ഡോ. ശങ്കര്‍ മഹാദേവന്
(കേന്ദ്ര സാമൂഹ്യ ക്ഷേമ വകുപ്പിനു കീഴിലുള്ള റീഹാബിലിറ്റേഷന്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയില്‍ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗവും സക്ഷമ സംസ്ഥാന വൈസ് പ്രസിഡന്റുമാണ് ലേഖകന്‍)
എല്ലാവര്‍ഷവും ജനുവരി നാലിന് ലൂയിസ് ബ്രെയില്‍ ദിനമായി യുണൈറ്റഡ് നേഷന്‍സ് ആഘോഷിക്കാറുണ്ട്. 2018 മുതലാണ് ഈ ദിനം ആഘോഷിച്ചു വരുന്നത്. അന്ധത അനുഭവിക്കുന്നവര്‍ക്കുള്ള ബ്രെയില്‍ പാഠ്യ പദ്ധതി പ്രോത്സാഹിപ്പിക്കുവാന്‍ വേണ്ടിയാണ് ഈ ദിനം ആചരിക്കുന്നത്. അന്ധര്‍ക്കു വേണ്ടി ലൂയിസ് ബ്രയിലി എന്ന ഫ്രഞ്ച് പൗരന് വര്‍ഷങ്ങള്‍ക്കു മുമ്പ് കണ്ടുപിടിച്ച പാഠ്യ പദ്ധതിയാണിത്. പ്രതലത്തെക്കാള്‍ അല്പം ഉയര്‍ന്നു നില്ക്കുന്ന കുത്തുകളാണ് ഈ സമ്പ്രദായത്തില്‍ അക്ഷരങ്ങളെയോ അക്കങ്ങളെയോ പ്രതിനിധാനം ചെയ്യുന്നത്. കോളങ്ങളിലായി ദീര്‍ഘ ചതുരാകൃതിയില്‍ ക്രമീകരിച്ച 6 കുത്തുകള്‍ കൊണ്ട് അക്കങ്ങള്‍, അക്ഷരങ്ങള്‍, ചിഹ്നങ്ങള്‍ തുടങ്ങിയവയെല്ലാം ഈ രീതിയില്‍ പ്രതിനിധാനം ചെയ്യാന്‍ കഴിയുന്നു. രണ്ട് കോളങ്ങളിലായി ദീര്‍ഘചതുരാകൃതിയില്‍ ക്രമീകരിച്ച 6 കുത്തുകള്‍ കൊണ്ട് അക്കങ്ങള്‍, അക്ഷരങ്ങള്‍, ചിഹ്നങ്ങള്‍, തുടങ്ങിയവയെല്ലാം ഈ രീതിയില്‍ ക്രമീകരിച്ചിരിക്കുന്നു. ഇങ്ങനെയുള്ള 6 കുത്തുകളില്‍, ഉയര്‍ന്നു നില്ക്കുന്ന(തടിച്ചു നില്ക്കുന്ന) കുത്തുകളിലൂടെ വിരലോടിച്ച് അവയെ തിരിച്ചറിഞ്ഞാണ് ഈ ലിപി വായിക്കുന്നത്.
ഫ്രാന്‍സില്‍ ഉള്ള കൂവ്രെ എന്ന ഗ്രാമത്തില്‍ 1809 ല്‍ ലൂയിസ് ബ്രെയിലി ജനിച്ചു. എന്നാല്‍ കുട്ടിക്കാലത്ത് തന്റെ വലതു കണ്ണില്‍ പറ്റിയ ഒരു അപകടം മൂലം പഴുപ്പ് ബാധിച്ച് രണ്ട് കണ്ണിലെയും കാഴ്ച ശക്തി മൂന്നു വയസ്സില്‍ തന്നെ അദ്ദേഹത്തിന് നഷ്ടമായി. കോര്‍ണിയയ്ക്ക് പറ്റിയ മുറിവുകാരണം വന്ന കോര്‍ണിയല്‍ ബ്ലൈന്‍ഡ്നെസ്സ് മൂലമായിരുന്നു കാഴ്ചശക്തി നഷ്ടപ്പെട്ടത്. പാരീസിലുള്ള നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഫോര്‍ ബ്ലൈന്‍ഡ് യൂത്ത് എന്ന സ്ഥാപനത്തില്‍ ചേര്‍ന്ന് പഠിക്കുകയും എന്നാല്‍ അവിടത്തെ അന്ധര്‍ക്കുള്ള ആശയവിനിമ രീതികളോട് പൊരുത്തപ്പെടാന്‍ സാധിക്കാതെ വരികയും ചെയ്തു. 1824ല്‍ തനിക്ക് പതിനഞ്ചു വയസ്സ് മാത്രം പ്രായമുള്ളപ്പോള്‍ അന്ധര്‍ക്കുവേണ്ടി ഒരു പുതിയ ആശയവിനിമയ രീതി അദ്ദേഹം കണ്ടുപിടിച്ചു. അക്കാലത്ത് ചാള്‍സ് ബാര്‍ബിയര്‍ എന്നയാള്‍ ലൂയിസ് പഠിച്ചിരുന്ന സ്കൂള്‍ സന്ദര്‍ശിക്കുകയും രാത്രികാലങ്ങളില്‍ പട്ടാളക്കാര്‍ക്ക് വേണ്ടി ഒരു പുതിയ ആശയവിനിമയ രീതിയെ കുറിച്ച് പറയുകയുമുണ്ടായി. ഇതില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടാണ് ലൂയിസ് തന്റേതായ ബ്രെയില്‍ ലിപിക്ക് രൂപം കൊടുത്തത്. ഇന്ന് ലോകമൊട്ടാകെ കാഴ്ച പരിമിതി ഉള്ളവര്‍ക്കുവേണ്ടിയുള്ള ആശയവിനിമയ രീതികളുടെ തുടക്കം അവിടെ നിന്നായിരുന്നു. ലൂയിസ് മരിച്ച് രണ്ടു വര്‍ഷത്തിനു ശേഷമാണ് ഫ്രഞ്ച് ഭരണകൂടം ലൂയിസ് വികസിപ്പിച്ചെടുത്ത അക്ഷരമാല കാഴ്ചശേഷി ഇല്ലാത്തവരുടെ ഔദ്യോഗിക അക്ഷര മാലയായി അംഗീകരിച്ചത്. ഇന്ന് ലോകത്തിലെ ഭൂരിപക്ഷ രാജ്യങ്ങളും ബ്രെയില്‍ ലിപി അംഗീകരിച്ചിട്ടുണ്ട്, മാത്രമല്ല ജനുവരി 4 ലൂയിസ് ബ്രെയില്‍ ദിനമായി ആചരിക്കുകയും ചെയ്തു വരുന്നു.
എന്താണ് ഈ ദിവസത്തിന്റെ പ്രത്യേകത എന്ന് നോക്കാം. ലൂയിസ് ബ്രെയിലി എന്ന മഹാനായ മനുഷ്യനെ ഈയൊരു ദിനത്തില്‍ ഓര്‍ക്കുകയും അദ്ദേഹം അന്ധര്‍ക്കുവേണ്ടി നല്കിയ സംഭാവനകളെ ആദരപൂര്‍വ്വം സ്മരിക്കുകയും ചെയ്യാം. ബ്രെയിലി സിസ്റ്റത്തെ കുറിച്ച് ലോകത്തിന് പരിചയപ്പെടുത്താനുള്ള ഒരു അവസരമായി ഈ ദിനത്തെ കണക്കാക്കാം. അന്ധതയുടെ ലോകത്ത് വെളിച്ചത്തിന്റെ ഒരു ചെറിയ തിരി തെളിയിക്കാനുള്ള ഒരു അവസരമായി ഈ ദിനത്തെ കണക്കാക്കാം. നേത്രദാനം മഹാദാനമായി പ്രോത്സാഹിപ്പിക്കാം. അന്ധരുടെ അവകാശ സംരക്ഷണത്തിനു വേണ്ടിയുള്ള പോരാട്ടത്തിന്റെ ഓര്‍മ്മക്കായി ഈ ദിവസത്തെ കണക്കാക്കാം. കാഴ്ചയില്ലാത്തവര്‍ക്കും കാഴ്ച പരിമിതി ഉള്ളവര്‍ക്കും വായിക്കാനും ആശയവിനിമയത്തിനുമുള്ള നവ കാഴ്ചപ്പാടുകള്‍ പരിചയപ്പെടുത്തുന്ന ദിനമായി ഇതിനെ കണക്കാക്കാം.
ഭിന്നശേഷിക്കാര്‍ക്ക് വേണ്ടി ദേശീയതലത്തില്‍ പ്രവര്‍ത്തിക്കുന്ന സംഘടനയാണ് സമദൃഷ്ടി ക്ഷമതാവികാസ് ഏവം അനുസന്ധാന്‍ മണ്ഡല് അഥവാ സക്ഷമ എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന സംഘടന. കേന്ദ്ര സാമൂഹ്യ ക്ഷേമ വകുപ്പ് അംഗീകരിച്ച 21 ഭിന്നശേഷികള്‍ക്കും ഒരുപോലെ പ്രാധാന്യം നല്കുന്ന ഭാരതത്തിലെ ഏക സംഘടനയാണ് സക്ഷമ. ഭിന്നശേഷിക്കാരുടെ ക്ഷേമപ്രവര്‍ത്തനങ്ങളില്‍ മാത്രം ഒതുങ്ങി നില്‍ക്കാതെ ഭിന്നശേഷി മേഖലയെ സംബന്ധിച്ചുള്ള പഠനങ്ങള്‍, ഗവേഷണ നിരീക്ഷണങ്ങള്‍, പുതിയ പദ്ധതികള്‍ തുടങ്ങിയ മികവാര്‍ന്ന പ്രവര്‍ത്തനങ്ങളും സക്ഷമ ഏറ്റെടുത്തു നടത്തുന്നു. ഭിന്നശേഷിക്കാര്‍ക്ക് പരിശീലനം നല്കി അവരുടെ ജീവിത നിലവാരം ഉയര്‍ത്തി സ്വയം പര്യാപ്തരാക്കുകയും ദേശീയ ധാരയിലേക്ക് ഉയര്‍ത്തുകയും ചെയ്യുക എന്നത് സക്ഷമയുടെ ഒരു പ്രഖ്യാപിത ലക്ഷ്യമാണ്. ഭിന്നശേഷിയുള്ളവര്‍ക്കുവേണ്ടി നിരവധി ക്ഷേമപ്രവര്‍ത്തനങ്ങള്‍ സക്ഷമ സംഘടിപ്പിക്കാറുണ്ട്. കൂടാതെ എല്ലാവര്‍ഷവും ജനുവരി നാലാം തീയതി ലൂയിസ് ബ്രെയിലി ദിനം സക്ഷമ ആഘോഷിക്കാറുണ്ട്.
കോര്‍ണിയയ്ക്ക് ക്ഷതം ബാധിച്ചവരെ വെളിച്ചത്തിന്റെ വഴിയിലേക്ക് നയിക്കാന്‍ സര്‍ക്കാര്‍തലത്തിലും മറ്റും അനവധി പദ്ധതികളുണ്ട്. കോര്‍ണിയ തകരാറുമൂലം കാഴ്ചശക്തി നഷ്ടമായവര്‍ക്ക് വെളിച്ചം പകരാന്‍ സക്ഷമ ആവിഷ്കരിച്ച പദ്ധതിയാണ് ‘കോര്‍ണിയ അന്ധത മുക്ത ഭാരത് അഭിയാന്’. അംഗ പരിമിതിയുടെ പേരില്‍ സമൂഹത്തില്‍ പാര്‍ശ്വവല്‍ക്കരിക്കപ്പെടേണ്ടവരല്ല ഭിന്നശേഷിക്കാര്‍ എന്ന് സാക്ഷമ നമ്മെ ഓര്‍മിപ്പിക്കുന്നു. ഇതിനുവേണ്ടി സക്ഷമയുടെ കീഴില്‍ കണ്ണൂരില്‍ പ്രവര്‍ത്തനം ആരംഭിച്ചിട്ടുള്ള സെന്റര്‍ ആണ് സ്വാസ്ഥ്യ എന്ന ഏര്‍ലി ഇന്റര്‍വേഷന്‍ സെന്റര്‍. ഇത്തരത്തിലുള്ള സെന്ററുകള്‍ എല്ലാ ജില്ലാ അടിസ്ഥാനത്തിലും തുടങ്ങേണ്ടതായി ഉണ്ട്.
2011ലെ സെന്‍സസ് പ്രകാരം ജനസംഖ്യയുടെ 2.21% ജനങ്ങള്‍ ഇന്ത്യയില്‍ ഭിന്നശേഷിക്കാരായി ഉണ്ട്. ഇത് ഏതാണ്ട് 2.68 കോടി ജനങ്ങള്‍ വരും. ഇവരെ മുഖ്യധാരയിലേക്ക് കൊണ്ടുവരാന്‍ ഗവണ്മെന്റ് മാത്രം വിചാരിച്ചാല്‍ സാധിക്കുകയില്ല. നിസ്വാര്‍ത്ഥമായി സേവനം ചെയ്യുന്ന സക്ഷമ പോലുള്ള സംഘടനകളുടെ പ്രവര്‍ത്തനങ്ങള്‍ സമൂഹത്തില്‍ വലിയ മാറ്റങ്ങള്‍ സൃഷ്ടിക്കാന്‍ സാധിക്കും. ഓരോ ഭിന്നശേഷി പൗരനും സമൂഹത്തിന്റെ പൊതുസ്വത്താണ് എന്ന അവബോധം പൊതുജനങ്ങളില്‍ സൃഷ്ടിച്ചെടുക്കലാണ് ഈ രംഗത്ത് പ്രവര്‍ത്തിക്കുന്ന സംഘടനകള്‍ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി. ഭിന്നശേഷി എന്നു പറയുന്നത് ഒരു പരിമിതിയല്ല മറിച്ച്, വിഭിന്ന ശേഷിയാണ് എന്ന് പൊതുസമൂഹം ഉള്‍ക്കൊള്ളണം. അങ്ങനെ ചെയ്യുമ്പോള്‍ മാത്രമേ നമ്മള് ഒരു പരിഷ്കൃത സമൂഹമായി മാറുകയുള്ളൂ. സാങ്കേതികവിദ്യകളുടെ സഹായത്തോടുകൂടി ഭാരതത്തെ ഭിന്നശേഷി സൗഹൃദ രാജ്യമാക്കി വാര്‍ത്ത് എടുക്കുക എന്ന വലിയൊരു ലക്ഷ്യം മുന്‍നിര്‍ത്തി നമുക്കേവര്‍ക്കും കൈകോര്‍ത്ത് പ്രവര്‍ത്തിക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: