മുംബൈ: പുതിയ വര്‍ഷത്തില്‍ ഒരു പുതിയ തുടക്കത്തിനൊരുങ്ങുകയാണ് ട്വന്റി20യില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം. രോഹിത് ശര്‍മയും വിരാട് കോഹ്‌ലിയും കെ.എല്‍. രാഹുലുമില്ലാതെ ഹാര്‍ദിക് പാണ്ഡ്യയുടെ നേതൃത്വത്തില്‍ യുവനിര രംഗത്ത്. 2024ലെ ട്വന്റി20 ലോകകപ്പ് ലക്ഷ്യമിട്ടുള്ള ടീം കെട്ടിപ്പടുക്കലിനും പരിമിത ഓവര്‍ ക്രിക്കറ്റില്‍ രോഹിതിന്റെ പിന്‍ഗാമിയായി ഹാര്‍ദിക്കിന്റെ ആരോഹണത്തിനും ഒരുപക്ഷെ, ഈ പരമ്പര മറുപടി നല്കിയേക്കാം.
ഗുജാറത്ത് ടൈറ്റന്‍സിനെ ഐപിഎല്‍ കിരീടത്തിലേക്കു നയിച്ച ശേഷം ഹാര്‍ദിക് നയിച്ച പരമ്പരകളില്‍ ടീം മികച്ച പ്രകടനം നടത്തിയിരുന്നു. ട്വന്റി20യിലെ നമ്പര്‍ വണ്‍ ബാറ്റര്‍ സൂര്യകുമാര്‍ യാദവാണ് ഹാര്‍ദിക്കിന്റെ ഉപനായകന്‍. പുതിയൊരു ഓപ്പണിങ് സഖ്യത്തിന്റെ കേളികൊട്ടാകും പരമ്പര. ബംഗ്ലാദേശിനെതിരായ ഏകദിന പരമ്പരയില്‍ വേഗമേറിയ ഇരട്ടശതകം നേടി ഞെട്ടിച്ച വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ഇഷാന്‍ കിഷനാകും ഒരു വശത്ത്. ഋതുരാജ് ഗെയ്‌ക്ക്‌വാദും ശുഭ്മന്‍ ഗില്ലുമാണ് രണ്ടാം സ്ഥാനത്തിനായുള്ളത്. അതില്‍ ഋതുരാജിനാണ് മുന്‍തൂക്കം. മുന്‍പ് ദേശീയ ടീമില്‍ കളിച്ചതിന്റെ പരിചയസമ്പത്ത്. ശുഭ്മന്നാകട്ടെ ട്വന്റി20യില്‍ ഇതുവരെ കളിച്ചിട്ടില്ല. മൂന്നാമനായി സൂര്യകുമാറും നാലാമനായി ഹാര്‍ദിക്കും എത്തും. ബൗളിങ് സേവനം കൂടി ലക്ഷ്യമിട്ടാല്‍ ദീപക് ഹൂഡയ്‌ക്ക് അവസരമൊരുങ്ങും. അവസാന ബാറ്റിങ് സ്ഥാനത്തിന് സഞ്ജു സാംസണിനാണ് മുന്‍തൂക്കം. ഇതുവരെ രാജ്യാന്തര മത്സരം കളിക്കാത്ത രാഹുല്‍ ത്രിപാഠിയേക്കാള്‍ സഞ്ജുവിനെ തുണയ്‌ക്കുന്നത് രാജ്യാന്തര പരിചയം.
അര്‍ഷദീപ് സിങ്ങും ഹര്‍ഷല്‍ പട്ടേലുമാകും പേസ് ആക്രമണം തുടങ്ങുക. സ്‌പെഷ്യലിസ്റ്റ് സ്പിന്നര്‍ എന്ന നിലയില്‍ യുസ്‌വേന്ദ്ര ചഹലിന് സാധ്യത. സ്പിന്നിങ് ഓള്‍റൗണ്ടര്‍മാരെ പരിഗണിച്ചാല്‍ വാഷിങ്ടണ്‍ സുന്ദറും അക്‌സര്‍ പട്ടേലും ഇടംപിടിക്കും. മൂന്നാമതൊരു പേസറുണ്ടെങ്കില്‍ ഉമ്രാന്‍ മാലിക്കിനാണ് സാധ്യത. വിദേശ മണ്ണില്‍ ട്വന്റി20യിലും ഏകദിനത്തിലും കളിച്ചിട്ടുണ്ട് മാലിക്ക്. ആഭ്യന്തര രംഗത്തെ മിന്നും താരങ്ങള്‍ മുകേഷ് കുമാറും ശിവം മാവിയുമാണ് മറ്റ് രണ്ട് പേസര്‍മാര്‍. വിഖ്യാതമായ വാംഖ്‌ഡെയിലെ റണ്ണൊഴുകും പിച്ചില്‍ ഏത് ടീം കോമ്പിനേഷനാകും ഹാര്‍ദിക് തെരഞ്ഞെടുക്കയെന്ന് കണ്ടറിയണം.
ഏഷ്യാ കപ്പ് ചാമ്പ്യന്മാരെന്ന പകിട്ടോടെയാണ് ശ്രീലങ്ക എത്തുന്നത്. കഴിഞ്ഞ വര്‍ഷം ഏഷ്യാ കപ്പില്‍ ഇന്ത്യയെ തോല്‍പ്പിച്ചിരുന്നു ദാസുന്‍ ഷനക നയിക്കുന്ന താരതമ്യേന യുവനിരയടങ്ങിയ ടീം. പക്ഷെ, അതിനു മുന്‍പ് മൂന്നു മത്സര പരമ്പരയിലെ മൂന്നു ഇന്ത്യ ജയിച്ചിരുന്നു. ബാറ്റ് കൊണ്ടും പന്തു കൊണ്ടും കളി തിരിക്കുന്ന ദാസുന് പുറമെ ട്വന്റി20യിലെ മിന്നും ബൗളര്‍മാരിലൊരാളായ വാനിന്ദു ഹസരംഗ, ബാറ്റിങ്ങിലെ നെടംതൂണ്‍ ഭാനുക രജപക്ഷെ എന്നിവരുടെ സാന്നിധ്യവും മുതല്‍ക്കൂട്ട്. പാത്തും നിസങ്ക, അവിഷ്‌ക ഫെര്‍ണാണ്ടൊ, കുശാല്‍ മെന്‍ഡിസ്, ധനഞ്ജയ ഡിസില്‍വ, മഹീഷ് തീക്ഷ്ണ തുടങ്ങിയവരും കരുത്താകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: