ഉയര്‍ന്ന മൂല്യമുള്ള നോട്ടുകള്‍ നിരോധിച്ച തീരുമാനം ശരിവച്ചുകൊണ്ടുള്ള സുപ്രീംകോടതി ഭരണഘടനാ ബെഞ്ചിന്റെ വിധി നരേന്ദ്ര മോദി സര്‍ക്കാരിനുള്ള ഏറ്റവും വലിയ അംഗീകാരമാണ്. 500, 1000 രൂപയുടെ നോട്ടുകള്‍ നിരോധിച്ചുകൊണ്ടുള്ള പ്രഖ്യാപനം ആറു വര്‍ഷം മുന്‍പുവന്നത് മുതല്‍ അടിസ്ഥാനരഹിതവും രാഷ്ട്രീയപ്രേരിതവുമായ കാരണങ്ങള്‍ നിരത്തി അതിനെ എതിര്‍ത്തുപോന്നവരുടെ വായടപ്പിക്കുന്നതാണ് ഈ വിധി. ഇങ്ങനെയൊരു തീരുമാനം ആവശ്യമായിരുന്നുവെന്നും, സര്‍ക്കാരിന് അതിനുള്ള അധികാരമുണ്ടെന്നും, റിസര്‍വു ബാങ്കുമായി ആറുമാസം നീണ്ട ആശയവിനിമയം ഇക്കാര്യത്തില്‍ നടന്നിട്ടുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി. നിരോധിച്ച നോട്ടുകള്‍ മാറ്റിയെടുക്കാനുള്ള സമയപരിധി കുറവായിരുന്നെന്ന വാദം തള്ളിക്കളഞ്ഞ കോടതി, കുറച്ചാളുകള്‍ ബുദ്ധിമുട്ടനുഭവിച്ചു എന്ന കാരണത്താല്‍ നോട്ടുനിരോധനം അസാധുവാണെന്നു പറയാനാവില്ലെന്നും വ്യക്തമാക്കി. നോട്ടു നിരോധനത്തിന്റെ പേരില്‍ ജനങ്ങളെ ഇളക്കിവിട്ട് രാജ്യത്ത് കലാപമുണ്ടാക്കാനാണ് കേന്ദ്ര സര്‍ക്കാരിനോട് രാഷ്ട്രീയ ശത്രുതയുള്ള ചില പാര്‍ട്ടികളും നേതാക്കളും ശ്രമിച്ചത്. ഇതിനായി സമൂഹ മാധ്യമങ്ങള്‍ വഴിയും മറ്റും നിരവധി കള്ളക്കഥകള്‍ പ്രചരിപ്പിച്ചു. നോട്ടുമാറ്റിയെടുക്കാന്‍ ക്യൂ നില്ക്കുന്ന ജനങ്ങള്‍ മരിച്ചുവീഴുകയാണെന്നുവരെ പറഞ്ഞുപരത്തി. ഇത് ജനങ്ങളില്‍ ഭീതി വിതച്ചു. ഇപ്പോള്‍ നോട്ടു നിരോധിച്ചു, ഇനി വോട്ടു നിരോധിക്കുമെന്നായിരുന്നു ചിലര്‍ നടത്തിയ വിദ്വേഷ പ്രചാരണം. ജനങ്ങളില്‍ അരക്ഷിതാവസ്ഥ സൃഷ്ടിച്ച് അവരെ കേന്ദ്ര സര്‍ക്കാരിനെതിരെ തിരിക്കാമെന്നും, രാഷ്ട്രീയ മുതലെടുപ്പ് നടത്താമെന്നും വ്യാമോഹിച്ചവര്‍ സുപ്രീംകോടതി വിധിയോടെ തുറന്നുകാട്ടപ്പെട്ടു.
അന്‍പതിലേറെ ഹര്‍ജികള്‍ പരിഗണിച്ച കോടതി കേന്ദ്ര സര്‍ക്കാരിന്റെയും റിസര്‍വ് ബാങ്കിന്റെയും വിശദീകരണങ്ങള്‍ തേടിയിരുന്നു. കള്ളനോട്ടും കള്ളപ്പണ ഇടപാടും, ഇതുപയോഗിച്ചുള്ള ഭീകരപ്രവര്‍ത്തനവും മയക്കുമരുന്നുകടത്തും തടയുക എന്ന ലക്ഷ്യത്തോടെയാണ് നോട്ടുനിരോധനം കൊണ്ടുവന്നതെന്ന സര്‍ക്കാരിന്റെ വാദം പൂര്‍ണമായി കോടതി അംഗീകരിച്ചു. സര്‍ക്കാരിന്റെ ഉദ്ദേശ്യ ശുദ്ധിയില്‍ സംശയമില്ലെന്നും, ലക്ഷ്യപ്രാപ്തി കൈവരിക്കാനായോ എന്നത് പ്രസക്തമല്ലെന്നും കോടതി പറഞ്ഞിരിക്കുന്നു. ഇതിനെക്കാള്‍ മെച്ചപ്പട്ട ഒരു വിധി സര്‍ക്കാരിന് ലഭിക്കാനില്ല. എന്നിട്ടും ചില മാധ്യമങ്ങള്‍ ആശ്വാസ വിധിയെന്നൊക്കെ പറയുന്നത് ജനങ്ങളെ തുടര്‍ന്നും തെറ്റിദ്ധരിപ്പിക്കാന്‍ വേണ്ടിയാണ്. അഞ്ചംഗ ബെഞ്ചില്‍ ഒരംഗം ഭിന്നവിധിയാണ് പറഞ്ഞത്. ഈ വിധിന്യായം ഉയര്‍ത്തിപ്പിടിച്ച് ഭൂരിപക്ഷ വിധിന്യായത്തെ തമസ്കരിക്കാനാണ് ചിലര്‍ ശ്രമിക്കുന്നത്. ഭൂരിപക്ഷ വിധിയല്ല, ന്യൂനപക്ഷ വിധിയാണ് പ്രസക്തമെന്നും അതാണ് പ്രാബല്യത്തില്‍ വരാന്‍ പോകുന്നത് എന്നുമാണ് ഇക്കൂട്ടര്‍ പറയുന്നതു കേട്ടാല്‍ തോന്നുക. അതേസമയം ഭൂരിപക്ഷ വിധിന്യായത്തോട് വിയോജിച്ച ജഡ്ജിയും സര്‍ക്കാരിന്റെ ഉദ്ദേശ്യശുദ്ധിയെയും ലക്ഷ്യങ്ങളെയും അംഗീകരിച്ചു എന്നതാണ് ശ്രദ്ധേയം. ചില നടപടിക്രമങ്ങളോടു മാത്രമാണ് ഭിന്നവിധി വിയോജിപ്പു പ്രകടിപ്പിച്ചത്. നിയമനിര്‍മാണത്തിലൂടെ വേണമായിരുന്നു നോട്ട് നിരോധനമെന്ന വാദം ഭൂരിപക്ഷ വിധിന്യായം തള്ളിക്കളയുന്നുമുണ്ട്. മുന്‍കാലത്ത് ഇങ്ങനെ നടന്നിട്ടുണ്ടെങ്കിലും വിജ്ഞാപനത്തിലൂടെ ഇത്തരമൊരു നടപടിയെടുക്കാന്‍ സര്‍ക്കാരിന് അധികാരമില്ലെന്നു പറയാന്‍ കഴിയില്ലെന്ന് വ്യക്തമാക്കിക്കൊണ്ടായിരുന്നു ഇത്. സര്‍ക്കാരിനെ അനുകൂലിച്ച് ന്യൂനപക്ഷ വിധിന്യായത്തില്‍ പറയുന്നതുകൂടി കണക്കിലെടുക്കുമ്പോള്‍ സമ്പൂര്‍ണ വിധിയാണ് നോട്ട് നിരോധനത്തെ അനുകൂലിച്ച് ഉണ്ടായിരിക്കുന്നതെന്നു പറയാം.
സുപ്രീംകോടതി വിധി സര്‍ക്കാരിനാണ് തിരിച്ചടിയെന്നു പ്രചരിപ്പിക്കുന്നവര്‍ എന്തൊക്കെയായിരുന്നു ഹര്‍ജിയിലെ ആവശ്യങ്ങള്‍ എന്നു ബോധപൂര്‍വം വിസ്മരിക്കുകയാണ്. നോട്ട് നിരോധിച്ചുകൊണ്ടുള്ള ഉത്തരവ് റദ്ദാക്കണം, നോട്ടുകള്‍ തിരിച്ചെടുക്കാന്‍ ഇനിയും സമയം അനുവദിക്കണം എന്നൊക്കെയായിരുന്നു ആവശ്യങ്ങള്‍. ഇവയെല്ലാം തള്ളുകയാണ് കോടതി ചെയ്തത്. എന്നിട്ടും, ഹര്‍ജിക്കാരിലൊരാളു കൂടിയായ കോണ്‍ഗ്രസ് നേതാവ് പി. ചിദംബരം ന്യൂനപക്ഷവിധിയുടെ പേരില്‍ ആഹ്ലാദിക്കുകയാണ്. നോട്ടുനിരോധനത്തിനെതിരെ വിഷലിപ്തമായ പ്രചാരണം നടത്തി സ്വന്തം പാര്‍ട്ടി യജമാനന്മാരെ സന്തോഷിപ്പിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണിത്. പ്രതിപക്ഷത്തിന്റെ ദുഷ്ടലാക്ക് തുടക്കം മുതല്‍ തന്നെ വ്യക്തമായിരുന്നു. നോട്ടു നിരോധനത്തിന് പിന്നാലെ നടന്ന ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിലും തുടര്‍ന്നു നടന്ന ലോക്സഭാ തെരഞ്ഞെടുപ്പിലും ബിജെപിയും നരേന്ദ്ര മോദിയും വന്‍ വിജയം നേടിയതോടെ ഈ പദ്ധതി പരാജയപ്പെട്ടു. എന്നിട്ടും പിന്മാറാതെ കോടതിയില്‍നിന്ന് അനുകൂല വിധി സമ്പാദിക്കാനാണ് നോക്കിയത്. ഇങ്ങനെയൊന്ന് ലഭിച്ചിരുന്നെങ്കില്‍ അത് അടുത്തലോക്സഭാ തെരഞ്ഞെടുപ്പില്‍ പ്രചാരണായുധമാക്കാം. റഫാല്‍ യുദ്ധവിമാനം വാങ്ങാനുള്ള കരാര്‍ വിഷയത്തിലും പെഗാസസ് വിഷയത്തിലും പരമോന്നത കോടതിയില്‍നിന്ന് ലഭിച്ചതുപോലുള്ള കനത്ത തിരിച്ചടിയാണ് ഇപ്പോഴും സുപ്രീംകോടതിയില്‍നിന്ന് കേന്ദ്ര സര്‍ക്കാര്‍ വിരുദ്ധര്‍ക്ക് ലഭിച്ചിരിക്കുന്നത്. അന്ധമായ രാഷ്ട്രീയ വിരോധം മാറ്റിവച്ച് ജനാധിപത്യ ശൈലിയില്‍ പെരുമാറാനുള്ള വിവേകം ഇനിയെങ്കിലും പ്രതിപക്ഷ പാര്‍ട്ടികള്‍ കാണിക്കേണ്ടിയിരിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: