നു. ജനുവരി മുതലുള്ള വിഹിതത്തിലാണു കേന്ദ്രം സൗജന്യ ഭക്ഷ്യധാന്യ പദ്ധതി പ്രഖ്യാപിച്ചത്. സെര്‍വര്‍ തകരാര്‍ മൂലം ഡിസംബറിലെ വിതരണം ജനുവരി അഞ്ചു വരെ നീട്ടിയതിനാല്‍ ആറു മുതല്‍ പദ്ധതി തുടങ്ങാനിരിക്കുകയായിരുന്നു എന്നാണ് സംസ്ഥാന സര്‍ക്കാര്‍ വിശദീകരണം.
തിങ്കളാഴ്ച ഉച്ചയോടെയാണ് കേന്ദ്രം സൗജന്യ ഭക്ഷ്യധാന്യ വിതരണം തുടങ്ങിയതായി ഭക്ഷ്യമന്ത്രിയുടെ ഓഫീസ് അറിയുന്നത്. ഉടനെ വിതരണം നിര്‍ത്തിവയ്‌ക്കാന്‍ റേഷന്‍ വ്യാപാരികളോടു നിര്‍ദേശിച്ചു. എന്നാല്‍, ഇ-പോസ് യന്ത്രത്തില്‍ സൗജന്യ ഭക്ഷ്യധാന്യ സ്‌കീം വന്നതിനാല്‍ വ്യാപാരികള്‍ അതിനു തയ്യാറായില്ല. രേഖാമൂലം ഉത്തരവിറക്കിയാല്‍ മാത്രമേ വിതരണം നിര്‍ത്തിവയ്‌ക്കാനാകൂവെന്നും അവര്‍ വ്യക്തമാക്കി. കേന്ദ്രത്തിന്റെ സൗജന്യ റേഷന്‍ പദ്ധതി നിലവില്‍ വന്നതോടെ വൈകിട്ടായപ്പോള്‍ ഡിസംബറിലെ വിതരണ തീയതി ജനുവരി അഞ്ചു വരെ നീട്ടിയത് പിന്‍വലിച്ചതായി മന്ത്രിയുടെ ഓഫീസ് അറിയിച്ചു. ഡിസംബറിലെ വിഹിതം വാങ്ങാനുള്ള വിതരണ തീയതി നീട്ടിയത് പിന്‍വലിച്ചതോടെ ലക്ഷക്കണക്കിന് കാര്‍ഡുടമകള്‍ക്ക് റേഷന്‍ വിഹിതം നഷ്ടമാകും. ഭക്ഷ്യവകുപ്പ് ഉദ്യോഗസ്ഥരുടെ പിടിപ്പുകേടും സെര്‍വര്‍ തകരാറും മൂലമാണ് റേഷന്‍ കൃത്യമായി വിതരണം ചെയ്യാന്‍ കഴിയാതിരുന്നതെന്ന് റേഷന്‍ വ്യാപാരികള്‍ പറയുന്നു.
മുന്‍ഗണനാ വിഭാഗങ്ങളില്‍പ്പെട്ട മഞ്ഞ, പിങ്ക് കാര്‍ഡുകള്‍ക്കാണ് കേന്ദ്രം സൗജന്യ ഭക്ഷ്യധാന്യപദ്ധതി പ്രഖ്യാപിച്ചത്. കൊവിഡ് കാലത്തു പ്രഖ്യാപിച്ച പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ അന്നയോജന പദ്ധതി സാധാരണ റേഷനുമായി ലയിപ്പിച്ചായിരുന്നു സൗജന്യ പദ്ധതി.
സംസ്ഥാനത്ത് 1.54 കോടി ആളുകള്‍ക്കാണ് പദ്ധതിയുടെ ഗുണം ലഭിക്കുന്നത്. കേന്ദ്ര സര്‍ക്കാര്‍ സൗജന്യമായി നല്കി വന്നിരുന്ന പിഎംജികെഎവൈ വിഹിതം ഡിസംബറില്‍ വാങ്ങാത്തവര്‍ക്ക് ജനുവരി 10 വരെ വാങ്ങാന്‍ അവസരമുണ്ട്. അരിയും ഗോതമ്പും ഉള്‍പ്പെടെ 84000 ടണ്‍ ധാന്യങ്ങളാണ് കേന്ദ്രസര്‍ക്കാര്‍ ഒരുമാസം സംസ്ഥാനത്തിന് ലഭ്യമാക്കുന്നത്.
അതേസമയം,, കേന്ദ്ര സര്‍ക്കാരിന്റെ സൗജന്യ റേഷന്‍ പദ്ധതി പ്രകാരം സാധനങ്ങള്‍ വാങ്ങുമ്പോള്‍ പ്രത്യേക രസീത് നല്കും. ഇതു സംബന്ധിച്ച് കേന്ദ്രം എല്ലാ സംസ്ഥാനങ്ങള്‍ക്കും നിര്‍ദേശം കൊടുത്തു. സംസ്ഥാന സര്‍ക്കാര്‍ സ്വന്തം നിലയില്‍ എന്തെങ്കിലും നല്കിയാല്‍ അതിനു വേറെ രസീതുണ്ടാകും.
കേന്ദ്രവും സംസ്ഥാനവും നല്കുന്ന റേഷന് വെവ്വേറെ ബയോ മെട്രിക് വിവര ശേഖരണം റേഷന്‍ കടകളിലെ ഇ-പോസ് മെഷീനില്‍ നടത്തണമെന്നും അറിയിച്ചിട്ടുണ്ട്.
ഇ-പോസ് നെറ്റ് വര്‍ക്കില്‍ നിന്ന് കേന്ദ്ര സര്‍ക്കാരിന്റെ അന്ന വിതരണ്‍ പോര്‍ട്ടലുമായി ബന്ധിപ്പിച്ചിട്ടുള്ള സെര്‍വര്‍ മുഖേന റേഷന്‍ വിതരണത്തിന്റെ കണക്ക് കേന്ദ്രത്തിനു നേരിട്ടു ശേഖരിക്കാനാണിത്. ഇക്കാര്യം കാര്‍ഡുടമയെക്കൂടി അറിയിക്കാനാണ് പ്രത്യേക രസീത് നല്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: