കൊച്ചി : പോപ്പുലര്‍ ഫ്രണ്ട് കേന്ദ്രങ്ങളിലെ തെരച്ചിലിനെ തുടര്‍ന്ന് ആയുധങ്ങള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് അറസ്റ്റിലായ മുഹമ്മദ് മുബാറക്ക് അഞ്ചുദിവസം എന്‍ഐഎ കസ്റ്റഡിയില്‍. മുഹമ്മദ് മുബാറക്കിനെ പോപ്പുലര്‍ ഫ്രണ്ട് പരിശീലനവുമായി ബന്ധപ്പെട്ട് വിശദമായി ചോദ്യം ചെയ്യേണ്ടതുണ്ടെന്ന് എന്‍ഐഎ കോടതിയില്‍ അറിയിച്ചതിന്റെ അടിസ്ഥാനത്തിലാണ് കസ്റ്റഡിയില്‍ വിട്ടിരിക്കുന്നത്.
പോപ്പുലര്‍ ഫ്രണ്ടിന്റെ പ്രധാന ആയുധ പരിശീലകരില്‍ ഒരാളാണ് മുബാറക്കെന്നാണ് എന്‍ഐഎ കോടതിയില്‍ അറിയിച്ചത്. എന്നാല്‍ ഇയാള്‍ ആയോധന കലാ പരിശീലന സ്ഥാപനം നടത്തുന്നുണ്ട്. പിഎഫ്ഐ ബന്ധമില്ലെന്നും പ്രതിഭാഗം അറിയിച്ചെങ്കിലും കോടതി കസ്റ്റഡിയില്‍ വിടുകയായിരുന്നു.
പോപ്പുലര്‍ ഫ്രണ്ട് കേന്ദ്രങ്ങളില്‍ കഴിഞ്ഞ ദിവസം നടത്തിയ റെയ്ഡിനെ തുടര്‍ന്നാണ് എടവനക്കാട് സ്വദേശി അഡ്വ മുഹമ്മദ് മുബാറക്കിനെ പോലീസ് അറസ്റ്റ് ചെയ്തത്. പോപ്പുലര്‍ ഫ്രണ്ട് രൂപീകരിച്ച ഹിറ്റ് സ്ക്വാഡിലെ അംഗമായിരുന്നു. മുഹമ്മദ് മുബാറക്കെന്നാണ് എന്‍ഐഎ കോടതിയെ അറിയിച്ചിരിക്കുന്നത്. 20 മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലിന്റേയും തെരച്ചിലിനേയും തുടര്‍ന്നാണ് എന്‍ഐഎ സംഘം ഇയാളെ അറസ്റ്റ് ചെയ്തത്.
പോപ്പുലര്‍ ഫ്രണ്ടിന്റെ ആദ്യകാല പ്രവര്‍ത്തകനാണ് മുബാറക്ക്. നിരോധിത സംഘടനയെ പുനരുജ്ജീവിക്കാന്‍ ഇയാള്‍ ശ്രമങ്ങള്‍ നടത്തുന്നതായി എന്‍ഐഎ തിരിച്ചറിഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് നടപടി. കുംഫൂ അടക്കമുള്ള ആയോധന കലകളില്‍ പണ്ടേ തന്നെ വിദഗ്ധനാണ്. മൂന്നുവര്‍ഷം മുന്‍പാണ് അഭിഭാഷകനായി മുബാറക് കൊച്ചി നഗരത്തിലെത്തിയത്. എന്നാല്‍ ഹൈക്കോടതിയില്‍ അധികം കണ്ടവരില്ല.
ദേശീയ അന്വേഷണ ഏജന്‍സി അറസ്റ്റു ചെയ്തപ്പേഴാണ് മുബാറക്കിന് ആരുമറിയാത്ത മറ്റു ചില പശ്ചാത്തലങ്ങള്‍ കൂടി ഉണ്ടായിരുന്നെന്ന് പുറം ലോകമറിയുന്നത്. ഇയാളുടെ വീട്ടില്‍ നിന്ന് കണ്ടെത്തിയ മഴു എന്ന് തോന്നിപ്പിക്കും വിധമുളള ആയുധങ്ങള്‍ തീവ്രവാദ ശക്തികള്‍ ആയുധ പരിശീലനത്തിന് കാലങ്ങളായി ഉപയോഗിക്കുന്നതാണെന്നും തിരിച്ചറിഞ്ഞിട്ടുണ്ട്. കൊച്ചി നഗരത്തില്‍ മുബാറക്കുമായി സൗഹൃദമുണ്ടായിരുന്ന ചില യുവ അഭിഭാഷകര്‍, ചില ഓണ്‍ലൈന്‍ മാധ്യമപ്രവര്‍ത്തകരും എന്‍ഐഎയുടെ അന്വേഷണ പരിധിയിലുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: