മലപ്പുറം: ഉണ്ണി മുകുന്ദന് നായകനായി പുറത്തിറങ്ങിയ ‘മാളികപ്പുറം’ സിനിമയെ പ്രകീര്‍ത്തിച്ചുള്ള കുറിപ്പ് സോഷ്യല്‍മീഡീയയില്‍ പങ്കുവെച്ച യുവകലാസാഹിതിപൊന്നാനി മണ്ഡലം സെക്രട്ടറിയും സിപിഐ പ്രാദേശിക നേതാവുമായ ജനയുഗം ലേഖകന്‍ സി. പ്രഗിലേഷിനെതിരേ സൈബര്‍ ആക്രമണം. വെള്ളിയാഴ്ചയാണ് സിനിമ കണ്ടിറങ്ങിയശേഷം സി.പി.ഐ. പ്രവര്‍ത്തകനും യുവകലാസാഹിതി പൊന്നാനി മണ്ഡലം സെക്രട്ടറിയുമായ സി. പ്രഗിലേഷ് ഫെയ്സ്ബുക്കില്‍ കുറിപ്പിട്ടത്. ഇതിനെ വിമര്‍ശിച്ചുകൊണ്ട് സി.പി.എം. അനുഭാവിയും നരണിപ്പുഴ റോഡരികില്‍ ചായക്കട നടത്തുന്നയാളുമായ ഭഗവാന് രാജന് മറുകുറിപ്പുമായി രംഗത്തുവന്നു. തുടര്‍ന്ന് സി.പി.എം. അനുഭാവികളും സി.പി.ഐ. അനുഭാവികളും പരസ്പരം നവമാധ്യമങ്ങളിലൂടെ പോരടിച്ചു.
പ്രിഗിലേഷിന്റെ ശോഭ ലൈറ്റ് & സൗണ്ട്സ് എന്ന സ്ഥാപത്തിന് നേരെയാണ് രാത്രിയുടെ മറവില്‍ സിപിഎം പ്രവര്‍ത്തകര്‍ ആക്രമണം നടത്തിയത്. സ്ഥാപനത്തിനോട് ചേര്‍ന്ന് സൂക്ഷിച്ചിരുന്ന എല്‍ഇഡി ലൈറ്റ് ബോഡുകള്‍, സ്വാഗത ബോര്‍ഡുകള്‍, ഫഌ്സ് ബോഡുകള്‍ തുടങ്ങിയവ തച്ചു തകര്‍ക്കുകയും അയ്യപ്പ ചിത്രങ്ങള്‍ അടങ്ങിയ ഫഌ്സുകള്‍ കീറി വികൃതമാക്കുകയും ചിലവസ്തുക്കള്‍ അഗ്നിക്ക് ഇരയാക്കുകയും ചെയ്തു. തിങ്കളാഴ്ച രാവിലെ കടതുറക്കാന്‍ എത്തിയപ്പോഴാണ് അക്രമം നടന്ന കാര്യം ശ്രദ്ധയില്‍ പെട്ടതെന്ന് പ്രിഗിലേഷ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: