കോട്ടയം: മാധ്യമ സ്വാതന്ത്ര്യത്തില്‍ സര്‍ക്കാര്‍ യാതൊരു ഇടപെടലുകളും നടത്തില്ലെന്ന് കേന്ദ്ര വാര്‍ത്താ വിനിമയ പ്രക്ഷേപണ വകുപ്പ് സഹമന്ത്രി ഡോ. എല്‍. മുരുഗന്‍ പറഞ്ഞു. വാര്‍ത്തകള്‍ സത്യസന്ധമായി ജനങ്ങളിലേക്ക് എത്തിക്കേണ്ടത് മാധ്യമങ്ങളുടെ കടമയാണെന്നും അദ്ദേഹം പറഞ്ഞു. കോട്ടയത്തെ പാമ്പാടിയിലുള്ള ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മാസ് കമ്മ്യൂണിക്കേഷന്‍ (ഐ.ഐ.എംസി ) സന്ദര്‍ശിക്കുകയായിരുന്നു അദ്ദേഹം.
വ്യാജ വാര്‍ത്തകളുടെ അതിപ്രസരമുള്ള കാലമാണിതെന്നും മാധ്യമ വിദ്യാര്‍ത്ഥികള്‍ ഇത് വളരെ ശ്രദ്ധയോടെ കൈകാര്യം ചെയ്യണമെന്നും അദ്ദേഹം വിദ്യാര്‍ത്ഥികളെ ഓര്‍മ്മപ്പെടുത്തി. മാധ്യമ പ്രവര്‍ത്തകര്‍ക്ക് ഒട്ടേറെ അവകാശങ്ങള്‍ ഉണ്ടെങ്കിലും അവരുടെ കടമകള്‍ മറക്കരുത് എന്നും അദ്ദേഹം പറഞ്ഞു. വ്യാജ വാര്‍ത്തകളെ തിരിച്ചറിയാന്‍ വിദ്യാര്‍ത്ഥികള്‍ ശ്രമിക്കണമെന്ന് അദ്ദേഹം പറഞ്ഞു.
നേരത്തെ അദ്ദേഹം ഐ ഐ എം സി ക്യാംപസ് സന്ദര്‍ശിച്ചു. വിദ്യാര്‍ത്ഥികള്‍ അവതരിപ്പിച്ച കലാപരിപാടികള്‍ അദ്ദേഹം വീക്ഷിച്ചു. മന്നത്ത് പദ്മനാഭനെക്കുറിച്ചുള്ള പുസ്തകവും കേന്ദ്രസഹമന്ത്രി പ്രകാശനം ചെയ്തു. മന്നത്ത് പദ്മനാഭന്റെ 146ാമത് ജന്മവാര്‍ഷികദിനത്തില്‍, പുസ്തകം പ്രകാശനം ചെയ്യാനായതില്‍ സന്തോഷമുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
ജോസ് കെ മാണി എംപി, തോമസ് ചാഴിക്കാടന്‍ എം.പി., ഐഐഎംസി ഡയറക്ടര്‍ ഡോ. എസ്. അനില്‍ കുമാര്‍, റെജിസ്ട്രാര്‍ ഡോ രാധാകൃഷ്ണന്‍ എന്നിവര്‍ പ്രസംഗിച്ചു. നാളെ കൊച്ചി ഫിഷിംഗ് ഹാര്‍ബര്‍ സന്ദര്‍ശിക്കുന്ന അദ്ദേഹം, വൈകിട്ട് കൊടുങ്ങല്ലൂരിലേക്ക് പോകും. ബുധനാഴ്ച കേന്ദ്ര സഹമന്ത്രി ന്യൂoല്‍ഹിക്ക് മടങ്ങും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: